ജാവ ബുക്കിംഗ് തുടരുന്നു, സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ വിറ്റുപോയി
കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി കടന്നുവന്നത്. പിന്നാലെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖനയും ഡീലര്‍ഷിപ്പുകള്‍ മുഖേനയും പുതിയ ബൈക്കുകളുടെ ബുക്കിംഗ് ജാവ തുടങ്ങി. കാലങ്ങള്‍ക്കുശേഷം ബുള്ളറ്റുകള്‍ക്ക് ഒത്ത തടിയും തൂക്കവുമുള്ള മോഡലുകള്‍ വന്നതുകൊണ്ടാകണം ജാവ ബൈക്കുകള്‍ വാങ്ങാന്‍ ഇന്ത്യ ഒന്നടങ്കം ഇരമ്പിയാര്‍ത്തത്.

ഫലമോ, ആദ്യ ബൈക്ക് ശാലയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പെ 2019 സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. നിലവില്‍ രണ്ടു മോഡലുകളാണ് ജാവ നിരയില്‍ വില്‍പ്പനയിലുള്ളത് - ജാവയും ജാവ ഫോര്‍ട്ടി ടൂവും. 1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ ഫോര്‍ട്ടി ടൂവിന് വില 1.55 ലക്ഷം രൂപയും. ജാവ പെറാക്കെന്ന ബോബര്‍ പതിപ്പിനെ 1.89 ലക്ഷം രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

ജാവ ബൈക്ക് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവരെ നിരാശപ്പെടുത്തിയാണ് സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ മുഴുവന്‍ വിറ്റുപോയെന്ന കാര്യം ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി അറിയിച്ചത്. എന്നാല്‍ വിഷമിക്കേണ്ട, മോഡലുകള്‍ ബുക്ക് ചെയ്യാന്‍ കമ്പനി ഇപ്പോഴും അവസരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ മുഖേനയും ഡീലര്‍ഷിപ്പുകള്‍ വഴിയും ജാവ ബൈക്കുകളുടെ ബുക്കിംഗ് രാജ്യത്തു തുടരുകയാണ്.

ബുക്കിംഗ് തുക 5,000 രൂപ. ബുക്ക് ചെയ്തവര്‍ക്ക് ഫെബ്രുവരി അവസാനവാരം മുതല്‍ ബൈക്ക് ലഭിച്ചുതുടങ്ങുമെന്ന് സൂചനയുണ്ട്. 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

അതേസമയം ബോബര്‍ ശൈലിയുള്ള പെറാക്കില്‍ 334 സിസി എഞ്ചിനാണ് ജാവ നല്‍കുന്നത്. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. എന്നാല്‍ ജാവ ഫോര്‍ട്ടി ടൂവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളുണ്ട്.

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.
ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.


Click it and Unblock the Notifications








