ചേതക് ഇലക്ട്രിക്കിന്റെ ബംഗളൂരുവിലെ ആദ്യ ഡെലിവറി ആരംഭിച്ച് ബജാജ്
2020 ജനുവരി പകുതിയോടെയാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പന.

ഘട്ടം ഘട്ടമായി വിപണി ശ്യംഖല വ്യാപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോഴിതാ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ബജാജ് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങി. ബംഗളൂരുവിലെ മേഖ്രി സര്‍ക്കിള്‍ കെടിഎം ഡീലര്‍ഷിപ്പില്‍ നിന്നാണ് ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഉപഭോക്താള്‍ക്ക് കൈമാറിയത്.

ബ്ലാക്ക്, ബ്ലു നിറത്തിലുള്ള മോഡലുകളാണ് ഡീലര്‍ഷിപ്പില്‍ എത്തിച്ചിരിക്കുന്നത്. ഉയര്‍ന്ന വകഭേദങ്ങളായ പ്രീമിയം മോഡലുകളാണിതെന്നും വ്യക്തം. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

പൂനെയില്‍ നാലു ഡീലര്‍ഷിപ്പുകളും ബംഗളൂരുവില്‍ 14 ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചതായി അവതരണവേളയില്‍ ബജാജ് അറിയിച്ചിരുന്നു. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും.

ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടിയും ബജാജ് നല്‍കുന്നുണ്ട്.


Click it and Unblock the Notifications








