വള്ളിച്ചെരുപ്പും നിക്കറുമിട്ട് വരുന്നവര്‍ക്ക് ട്രയംഫ് ബൈക്ക് വില്‍ക്കില്ല!
വള്ളിച്ചെരുപ്പും നിക്കറും ഫാഷന്‍ തരംഗമായി യുവതലമുറയ്ക്കിടയില്‍ ഇന്നും തുടരുകയാണ്. എന്നാല്‍ ഇതും ധരിച്ച് ട്രയംഫ് ഷോറൂമില്‍ ബൈക്ക് വാങ്ങാന്‍ ചെന്നാല്‍ വിവരമറിയും. വള്ളിച്ചെരുപ്പും നിക്കറുമിട്ടു വരുന്നവര്‍ക്ക് ബൈക്ക് വില്‍ക്കില്ലെന്ന് ട്രയംഫ് ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ വേഷം ധരിച്ചെത്തിയ പന്ത്രണ്ടോളം പേര്‍ക്ക് ബൈക്ക് വില്‍ക്കാന്‍ കമ്പനി കൂട്ടാക്കിയില്ലെന്ന് ട്രയംഫ് ഇന്ത്യ തലവന്‍ വിമല്‍ സമ്പ്‌ലി പറഞ്ഞു. ഹെല്‍മറ്റ്, റൈഡിംഗ് ബൂട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് – ഇവ മൂന്നുമില്ലാതെ ഉപഭോക്താക്കള്‍ക്ക് ട്രയംഫ് ബൈക്കുകള്‍ വില്‍ക്കില്ല.

എത്ര പണമുണ്ടെന്ന് പറഞ്ഞാലും കൃത്യമായ വേഷവിധാനങ്ങളില്ലാതെ മോഡലുകളെ വില്‍ക്കാന്‍ ട്രയംഫ് ഇന്ത്യ തയ്യാറല്ലെന്ന് വിമല്‍ സമ്പ്‌ലി പറയുന്നു. ഇത്തരത്തില്‍ ഷോറൂമിലേക്ക് കടന്നുവരുന്നവരോട് കൃത്യമായ വേഷം ധരിച്ചുവരാനാണ് ട്രയംഫ് ആവശ്യപ്പെടാറ്.

ചില അവസരങ്ങളില്‍ ഷോറൂമുകള്‍ തന്നെ താത്കാലിക റൈഡിംഗ് ബൂട്ടുകളും ഹെല്‍മറ്റും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇൗ നടപടിയില്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ബൈക്ക് വീട്ടില്‍ എത്തിച്ചു നല്‍കാനും ട്രയംഫ് മുന്‍കൈയ്യെടുക്കാറുണ്ട്.

ബൈക്ക് വാങ്ങുന്നവരുടെ സുരക്ഷയെ മാനിച്ചാണ് കമ്പനിയുടെ ഈ നയം. എന്നാല്‍ കൃത്യമായ വേഷവിധാനമില്ലാതെ ബൈക്ക് വില്‍ക്കില്ലെന്ന് അറിയുമ്പോള്‍ ചില ഉപഭോക്താക്കള്‍ കമ്പനിക്ക് എതിരെ രോഷം കൊള്ളാറുണ്ടെന്നും വിമല്‍ സമ്പ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഏഴു ലക്ഷം രൂപ മുതലാണ് ട്രയംഫിന്റെ ബൈക്ക് നിര. ബോണവില്ലാണ് ട്രയംഫിന്റെ റെട്രോ മോഡേണ്‍ എന്‍ട്രി ലെവല്‍ മോഡല്‍. നിരയില്‍ ഏറ്റവുമുയര്‍ന്ന റോക്കറ്റ് III -യ്ക്ക് വില 22 ലക്ഷം രൂപ.

അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളെന്ന വിശേഷണം ട്രയംഫ് കൈയ്യടക്കിയത്. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിനെ പിന്നിലാക്കിയാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ നേട്ടം.
ഓണ്‍റോഡ്-ഓഫ്‌റോഡ് ശേഷിയുള്ള ടൈഗറുകളും, ഡെയ്‌ടോണ സ്‌പോര്‍ട്‌സ് ബൈക്കുകളും ട്രയംഫ് നിരയില്‍ നിന്നുമേറെ പ്രശസ്തിയാര്‍ജ്ജിച്ച അവതാരങ്ങളാണ്.

ഉടമകൾ ജയിലില്‍ പോകാതിരിക്കാൻ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!
അമിത വേഗതയുടെ പേരില്‍ റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ പതിവ് ജയില്‍ സന്ദര്‍ശകരായ ഒരു കാലമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപഭോക്താക്കള്‍ കമ്പനിയ്ക്ക് ചീത്ത പേരു വരുത്തിവെയ്ക്കുമെന്ന ആശങ്കയാണ് വിചിത്രമായ ഒരു കാര്‍ നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സിനെ പ്രേരിപ്പിച്ചത്.

എന്താണ് സംഭവമെന്നല്ലേ? അമിത വേഗതയ്ക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി 1905 ല്‍ റോള്‍സ് റോയ്‌സ് കണ്ടെത്തിയ മാര്‍ഗമാണ് V8 എഞ്ചിനില്‍ ഒരുങ്ങിയ 'ലീഗല്‍ലിമിറ്റ്' (Rolls-Royce Legallimit). ചീത്തപ്പേര് ഒഴിവാക്കുന്നതിനൊപ്പം വൈദ്യുത കാറുകള്‍ക്കുള്ള കമ്പനിയുടെ മറുപടി കൂടിയായിരുന്നു റോള്‍സ് റോയ്‌സ് ലീഗല്‍ലിമിറ്റ്.

