ഒന്നിന് പിറകെ ഒന്നായി മോഡലുകളുടെ വില ടിവിഎസ് പുതുക്കുന്നു. ടിവിഎസ് ശ്രേണിയില്‍ പ്രചാരമേറിയ വിഗൊ സ്‌കൂട്ടറിന്റെ വില കുറഞ്ഞു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറഞ്ഞത്.
നേരത്തെ ഫ്‌ളാഗ്ഷിപ്പ് ബൈക്ക് അപാച്ചെ RR310 ല്‍ കമ്പനി 18,000 രൂപ വില കൂട്ടിയിരുന്നു. ഇനി മുതല്‍ 50,165 രൂപയാണ് ടിവിഎസ് വിഗൊയുടെ പുതുക്കിയ വില.
52,165 രൂപയായിരുന്നു മോഡലിന്റെ മുമ്പത്തെ പ്രൈസ്ടാഗ്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. അതേസമയം വിഗൊ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വിലയില്‍ മാറ്റമില്ല. 53,083 രൂപയാണ് ഡിസ്‌ക് ബ്രേക്കുള്ള വിഗൊയുടെ വില.
സ്‌കൂട്ടറിന്റെ വില്‍പന കൂട്ടുകയാണ് പുതിയ നടപടിയിലൂടെ ടിവിഎസിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരി മാസം വില്‍പനയില്‍ വന്‍ ഇടിവാണ് വിഗൊ രേഖപ്പെടുത്തിയത്.
വിഗൊയെ അടിസ്ഥാനപ്പെടുത്തിയുള്ള ജൂപിറ്ററാണെങ്കില്‍ ഭേദപ്പെട്ട വില്‍പന വിപണിയില്‍ കൈവരിക്കുന്നുണ്ടെന്നതും ശ്രദ്ധേയം. ഈ പശ്ചാത്തലത്തിലാണ് വിഗൊയുടെ വില കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനം.
109.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ടിവിഎസ് വിഗൊയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8 bhp കരുത്തും 8.4 Nm torque ഉം സൃഷ്ടിക്കാനാവും.
ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റുമാണ് സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന് വേണ്ടി. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 12 ഇഞ്ച് ബ്ലാക് അലോയ് വീലുകള്‍ എന്നിവ വിഗൊയുടെ വിശേഷങ്ങളാണ്.
16 ലിറ്ററാണ് സ്‌റ്റോറേജ്. മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ടും സ്‌കൂട്ടറിലുണ്ട്. ഹോണ്ട ആക്ടിവ-ഐ, സുസൂക്കി ലെറ്റ്‌സ്, യമഹ റെയ്-സി മോഡലുകളാണ് വിഗൊയുടെ പ്രധാന എതിരാളികള്‍.
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും - Subscribe to Malayalam DriveSpark