രാജ്യത്ത് 23 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ആംപിയര്‍ ഇലക്ട്രിക്ക്
കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ്, രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുന്നു.

രാജ്യത്തുടനീളം പുതിയ 23 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ശൃംഖല വര്‍ധിപ്പിക്കുന്നതോടെ വില്‍പ്പനയും ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ കര്‍ണാടക, കേരളം, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ആംപിയറിന് ഡീലര്‍ഷിപ്പുകളുണ്ട്.

ആംപിയര്‍ സീല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനാണ് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളത്. അതിനൊപ്പം തന്നെ മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വെറേയും കമ്പനി നിരയില്‍ കാണാന്‍ സാധിക്കും. അടുത്തിടെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ആംപിയര്‍ സീല്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടത്.

വിപണിയില്‍ എത്തിയ ശേഷം 50,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നാണ് ആംപിയര്‍ സീല്‍.

പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ തങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അടുത്തിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ സൗജന്യ ആക്സസറികള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മെയ് മാസത്തിലാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് സീലിന്റെ വില്‍പ്പന.

നിലവില്‍ സബ്‌സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ വില. വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളിലായിരുന്നു കമ്പനി നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹൈ സ്പീഡ് സ്‌കൂട്ടറായാണ് ആംപിയര്‍ സീല്‍ വിപണിയിലേക്കെത്തുന്നത്.

1200 വാട്ട്സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.


Click it and Unblock the Notifications








