പുതിയ ഹോണ്ട CB ഷൈന്‍, CB ഷൈന്‍ SP പതിപ്പുകള്‍ വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ പ്രചാരമേറിയ CB ഷൈന്‍, CB ഷൈന്‍ SP ഡ്രം ബ്രേക്ക് പതിപ്പുകളെ ഹോണ്ട പുതുക്കി. 58,338 രൂപയാണ് പുതിയ ഹോണ്ട CB ഷൈനിന് വില. CB ഷൈന്‍ SP ഡ്രം ബ്രേക്ക് മോഡലിന് വില 64,098 രൂപയും. നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് ബൈക്കുകള്‍ പുതുക്കാനുള്ള ഹോണ്ടയുടെ തീരുമാനം.

കോമ്പി ബ്രേക്കിംഗ് സംവിധാനം ഇരു മോഡലുകളിലും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും. 2019 ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാത്ത ഇരുച്ചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല.

125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോഡലുകളില്‍ എബിഎസ് കര്‍ശനമായി ഒരുങ്ങണം. ഇതില്‍താഴെയുള്ള മോഡലുകളില്‍ സിബിഎസ് വേണമെന്നാണ് ചട്ടം. CB ഷൈന്‍, CB ഷൈന്‍ SP മോഡലുകളില്‍ 124 സിസി എഞ്ചിന്‍ തുടിക്കുന്നതുകൊണ്ട് സിബിഎസ് സംവിധാനം മതി.

ഇരു ബൈക്കുകളുടെയും ഡിസ്‌ക്ക് ബ്രേക്ക് പതിപ്പുകള്‍ക്ക് സിബിഎസ് സംവിധാനം കമ്പനി നേരത്തെതന്നെ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഡ്രം ബ്രേക്ക് പതിപ്പുകള്‍ക്കും ഇതേ സിബിഎസ് സുരക്ഷ ലഭിക്കും. സിബിഎസ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും CB ഷൈന്‍, CB ഷൈന്‍ SP മോഡലുകള്‍ അവകാശപ്പെടുന്നില്ല.

ഇരു ബൈക്കുകളിലുമുള്ള 124 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 10.1 bhp കരുത്തും 10.3 Nm torque ഉം പരമാവധി കുറിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കാനുണ്ട്.

130 mm ഡ്രം ബ്രേക്കുകള്‍ ഇരു ടയറുകളിലും വേഗം നിയന്ത്രിക്കും. അതേസമയം ഡിസ്‌ക്ക് ബ്രേക്ക് പതിപ്പെങ്കില്‍, മുന്‍ ടയറില്‍ 240 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 130 mm ഡ്രം യൂണിറ്റുമാണ് ഇടംപിടിക്കുക. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹോണ്ട ബൈക്കാണ് CB ഷൈന്‍. പുത്തന്‍ സിബിഎസ് സംവിധാനം മോഡലിന്റെ പ്രചാരം ഇനിയും ഉയര്‍ത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

അതേസമയം കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കാന്‍ ഹോണ്ട കരുനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന CB 300R പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ ഹോണ്ടയുടെ ചുവടുവെയ്പ്പായി മാറും.
എന്തായാലും പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ സിബിഎസ്, എബിഎസ് സംവിധാനം നല്‍കാനുള്ള തിരക്കിലാണ് ഇരുച്ചക്ര വാഹന നിര്‍മ്മാതാക്കള്‍. തങ്ങളുടെ സ്‌കൂട്ടര്‍ നിരയെ പൂര്‍ണ്ണമായും യമഹ പുതുക്കി കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോയും സമാന നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും.


Click it and Unblock the Notifications