കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
125 സിസി സെഗ്‌മെന്റിൽ ബജാജ് ഓട്ടോ NS 125 എന്ന പുത്തൻ മോഡൽ അവതരിപ്പിച്ചു. ഹോണ്ട ഷൈൻ SP 125 അല്ലെങ്കിൽ ഹീറോ ഗ്ലാമർ i3S പോലുള്ള മിഡ്-സ്പെക്ക് കമ്മ്യൂട്ടർ ബൈക്കുകളാണ് ഈ സെഗ്മെന്റ് പൊതുവെ കൈയ്യടക്കി വാഴുന്നത്.

പൾസർ NS 125, സമാനമായ ഡിസ്പേസ്മെന്റ് കണക്കുകൾ പങ്കുവെക്കുന്നെങ്കിലും ഇവയുടെ എതിരാളിയല്ല, നേരെ മറിച്ച് കെടിഎം 125 ഡ്യൂക്ക് പോലുള്ള മറ്റ് സ്‌പോർടി ഓഫറുകളുമായിട്ട് ഇത് മത്സരിക്കുന്നു.

പൾസർ 'NS' ശ്രേണിയിലെ മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ കൂട്ടിച്ചേർക്കലാണ് പൾസർ NS 125. 93,690 രൂപ എക്സ്-ഷോറൂം വിലയുള്ള ബൈക്ക് ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബർട്ട് റെഡ്, പ്യുവർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

എക്സ്റ്റീരിയറുകളുടെ കാര്യത്തിൽ, നിലവിലുള്ള പൾസർ NS 200, NS 160 ബൈക്കുകളുടെ അതേ രൂപകൽപ്പനയും സ്റ്റൈലിംഗും ഇതിലുണ്ട്.

125 സിസി ബിഎസ് VI DTS-i എഞ്ചിനാണ് മോട്ടോസൈക്കിളിന്റെ ഹൃദയം, ഇത് പരമാവധി 12 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോഡിയാകുന്നത്.

മികച്ച പെർഫോമെൻസിന് ഉയർന്ന കാഠിന്യവും കുറഞ്ഞ ഫ്ലെക്സും വാഗ്ദാനം ചെയ്യുന്ന ഒരു വ്രാപ്പ് എറൗണ്ട് ഫ്രെയിമാണ് ബൈക്കിൽ വരുന്നത്. സസ്‌പെൻഷൻ കിറ്റിന്റെ കാര്യത്തിൽ, ഇതിന് മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കും, പിൻഭാഗത്ത് ഒരു മോണോ-ഷോക്ക് അബ്സോർബറും ലഭിക്കുന്നു.

NS -ന്റെ എതിരാളിയായ കെടിഎം 125 ഡ്യൂക്കിന് കൂടുതൽ പ്രീമിയം ഉപകരണ കിറ്റും സവിശേഷതകളും ലഭിക്കുന്നു. ഉയർന്ന പ്രകടനമുള്ള USD WP ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരൊറ്റ മോണോ ഷോക്കും ബൈക്കിളുണ്ട്.

17 ഇഞ്ച് റേസ് അലോയികളും, മുൻവശത്ത് 110 mm സെക്ഷനും പിന്നിൽ 150 mm സെക്ഷൻ ടയറുകളും ലഭിക്കുന്നു. പൾസർ NS 125 -ൽ നിന്ന് വ്യത്യസ്തമായി, അധിക സുരക്ഷയ്ക്കായി ഡ്യൂക്കിന് ഒരു ട്രെല്ലിസ് ഫ്രെയിമും സിംഗിൾ-ചാനൽ ബോഷ് ABS ഉം ലഭിക്കുന്നു.

124.71 സിസി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 14.72 bhp പരമാവധി കരുത്തും 12 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോഡിയാക്കുന്നു.

വാഹനത്തിന്റെ ഭാരം 141 കിലോഗ്രാം ആണ്, 155 mm ഗ്രൗണ്ട് ക്ലിയറൻസും നിർമ്മാതാക്കൾ ഒരുക്കുന്നു. 1,60,448 രൂപയാണ് ഡ്യൂക്ക് 125 -ന്റെ എക്സ്-ഷോറൂം വില, ഇത് പൾസർ NS 125 -നെ അപേക്ഷിച്ച് വളരെ കൂടുതലാണ്.


Click it and Unblock the Notifications