പരാജയങ്ങളുടെ പട്ടികയില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ ഇടംപിടിച്ചിട്ടുള്ളതായി എങ്ങും കേട്ടുകേള്‍വിയില്ല. എന്നാല്‍ കുറ്റങ്ങളും കുറവുകളുമില്ലാത്ത അത്യാഢംബര അവതാരങ്ങള്‍ക്ക് ഇടയില്‍ റോള്‍സ് റോയ്‌സിന് സംഭവിച്ച ആദ്യ 'കിറുക്കന്‍' പിഴവാണ് ലീഗല്‍ലിമിറ്റ്. വിപണിയില്‍ എങ്ങുമെത്താത്ത റോള്‍സ് റോയ്‌സിന്റെ തുടക്കകാലത്താണ് ലീഗല്‍ലിമിറ്റെന്ന ആശയം കമ്പനിക്ക് ഉദിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് പ്രിയം നിശബ്ദമായ വൈദ്യുത കാറുകളാണെന്ന തിരിച്ചറിവാണ് റോള്‍സ് റോയ്‌സിന്റെ ചിന്തകള്‍ക്ക് തീപടര്‍ത്തിയതും. ഒടുവില്‍ ബാറ്ററി കരുത്തില്‍ ഒരുങ്ങിയ ഇത്തരം കാറുകളെ നേരിടുന്നതിന് പുതിയ രണ്ടു കാറുകളെ അവതരിപ്പിക്കാന്‍റോള്‍സ് റോയ്‌സ് തീരുമാനിച്ചു; ഒന്ന് 'അദൃശ്യമായ എഞ്ചിനോട്' കൂടിയതും ഒന്ന് വൈദ്യുത കാറുകള്‍ക്ക് സമാനമായി 'നിശബ്ദമായതും'.

അന്നത്തെ കാലഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട 32 കിലോമീറ്റര്‍ (20 mph) വേഗപരിധിയ്ക്കുള്ളില്‍ പുതിയ കാറുകളെ ഒരുക്കണമെന്നതായിരുന്നു കമ്പനിയുടെ പ്രധാന അജണ്ട. കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ വേഗത കുറഞ്ഞ, നിശബ്ദമായ കാര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ V8 എഞ്ചിനാണ് ഉത്തമമെന്ന് റോള്‍സ് റോയ്‌സ് അങ്ങ് തീരുമാനിച്ചു.

അങ്ങനെ കാര്‍ നിര്‍മ്മാണം തകൃതിയായി തുടങ്ങി. 'അദൃശ്യമായ എഞ്ചിനോട്' കൂടിയ കാറിനെ അവതരിപ്പിക്കാനായിരുന്നു റോള്‍സ് റോയ്‌സ് അന്ന് തിടുക്കം കാട്ടിയത്. കാലഘട്ടത്തിന് വിചിത്രമായ V8 എഞ്ചിനെ കാറിന്റെ ബോഡിയ്ക്ക് കീഴെ പ്രത്യേക അറയിലാണ് കമ്പനി സജ്ജമാക്കിയതും.

കാര്യം പറഞ്ഞാല്‍ ഒരു ലീഗല്‍ലിമിറ്റിനെ പോലും കമ്പനിയ്ക്ക് വിൽക്കാൻ സാധിച്ചില്ല. സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ ലീഗൽലിമിറ്റ് തുടക്കത്തിലെ കനത്ത പരാജയമേറ്റുവെന്ന് സാരം. 12 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 34 കിലോമീറ്റര്‍ വേഗപരിധികള്‍ക്ക് അനുയോജ്യമായ ഗിയര്‍ സംവിധാനമാണ് 'നിശബ്ദ കാർ' എന്ന വിശേഷണത്തിൽ അണിനിരന്ന ലീഗല്‍ലിമിറ്റിന് റോള്‍സ് റോയ്‌സ് നൽകിയത്.

32 കിലോമീറ്ററാണ് അക്കാലത്ത് അനുവദിച്ച വേഗപരിധി എന്നിരിക്കെ 34 കിലോമീറ്റര്‍ പരമാവധി വേഗതയുമായി എത്തിയ ലീഗല്‍ലിമിറ്റ് വിവാദമായില്ല എന്നതും ശ്രദ്ധേയം. ഉദ്ദാഹരണങ്ങളില്ലാത്ത ഏക റോള്‍സ് റോയ്‌സ് മോഡല്‍ കൂടിയാണ് ലീഗല്‍ലിമിറ്റ്. ചരിത്രത്താളുകളില്‍ കുറിയ്ക്കപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ് അത്യാഢംബ മൂര്‍ത്തികളുടെ പരാജയഭാരം വഹിക്കുന്നത്.ഒരു അദൃശ്യമായ എഞ്ചിന്‍ മോഡല്‍ ഉള്‍പ്പെടെ നാല് ലീഗല്‍ലിമിറ്റുകളെ മാത്രമാണ് റോള്‍സ് റോയ്‌സില്‍ നിന്നും ലോകം ഇന്നുവരെയും കണ്ടിരിക്കുന്നത്.
Source: ET Auto


Click it and Unblock the Notifications








