ബജാജ് ചേതക്ക് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ജനുവരി 14-ന് ചേതക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ബജാജ്. കഴിഞ്ഞ വര്‍ഷം സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വിലയും അന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളൂരു, പൂനെ, മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങി അഞ്ച് നഗരങ്ങളില്‍ മാത്രമാണ് ആദ്യം സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുക. പിന്നീട് ഘട്ടംഘട്ടമായി മറ്റ് ഇടങ്ങളിലേക്കും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സ്‌കൂട്ടറിനായുള്ള ബുക്കിങും ഉടന്‍ തന്നെ ആരംഭിക്കും. തുടക്കത്തില്‍ ബംഗളൂരുവിലും, പൂനെയിലും ഉള്ള ഉപഭോക്താക്കള്‍ക്ക് ആയിരിക്കും സ്‌കൂട്ടര്‍ കൈമാറി തുടങ്ങുക. പ്രീമിയം മോഡലായതുകൊണ്ട് തന്നെ തുടക്കത്തില്‍ തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്‌കൂട്ടറിന്റൈ വില്‍പ്പന.

ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരിന്നു.

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

സ്‌കൂട്ടറിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

റഗുലര്‍ പതിപ്പിന് പുറമേ ചേതക്കിന്റെ ഒരു പെര്‍ഫോമെന്‍സ് വകഭേദം കൂടി അണിയറയില്‍ ഒരുങ്ങുന്നതായും ബജാജ് സൂചന നല്‍കിയിട്ടുണ്ട്. രൂപത്തില്‍ റഗുലര്‍ ഇലക്ട്രിക്ക് ചേതക്കിന് സമാനമായിരിക്കും ഈ പെര്‍ഫോമെന്‍സ് വാഹനവും.


Click it and Unblock the Notifications








