ഹൈപ്പർമോട്ടാർഡ് 950 RVE വേരിയന്റ് അവതരിപ്പിച്ച് ഡ്യുക്കാട്ടി
ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 950 -യുടെ പുതിയ RVE വേരിയന്റ് അവതരിപ്പിച്ചു. 2019 -ൽ കോൺകോർസോ ഡി എലഗൻസ വില്ല ഡി എസ്റ്റെയിൽ പ്രദർശിപ്പിച്ച ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 950 കൺസെപ്റ്റിൽ നിന്നാണ് വാഹനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

ഹൈപ്പർമോട്ടാർഡ് 950 RVE -ൽ ഇരട്ട ടോൺ നിറത്തിലുള്ള സീറ്റുകളും വീലുകളും ലഭിക്കുന്നു. ഗ്രാഫിറ്റി-സ്റ്റൈൽ പെയിന്റാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.

ബൈക്കിന് സ്റ്റാൻഡേർഡായി ഒരു ബൈ ഡയക്ഷണൽ ഡ്യുക്കാട്ടി ക്വിക്ക്ഷിഫ്റ്ററും (DQS EVO) ലഭിക്കുന്നു. ഹൈപ്പർമോട്ടാർഡ് 950 RVE അടിസ്ഥാന ഹൈപ്പർമോട്ടാർഡ് 950 -ക്കും ടോപ്പ്-സ്പെക്ക് ഹൈപ്പർമോട്ടാർഡ് 950 SP -ക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഗ്രാഫിറ്റി പെയിന്റ് വർക്കിനായി വളരെയധികം ശ്രമിച്ചുവെന്ന് ഡുക്കാട്ടി പറയുന്നു. 2019 -ലെ കൺസെപ്റ്റിൽ കാണുന്ന അതേ തരത്തിലുള്ള പെയിന്റ് ഫിനിഷ് ഉറപ്പാക്കാനായിരുന്നു നിർമ്മാതാക്കളുടെ ശ്രമം.

വളരെ വിദഗ്ദ്ധരായ ഒരു കൂട്ടം ചിത്രകാരന്മാർ ഒരു നീണ്ടതും സങ്കീർണ്ണവുമായ പ്രക്രിയിലൂടെ കനം കുറഞ്ഞ ഡെക്കലുകളും ഉപയോഗിച്ച് എയർബ്രഷ്ഡ് ബോഡി വർക്കിന്റെ രൂപം നൽകി.

ആകർഷകമായ പെയിന്റല്ലാതെ, എൻട്രി ലെവൽ ഹൈപ്പർമോട്ടാർഡ് 950 അടിസ്ഥാനമാക്കിയാണ് RVE ഒരുങ്ങുന്നത്. 937 സിസി, ഇരട്ട സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

9,000 rpm -ൽ 114 bhp പരമാവധി കരുത്തും 96 Nm torque ഉം പുറപ്പെടുവിക്കുന്നു. സാധാരണ മോഡലുകൾക്ക് സമാനമായ സസ്പെൻഷൻ ഘടകങ്ങൾ, മുൻവശത്ത് ക്രമീകരിക്കാവുന്ന 45 mm മാർസോച്ചി ഫോർക്ക്, പിൻഭാഗത്ത് മോണോഷോക്ക് എന്നിവയും ബൈക്കിന് ലഭിക്കുന്നു.

DQS EVO കൂടാതെ, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ (DTC EVO), ഡ്യുക്കാട്ടി വീലി കൺട്രോൾ (DWC EVO), കോർണറിംഗ് ABS, സ്ലൈഡ് ബൈ ബ്രേക്ക് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു.

11,750 ഡോളാണ് (ഏകദേശം 11.32 ലക്ഷം രൂപ) ഹൈപ്പർമോട്ടാർഡ് 950 RVE-യുടെ വില. 2020 ജൂലൈ മുതൽ അന്താരാഷ്ട്ര വിപണികളിൽ മോട്ടോർസൈക്കിൾ വിൽപ്പനയ്‌ക്കെത്തും. ഡ്യുക്കാട്ടി RVE വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കുമോയെന്ന് വ്യക്തമല്ല.


Click it and Unblock the Notifications








