യമഹ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചു
യമഹ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചു. പുതുതലമുറ യമഹ YZF-R15 വേര്‍ഷന്‍ 3.0 -യുടെ മുന്‍തലമുറയാണ് R15 വേര്‍ഷന്‍ 2.0. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നിശബ്ദമായാണ് മുന്‍തലമുറ മോഡലിനെ കമ്പനി പിന്‍വലിച്ചത്. പുതിയ R15 വേര്‍ഷന്‍ 3.0 -യുടെ വരവോടുകൂടിയാണ് വേര്‍ഷന്‍ 2.0 വാങ്ങാന്‍ ആളുകള്‍ വരാതായത്.

സാധാരണ പുതുതലമുറ മോഡലുകള്‍ അവതരിക്കുമ്പോള്‍ മുന്‍തലമുറയെ പിന്‍വലിക്കാറാണ് വാഹന ലോകത്ത് പതിവ്. എന്നാല്‍ R15 വേര്‍ഷന്‍ 2.0 മോഡലിനെ പിന്‍വലിക്കാന്‍ തുടക്കത്തില്‍ യമഹ കൂട്ടാക്കിയില്ലെന്നത് ശ്രദ്ധേയം.

പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച ആദ്യ ബൈക്കാണ് യമഹ R15. മുതിര്‍ന്ന R1 മോഡലിനെ അടിസ്ഥാനപ്പെടുത്തി യമഹ കൊണ്ടുവന്ന പൂര്‍ണ്ണ ഫെയേര്‍ഡ് R15, കണ്ണടച്ചുതുറക്കും മുമ്പെ ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റായി മാറി.

ശേഷം ജാപ്പനീസ് കമ്പനി നിരയില്‍ അവതരിപ്പിച്ച R15 വേര്‍ഷന്‍ 2.0 ബൈക്കിന്റെ അക്രമണോത്സുകതയ്ക്കും പ്രകടനക്ഷമതയ്ക്കും പുതിയ നിര്‍വചനങ്ങളേകി. യമഹയുടെ മോട്ടോജിപി ബൈക്കുകളെ ആധാരമാക്കിയാണ് വേര്‍ഷന്‍ 2.0 R15 -നെ കമ്പനി അവതരിപ്പിച്ചത്.

നിലവില്‍ R15 വേര്‍ഷന്‍ 3.0 -യ്‌ക്കൊപ്പം R15 S മോഡലിനെയും യമഹ വിപണിയില്‍ അണിനിരത്തുന്നുണ്ട്. ആദ്യതലമുറ R15 -നെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഒറ്റ സീറ്റ് പതിപ്പാണ് R15 S.

R15 വേര്‍ഷന്‍ 2.0 പിന്‍വലിക്കപ്പെടുമ്പോഴും R15 S നിരയില്‍ തുടരുന്നത് ബൈക്ക് പ്രേമികളില്‍ കൗതുകമുണര്‍ത്തുകയാണ്. വേര്‍ഷന്‍ 3.0 വന്നപ്പോള്‍ R15 വേര്‍ഷന്‍ 2.0 മോഡലിനെ യമഹ പിന്‍വലിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

തുടക്കത്തില്‍ R15 വേര്‍ഷന്‍ 3.0 -യ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെന്നതും വേര്‍ഷന്‍ 2.0 മോഡലിന് ഏറെക്കാലം തുണയായി. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി R15 വേര്‍ഷന്‍ 3.0 ബൈക്കിന് വന്‍ഡിമാന്റാണ് വിപണിയില്‍.

ഈ സാഹചര്യത്തില്‍ R15 വേര്‍ഷന്‍ 2.0 -നെ നിരയില്‍ നിലനിര്‍ത്തുന്നത് കൊണ്ടു അര്‍ത്ഥമില്ലെന്നു യമഹ തിരിച്ചറിഞ്ഞിരിക്കണം. അടുത്തിടെയാണ് R15 നിരയില്‍ പുതിയ മോട്ടോജിപി ലിമിറ്റഡ് എഡിഷനെ കമ്പനി അവതരിപ്പിച്ചത്.

1.30 ലക്ഷം രൂപയാണ് R15 മോട്ടോജിപി എഡിഷന് വിപണിയില്‍ വില. സാധാരണ R15 വേര്‍ഷന്‍ 3.0 -യെക്കാളും 3,000 രൂപ ലിമിറ്റഡ് എഡിഷന് കൂടുതലാണ്. യമഹ റേസിംഗ് ടീം ഉപയോഗിക്കുന്ന മോട്ടോജിപി ബൈക്കുകള്‍ക്ക് സമാനമായി മുവിസ്റ്റാര്‍, ഇനിയോസ് ബ്രാന്‍ഡ് ലോഗോകളാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്കിന്റെ മുഖ്യാകര്‍ഷണം.

155 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് R15 വേര്‍ഷന്‍ 3.0 -യില്‍ തുടിക്കുന്നത്. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സിന് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുണ്ട്.

നേരത്തെ R15 വേര്‍ഷന്‍ 2.0 -ല്‍ 149 സിസി എഞ്ചിനാണ് യമഹ ഉപയോഗിച്ചിരുന്നത്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനം വേര്‍ഷന്‍ 2.0 -ന് ഇല്ല.


Click it and Unblock the Notifications