എന്‍ട്രി ലെവല്‍ ക്രൂയിസറുമായി ട്രയംഫ്; ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം
2018 ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 11.12 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ട്രയംഫ് ബോണവില്‍ ബോബറിനെ അടിസ്ഥാനപ്പെടുത്തിയാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ ഒരുക്കം. 9.56 ലക്ഷം രൂപയാണ് ബോണവില്‍ ബോബറിന്റെ എക്‌സ്‌ഷോറൂം വില.

സിറ്റി റൈഡുകള്‍ക്കാണ് ബോണവില്‍ ബോബറെങ്കില്‍ സമകാലിക ക്രൂയിസര്‍ പരിവേഷമാണ് പുതിയ സ്പീഡ്മാസ്റ്ററിന്. വളഞ്ഞ ഹാന്‍ഡില്‍ബാറുകളും മുന്നോട്ടുള്ള ഫൂട്ട്‌പെഗുകളും ബോണവില്ലിന്റെ 'ക്രൂയിസിംഗ്' വിശേഷങ്ങളാണ്.

ബോണവില്‍ ബോബറിന്റെ എഞ്ചിനിലാണ് ബോണവില്‍ സ്പീഡ്മാസ്റ്ററും വരുന്നത്. സ്പീഡ്മാസ്റ്ററിലുള്ള 1,200 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ 6,100 rpm ല്‍ 76 bhp കരുത്തും 4,000 rpm ല്‍ 106 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലേക്ക് എത്തുക. സ്പീഡ്മാസ്റ്ററിലുള്ള ഷാസി, സ്വിംഗ്ആം, സസ്‌പെന്‍ഷന്‍ എന്നിവയും ബോണവില്‍ ബോബറില്‍ നിന്നും കടമെടുത്തതാണ്.
Recommended Video


രണ്ടു പിസ്റ്റണ്‍ ബ്രെമ്പോ കാലിപ്പറുകളോട് കൂടിയ ഡ്യൂവല്‍ 310 mm ഡിസ്‌ക്കുകള്‍ മുമ്പിലും, നിസിന്‍ കാലിപ്പറോട് കൂടിയ 255 mm സിംഗിള്‍ ഡിസ്‌ക് പിന്നിലും സ്പീഡ്മാസ്റ്ററില്‍ ബ്രേക്കിംഗ് നിറവേറ്റും.

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൈഡ് ബൈ വയര്‍, എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍ എന്നിങ്ങനെ നീളുന്നതാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ മറ്റു വിശേഷങ്ങള്‍.

എല്‍സിഡി മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേയ്ക്ക് ഒപ്പമാണ് അനലോഗ് സ്പീഡോമീറ്റര്‍. ക്രൂയിസര്‍ കണ്‍ട്രോള്‍, രണ്ടു റൈഡിംഗ് മോഡുകള്‍, ടോര്‍ഖ അസിസ്റ്റ് ക്ലച്ച് എന്നിവയും സ്പീഡ്മാസ്റ്ററിന് ലഭിച്ചിട്ടുണ്ട്.

16 ഇഞ്ച് സ്‌പോക്ക് വീലുകളിലാണ് പുതിയ ട്രയംഫ് ക്രൂയിസറിന്റെ വരവ്. 130/90 സെക്ഷന്‍ ഏവണ്‍ ടയര്‍ മുന്നില്‍ ഒരുങ്ങുമ്പോള്‍ 150/80 സെക്ഷന്‍ ഏവണ്‍ ടയറാണ് പിന്നിലുള്ളത്.

ടെലിസ്‌കോപിക് ഫോര്‍ക്കുകളും, അഡ്ജസ്റ്റബിള്‍ പ്രീലോഡുള്ള റിയര്‍ മോണോ ഷോക്കുമാണ് സ്പീഡ്മാസ്റ്ററില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. 12 ലിറ്ററാണ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ ഫ്യൂവല്‍ ടാങ്ക്.

27 കിലോമീറ്റര്‍ ഇന്ധനക്ഷമത ബോണവില്‍ സ്പീഡ്മാസ്റ്റര്‍ കാഴ്ചവെക്കുമെന്നാണ് ട്രയംഫിന്റെ വാദം. 16,000 കിലോമീറ്ററാണ് മോഡലിന്റെ സര്‍വീസ് ഇടവേള.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ്, ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റി എന്നിവരാണ് വിപണിയില്‍ ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്ററിന്റെ പ്രധാന എതിരാളികള്‍. ക്രാന്‍ബെറി റെഡ്, ജെറ്റ് ബ്ലാക്, ഫാന്റം വൈറ്റോടെയുള്ള ഫ്യൂഷന്‍ ബ്ലാക് എന്നീ മൂന്ന് നിറങ്ങളിലാണ് സ്പീഡ്മാസ്റ്റര്‍ ലഭ്യമാവുക.


Click it and Unblock the Notifications








