സ്‌കൂട്ടര്‍ പോര് മുറുകുന്നു, പുതിയ വെസ്പ നോട്ടെ ഇന്ത്യയില്‍ — വില 70,285 രൂപ
വെസ്പയുടെ പുതിയ പതിപ്പുമായി പിയാജിയോ ഇന്ത്യയില്‍. പുതിയ വെസ്പ നോട്ടെ വിപണിയില്‍ പുറത്തിറങ്ങി. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന വെസ്പ നോട്ടെയ്ക്ക് 70,285 രൂപയാണ് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുതിയ മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്കിംഗ് തുക 2,000 രൂപ.

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച വെസ്പ പതിപ്പാണിപ്പോള്‍ വില്‍പനയ്ക്ക് വന്നിരിക്കുന്നത്. പേരിലുള്ള നോട്ടെ ഇറ്റാലിയന്‍ പദമാണ്. പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് സ്‌കൂട്ടറിന്റെ മുഖ്യവിശേഷം. ക്രോം ഘടകങ്ങള്‍ക്കും അലോയ് വീലുകള്‍ക്കും വരെ കറുപ്പാണ് നിറം.

സാധാരണ വെസ്പയെക്കാള്‍ കൂടുതല്‍ പ്രീമിയം പരിവേഷം വെസ്പ നോട്ടെയ്ക്കുണ്ട്. ബോഡിയിലുള്ള കറുപ്പ് നിറം മാറ്റ് ശൈലിയാണ് പിന്തുടരുന്നത്. വെസ്പ നോട്ടെയിലുള്ള 125 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9.5 bhp കരുത്തും 9.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. രാജ്യാന്തര വിപണികളിലും വെസ്പ നോട്ടെ വില്‍പനയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ രാജ്യാന്തര മോഡലും ഇന്ത്യന്‍ പതിപ്പും തമ്മില്‍ വലിയ വ്യത്യാസമാണ് നിലകൊള്ളുന്നത്.

LX 125 മോഡലിന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ തന്നെയാണ് പുതിയ വെസ്പ നോട്ടെയിലും. ഒരുവശത്തു മാത്രം ഒരുങ്ങുന്ന മുന്‍ സസ്‌പെന്‍ഷന്‍ മോഡലിന്റെ പ്രധാന വിശേഷമാണ്. ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

150 mm, 140 mm ഡ്രം ബ്രേക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ഒരുങ്ങുന്നത്. 114 കിലോയാണ് സ്‌കൂട്ടറിന്റെ ഭാരം. ഗ്രൗണ്ട് ക്ലിയറന്‍സ് 155 mm. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ വെസ്പ നോട്ടെയ്ക്ക് കഴിയും.

ഏഴു ലിറ്ററാണ് സ്‌കൂട്ടറിന്റെ ഇന്ധനശേഷി. ഇന്ത്യയില്‍ റെട്രോ ക്ലാസിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരം കൂടുന്നത് മുന്നില്‍ കണ്ടാണ് വെസ്പ നോട്ടെയുമായുള്ള പിയാജിയോയുടെ വരവ്. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ്, അപ്രീലിയ SR 125 എന്നിവരുമായാണ് പുതിയ വെസ്പ നോട്ടെയുടെ അങ്കം.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം.


Click it and Unblock the Notifications








