പുതിയ നിറത്തിൽ MT15 ബിഎസ് VI അണിയിച്ചൊരുക്കി യമഹ; വീഡിയോ
കഴിഞ്ഞ വർഷം ആദ്യമാണ് യമഹ MT15 ഇന്ത്യയിൽ പുറത്തിറങ്ങിയത്. വിപണിയിൽ എത്തി കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വാഹനത്തിന് സാധിച്ചു.

ഇപ്പോൾ, 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ് VI നിയമങ്ങൾക്ക് മുമ്പായി, കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോട്ടോർസൈക്കിൾ പരിഷ്കരിച്ചിരിക്കുകയാണ്. ഇതുകൂടാതെ, മോട്ടോർസൈക്കിളിന് ഒരു പുതിയ നിറവും നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.

ഐസ്-ഫ്ലൂ വെർമില്യൺ നിറമാണ് പുതിയതായി കമ്പനി നൽകുന്നത്. 139,400 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 138,900 രൂപ എക്സ്-ഷോറൂം വില വരുന്ന സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 500 രൂപ മാത്രമാണിതിന് കൂടുതൽ. ഇളം ചാരനിറത്തിലുള്ള മെറ്റാലിക്, കറുപ്പ്, ഓറഞ്ച് എന്നിവയുടെ മൾട്ടി-ടോൺ ഫിനിഷിലാണ് പുതിയ പെയിന്റ് ഷേഡ് വരുന്നത്.
ബിഎസ് IV വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിഎസ് VI യമഹ MT15 -ന് ഏകദേശം 4,000 രൂപ കൂടുതലാണ്. ഇപ്പോൾ, പഴയ പതിപ്പിനൊപ്പം കമ്പനി പുതിയ പതിപ്പും വിൽക്കുന്നു.

ബിഎസ് IV അല്ലെങ്കിൽ ബിഎസ് VI പതിപ്പുകൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന് പൂർണ്ണ സ്വതന്ത്ര്യമുണ്ട്. എന്നിരുന്നാലും, പഴയ മോഡലിന്റെ ഉൽപാദനം കമ്പനി നിർത്തിയിരുന്നു.

സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ അല്ലെങ്കിൽ 2020 മാർച്ച് 31 വരെ മാത്രമേ ഇവയുടെ വിൽപന തുടരുകയുള്ളൂ, അതിനുശേഷം ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമായിരിക്കും.

155 സിസി, ഫ്യുവൽ ഇൻഞ്ചക്ടഡ് ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ് VI യമഹ MT15 കരുത്ത് പകരുന്നത്, 10,000 rpm -ൽ പരമാവധി 18.5 bhp കരുത്തും 8,500 rpm -ൽ 13.9 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ യമഹ ഒരുക്കിയിരിക്കുന്നത്. ബിഎസ് IV -ൽ നിന്ന് ബിഎസ് VI എഞ്ചിനിലേക്കുള്ള പരിഷ്കാരത്തിനൊപ്പം മോട്ടോർസൈക്കിളിന്റെ പവർ ടോർക്ക് കണക്കുകൾ കുറഞ്ഞുവെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്.

പുതിയ നിറവും പരിഷ്കരിച്ച എഞ്ചിന്റെയും വ്യത്യാസമല്ലാതെ, ബിഎസ് VI യമഹ MT15 പൂർണ്ണമായും മാറ്റമില്ലാതെ തുടരുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, യുഎസ്‌ബി ചാർജർ.

കൂടാതെ സൈഡ്-സ്റ്റാൻഡ് ഇട്ടിട്ടുണ്ടേൽ ഓട്ടോമാറ്റിക് എഞ്ചിൻ കട്ട്-ഓഫ് സംവിധാനം, എൽഇഡി ടൈൽലൈറ്റ്, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്ററുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-ചാനൽ ABS എന്നിവയാണ് മോട്ടോർസൈക്കിളിൽ നിർമ്മാതാക്കൾ തുടരുന്നത്.


Click it and Unblock the Notifications








