അപാച്ചെ RR310 ന്റെ വില ടിവിഎസ് കുത്തനെ കൂട്ടി. പോയ വര്‍ഷം ഡിസംബറില്‍ അവതരിച്ച ഫ്‌ളാഗ്ഷിപ്പ് ബൈക്കില്‍ 18,000 രൂപ ടിവിഎസ് വര്‍ധിപ്പിച്ചു. 2.23 ലക്ഷം രൂപയാണ് ടിവിഎസ് അപാച്ചെ RR310 ന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില.
നേരത്തെ 2.05 ലക്ഷം രൂപയായിരുന്നു മോഡലിന്റെ പ്രൈസ്ടാഗ്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ടിവിഎസ് ഡീലര്‍മാര്‍ വ്യക്തമാക്കി.
ഇതോടെ കെടിഎം RC390 യും അപാച്ചെ RR310 ഉം തമ്മിലുള്ള വില വ്യത്യാസം 13,000 രൂപയില്‍ താഴെ മാത്രമായി ചുരുങ്ങി. 2.36 ലക്ഷം രൂപയാണ് കെടിഎം RC390 യുടെ എക്‌സ്‌ഷോറൂം വില.
ജനുവരി മുതലാണ് അപാച്ചെ RR310 ന്റെ വിതരണം കമ്പനി ആരംഭിച്ചത്. ബ്ലാക്, റെഡ് നിറങ്ങളിലാണ് ടിവിഎസ് അപാച്ചെ RR310 ന്റെ ഒരുക്കം.
തെരഞ്ഞെടുക്കുന്ന നിറം അടിസ്ഥാനപ്പെടുത്തി ആറു മാസം വരെയാണ് ബൈക്കിന് വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പു സമയവും. ബിഎംഡബ്ല്യു G 310 R ആണ് അപാച്ചെ RR310 ന് ആധാരം.
313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് ബൈക്കില്‍. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.
പതിവിലും വ്യത്യസ്തമായി മുന്‍ ചക്രത്തിന് സമീപമാണ് RR310 ന്റെ എഞ്ചിന്‍. മികവുറ്റ സ്ഥിരത പുലര്‍ത്താന്‍ നീളമേറിയ സ്വിങ്ങ് ആമും കുറഞ്ഞ വീല്‍ബേസും അപാച്ചെയെ സഹായിക്കും.
അപ്‌സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും ബൈക്കിന്റെ പ്രീമിയം വിശേഷങ്ങള്‍. ഇതൊക്കെയാണെങ്കിലും ബൈക്കിന്റെ വില വര്‍ധിപ്പിച്ച നടപടി ടിവിഎസിന് തിരിച്ചടിയാകുമോയെന്ന് കണ്ടറിയണം.
കേവലം 13,000 രൂപയുടെ അകലം മാത്രമാണ് അപാച്ചെ RR310 ഉം, കെടിഎം RC390 യും തമ്മില്‍. RC390 ആണ് ശ്രേണിയില്‍ കരുത്തന്‍. 373 സിസി എഞ്ചിന്‍ 43 bhp കരുത്തും 35 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.
സ്ലിപ്പര്‍ ക്ലച്ചിന്റെ സാന്നിധ്യം കെടിഎം RC390 യ്ക്ക് വിപണിയില്‍ കൂടുതല്‍ മേല്‍ക്കൈ നല്‍കും. കെടിഎം RC390 യ്ക്ക് പുറമെ ബജാജ് ഡോമിനാര്‍ 400, ബെനലി 302R ബൈക്കുകളും അപാച്ചെ RR310 ന്റെ എതിരാളികളാണ്.
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും - Subscribe to Malayalam DriveSpark