പെറാക്ക് കൈയ്യില്‍ കിട്ടാന്‍ വൈകും; ഉത്പാദനം അവസാനിപ്പിച്ച് ജാവ
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജാവ മോട്ടോര്‍സൈക്കിള്‍. ഇതോടെ പെറാക്കിനായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്ര നാളത്തേക്കാണ് ഉത്പാദനം അവസാനിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ ഡെലിവറി സമയം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. അതേസമയം ബൈക്കിന് ഇതുവരെ എത്ര ബുക്കിങ്ങുകള്‍ ലഭിച്ചു എന്നതു സംബന്ധിച്ചും കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാവ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയത്. ജാവ, ജാവ 42 എന്നീ മോഡലുകളെ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ ഇരുമോഡലുകളുടെയും ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

കൊറോണ വൈറസ് ലോകത്തെയാകെ മുള്‍മുനയിലാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. ആശങ്കാജനമാവും വിധം വൈറസിന്റെ വ്യാപനം അതിവേഗം വര്‍ദ്ധിക്കുകയാണ്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ സ്ഥാപനങ്ങളും, ഓഫിസുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ വാഹന വിപണിയിലേയും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറെക്കുറെ എല്ലാ വാഹന നിര്‍മ്മാതാക്കളും നിര്‍മാണ പ്ലാന്റുകള്‍ താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തും.

ഇതിനൊപ്പം തന്നെ രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിയമങ്ങളും പ്രാബല്യത്തില്‍ വരും. ഇതും വാഹന വിപണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മറ്റ് രണ്ട് മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്.

രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്. ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.


Click it and Unblock the Notifications








