ആക്ടിവയ്ക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം നല്‍കാന്‍ ഹോണ്ട
ഹോണ്ട ആക്ടിവ കഴിഞ്ഞേയുള്ളൂ മറ്റേതു സ്‌കൂട്ടറും ഇന്ത്യയില്‍. രണ്ടു പതിറ്റാണ്ടാവുന്നു വിപണിയില്‍ ചെങ്കോലും കിരീടവുമായി ആക്ടിവ വാഴാന്‍ തുടങ്ങിയിട്ട്. ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് വേരോട്ടം നല്‍കിയത് ആക്ടിവയാണെന്ന് നിസംശയം പറയാം. ചിത്രം 2019 -ല്‍ വന്നുനില്‍ക്കുമ്പോള്‍ ശ്രേണിയില്‍ എതിരാളികള്‍ ഒരുപാടുണ്ട് ആക്ടിവയ്ക്ക്. കെട്ടിലും മട്ടിലും ആക്ടിവയെ പകര്‍ത്താന്‍ പലരും ശ്രമിക്കുന്നു. ഈ അവസരത്തില്‍ ആക്ടിവയിലൂടെ വീണ്ടും പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

ഇക്കുറി നിര്‍ണായക ടെക്‌നോളജി അപ്‌ഡേറ്റ് സ്‌കൂട്ടര്‍ കുറിക്കും. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ആക്ടിവയെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് പറിച്ചുനടാന്‍ കമ്പനി നടപടികള്‍ ആരംഭിച്ചു. സാങ്കേതികവിദ്യ മാറുമെങ്കിലും പരീക്ഷിച്ചു തെളിഞ്ഞ 110 സിസി HET എഞ്ചിനെ ഹോണ്ട ഉപേക്ഷിക്കില്ല.

എഞ്ചിനിലേക്കുള്ള ഇന്ധനവിതരണം കൂടുതല്‍ കൃത്യതയോടെ പാകപ്പെടുത്താന്‍ ഇലക്ട്രോണിക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയും. വാതക പുറന്തള്ളല്‍ തോത് കുറയ്ക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് സാധിക്കുമെന്ന് പ്രത്യേകം പരാമര്‍ശിക്കണം. ഇതിനുപുറമെ മൈലേജിലും കാര്യമായ വര്‍ധനവുണ്ടാകും. നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. മൈലേജ് 60 കിലോമീറ്റര്‍ ചുറ്റിപ്പറ്റിയായിരിക്കും നിലകൊള്ളുക. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം നല്‍കുന്നതിന് പുറമെ സ്‌കൂട്ടറിന്റെ അലങ്കാര ചമയങ്ങളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ ഹോണ്ട ആലോചിക്കുന്നുണ്ട്. പുതുതലമുറ ആക്ടിവ അല്ലെങ്കില്‍ ആക്ടിവ 6G ആയിരിക്കും ഇനി വരിക.

ഇപ്പോള്‍ സ്‌കൂട്ടറിന്റെ അഞ്ചാംതലമുറയാണ് വില്‍പ്പനയിലുള്ളത്. 8 bhp കരുത്തും 9 Nm torque ഉം ആക്ടിവയിലെ 110 സിസി എഞ്ചിന്‍ പരമാവധി കുറിക്കുന്നു. മോഡലിന്റെ പ്രചാരം മുന്‍നിര്‍ത്തി ആക്ടിവ i, ആക്ടിവ 125 വകഭേദങ്ങളെയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ആക്ടിവയിലെ 110 സിസി എഞ്ചിനാണ് ആക്ടിവ i -യിലും. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ സ്‌കൂട്ടര്‍ അവകാശപ്പെടുന്നു.

ആക്ടിവയുടെ കരുത്തുകൂടിയ വകഭേദമാണ് ആക്ടിവ 125. ഡിസൈനിലെ ചെറിയ പരിഷ്‌കാരങ്ങള്‍ ആക്ടിവ 125 -നെ നിരയില്‍ വേറിട്ടുനിര്‍ത്തും. എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലാമ്പുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ്, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട് എന്നിവയെല്ലാം ആക്ടിവ മോഡലുകളുടെ പൊതുവിശേഷങ്ങളാണ്.

ആക്ടിവയ്ക്ക് പുറമെ നിരയിലെ മറ്റു സ്‌കൂട്ടറുകള്‍ക്കും സമാന സാങ്കേതികവിദ്യ കമ്പനി സ്വീകരിച്ചേക്കും. എന്തായാലും അടുത്തവര്‍ഷം ഏപ്രിലിന് മുമ്പ് ബിഎസ് VI നടപടികള്‍ സ്വീകരിച്ചേ കഴിയൂ. സ്‌കൂട്ടറുകള്‍ക്കൊപ്പം കമ്മ്യൂട്ടര്‍ ബൈക്കുകളെയും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിലേക്ക് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പുനഃപ്രതിഷ്ഠിക്കും.
Source: Rushlane


Click it and Unblock the Notifications








