മഹീന്ദ്ര മോജോ 300 ABS -നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വില 1.88 ലക്ഷം രൂപ
പ്രീമിയം ബൈക്കായ മോജോ 300 ABS-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എംആന്‍ഡ്എം). ഇന്ത്യന്‍ വിപണിയില്‍ മോജോ 300 എബിഎസ് പതിപ്പിന് 1.88 ലക്ഷം രൂപയാണ് വില. പുതിയ മോഡലിനായുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. മുന്‍ഗാമികളായ XT300, UT300 എന്നിവയില്‍ നിന്നുള്ള സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് ആന്റി ലോക്ക് ബ്രേക്ക് (ABS) സംവിധാനം സഹിതമുള്ള പുത്തന്‍ മോജോയുടെ വരവ്.

125 സിസിയും അതിന് മുകളിലേക്കുമുള്ള ബൈക്കുകളില്‍ ABS സിസ്റ്റം കര്‍ശനമാക്കിയത് അടുത്തിടെയായിരുന്നു. അതിന് പിന്നാലെ മിക്ക നിര്‍മാതാക്കളും ABS ഉള്‍പ്പെടുത്തിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നത്. നേരത്തെ XT300, UT300 എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു. എന്നാല്‍ പുതുക്കിയ പതിപ്പില്‍ ഒരു വേരിയന്റ് മാത്രമാണ് നിരത്തിലെത്തിയിരിക്കുന്നത്.

കാഴ്ചയില്‍ മഹീന്ദ്ര മോജോ 300 ABS -ല്‍ മാറ്റങ്ങള്‍ പ്രകടമാണെങ്കിലും, നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഇരു മോഡലുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത മാറ്റങ്ങളാണ് ഏറെയും. XT -യുടെ സവിശേതകളായിരുന്ന ഇരട്ട എക്സോസ്റ്റ് പുതിയ ബൈക്കില്‍ നിലനിര്‍ത്തിയിട്ടില്ല. പകരം UT-യിലെ സിംഗിള്‍ ബാരല്‍ എക്സോസ്റ്റാണു ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. XT -യിലെ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പും പുതിയ ബൈക്കില്‍ സ്ഥാനം പിടിച്ചിട്ടില്ല.

നേരത്തെ വില്‍പ്പനയ്ക്കുണ്ടായിരുന്ന XT300 ബൈക്കിനെ അപേക്ഷിച്ച് 4,000 രൂപ അധികമാണ് പുതിയ മോഡലിന്റ വില. നിര്‍മാണ ചെലവിലെ വര്‍ധന മുന്‍നിര്‍ത്തിയാണു മോജോ 300 ABS -ന്റെ വില ഉയര്‍ത്തിയിരിക്കുന്നത്. ഇരു വശങ്ങളിലും ഡിസ്‌ക് ബ്രേക്ക് സംവിധമാണ് വാഹനത്തില്‍. മുന്നില്‍ 320 എംഎം വലിയ ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്ക് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.

ബൈക്കിനു കരുത്തേകുക XT300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പക്ഷേ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായി കുറഞ്ഞിട്ടുണ്ട്. XT-യില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്. 30 Nm torque നൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണു ബൈക്കിന്റെ സസ്പെന്‍ഷന്‍. UT300 മോഡലിലെ സസ്പെന്‍ഷന്‍ സംവിധാനമാണിതെന്നാണ് റിപ്പോര്‍ട്ട്. UT300 മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുമായാണ് എത്തിയിരുന്നത്.

21 ലിറ്ററിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്. പൈറേലി എയ്ഞ്ചല്‍ CT ടയറുകളാണ് കമ്പനി പുതിയ എബിഎസ് പതിപ്പിന് നല്‍കിയിരിക്കുന്നത്. ബജാജ് ഡോമിനാര്‍, ഹോണ്ടാ CB300R, ബിഎംഡബ്യു G310 R, സിഎഫ് മോട്ടോ 300NK എന്നിവരാണ് മോജോയുടെ നിരത്തിലെ എതിരാളി.

മൊത്തത്തില്‍, മോജോയുടെ മുന്‍ പതിപ്പിന് സമാനമായ രൂപം തന്നെയാണ് പുതിയ പതിപ്പിനും ലഭിച്ചിരിക്കുന്നത്. ആകൃതി, അലോയ് വീല്‍ ഡിസൈനുകള്‍, ഡ്യുവല്‍ ഹെഡ്‌ലാമ്പുകള്‍, ചിസല്‍ഡ് ഫ്യൂവല്‍ ടാങ്ക്, സിംഗിള്‍ സീറ്റ്, മറ്റ് സവിശേഷതകള്‍ എന്നിവ എബിഎസ് പതിപ്പിലും നിലനിര്‍ത്തിയിരിക്കുന്നു. വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷമാണ് മഹീന്ദ്ര മോജോ ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തിയത്.

ദീര്‍ഘദൂര ടൂറിംഗ് പ്രേമികളെ ലക്ഷ്യം വെച്ചാണ് ബൈക്ക് ലക്ഷ്യമിടുന്നതെങ്കിലും മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ ഇഷ്ടപ്പെടുന്നത്ര ജനപ്രീതി നേടിയില്ല. മോജോയുടെ എഞ്ചിനില്‍ നിന്ന് ഉരുത്തിരിഞ്ഞ എഞ്ചിനാണ് പുതിയ തലമുറ ജാവ ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്.


Click it and Unblock the Notifications








