ഇംപെരിയാലെ 400 ബിഎസ് VI പതിപ്പിനെ പുറത്തിറക്കാനൊരുങ്ങി ബെനലി
റെട്രോ ക്ലാസിക്ക് സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ഇംപെരിയാലെ 400-ന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബെനലി. വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് മികച്ച ജനപ്രീതി നേടിയാണ് ബൈക്കാണ് ഇംപെരിയാലെ 400.

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.

2019 ഒക്ടോബര്‍ മാസത്തില്‍ ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.69 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 -യാണ് ബൈക്കിന്റെ മുഖ്യ എതിരാളി.

1950 -കളില്‍ നിര്‍മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. ആകെ 205 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്ധന ടാങ്ക് 12 ലിറ്റര്‍ ശേഷിയാണ്. നിലവില്‍ 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇംപെരിയാലെയുടെ കരുത്ത്.

ഈ എഞ്ചിന്‍ 5,500 rpm -ല്‍ 21 bhp കരുത്തും 4,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുരക്ഷക്കായി മുന്നില്‍ 300 mm ഡിസക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ്.

ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍. റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

മൂന്ന് വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും രണ്ട് വര്‍ഷത്തെ സര്‍വീസുമാണ് വാഹനത്തിന് ഒപ്പം കമ്പനി നല്‍കുന്നത്. ഉടമസ്ഥാവകാശ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആദ്യ രണ്ട് വര്‍ഷത്തേക്ക് കോംപ്ലിമെന്ററി സര്‍വ്വീസും വാര്‍ഷിക പരിപാലന കരാറും ബെനലി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








