കവാസാക്കി നിഞ്ച 300 എബിഎസ് മോഡലുകള്‍ തിരിച്ചു വിളിച്ചു
തദ്ദേശീയമായി നിര്‍മ്മിച്ച കവാസാക്കി നിഞ്ച 300 എബിഎസ് മോഡലുകള്‍ കമ്പനി തിരിച്ചു വിളിച്ചു. 1,358 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതാണ് തിരിച്ചുവിളിക്കാന്‍ കാരണം. ഇത് ബ്രേക്ക് പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമായേക്കാമെന്ന് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച ബൈക്കുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ബൈക്ക് ഉടമകളെ കവസാക്കി ഡീലര്‍മാര്‍ ബന്ധപ്പെടും. തകരാറ് കണ്ടെത്തിയ മാസ്റ്റര്‍ സിലിണ്ടര്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് ഇന്ത്യ കവസാക്കി മോട്ടോഴ്സ് അറിയിച്ചു.

ബ്രേക്കുകള്‍, ചക്രങ്ങള്‍, ടയറുകള്‍, പ്ലാസ്റ്റിക്സ് ഉള്‍പ്പെടെയാണ് ഇന്ത്യയിലെ വിതരണ കമ്പനികളില്‍നിന്ന് കവസാക്കി വാങ്ങാന്‍ തീരുമാനിച്ചത്. ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുകയും അതുവഴി നിഞ്ച 300 വില കുറച്ചു വില്‍ക്കാമെന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കമ്പനികളെ സമീപിച്ചത്.

2018 -ലാണ് ചില വാഹനഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങി നിഞ്ച 300 തദ്ദേശീയമായി നിര്‍മ്മിക്കാമെന്ന് കവസാക്കി തീരുമാനിച്ചത്. നിഞ്ച 300 എബിഎസിന് 2.98 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ 62,000 രൂപയോളം ബൈക്കിന് വില കുറഞ്ഞു. നേരത്തെ 3.63 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വിപണിയില്‍ വന്നിരുന്നത്.

മുന്‍ പിന്‍ ടയറുകളില്‍ ഒരുങ്ങുന്ന എബിഎസ് സുരക്ഷയും പുതിയ നിറങ്ങളുമാണ് 2018 നിഞ്ച 300 എബിഎസിന്റെ പ്രധാന സവിശേഷതയാണ്. ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളിലാണ് കവാസാക്കി നിഞ്ച 300 എബിഎസ് വില്‍പനയ്ക്കെത്തിയിരിക്കുന്നത്. നിഞ്ചയുടെ പ്രധാന മോഡലായ ZX-10R മോഡലിനോട് ഏറ്റവുമധികം സാമ്യം തോന്നിക്കുന്ന മോഡലാണ് നിഞ്ച 300 എബിഎസ്.

ഫെയറിംഗിലുള്ള നിഞ്ച ബ്രാന്‍ഡിംഗ്, ഇരട്ട ഹെഡ്ലാമ്പ് ഘടന, വിന്‍ഡ്സ്‌ക്രീന്‍ എന്നിവ പുതിയ നിഞ്ച 300 -യുടെ സവിശേഷതകളാണ്. എംആര്‍എഫ് ടയറുകള്‍ക്കും എന്‍ഡ്യൂറന്‍സ് ബ്രേക്കുകള്‍ക്കും ഒപ്പമാണ് പുതിയ നിഞ്ച 300 നിരത്തിലെത്തിയത്. സീറ്റ് ഉയരം 5mm ആയി കുറഞ്ഞു. അതേസമയം ഭാരം ഏഴു കിലോ കൂടി. 179 കിലോയാണ് 2018 കവാസാക്കി നിഞ്ച 300 -ന്റെ ഭാരം.

2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. ശേഷം അടുത്തിടെ നിരയില്‍ പുതിയ നിഞ്ച 400 -നെയും കമ്പനി കൊണ്ടുവന്നു. കുഞ്ഞന്‍ നിഞ്ച 300 -നെ കവസാക്കി പിന്‍വലിക്കുമെന്നു ആദ്യം കരുതിയെങ്കിലും മോഡലിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 38bhp കരുത്തും 27Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ഗിയര്‍ബോക്‌സിനുണ്ട്. ഹൈ-ടെന്‍സില്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന നിഞ്ച 300 -ന് ഉയര്‍ന്ന ദൃഢതയാണ് ഉറപ്പ് നല്‍കുന്നത്.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. കെടിഎം RC390, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് കവാസാക്കി നിഞ്ച 300 -ന്റെ എതിരാളികള്‍.


Click it and Unblock the Notifications








