വില കുറച്ച് വിൽപ്പന നേടാൻ Ather Energy; ജനുവരിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച്?
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ പോരാട്ടം കനക്കുകയാണ്. പല പുതിയ കമ്പനികളും നൂതന ഫീച്ചറുകളും മികച്ച റേഞ്ചും വാഗ്ദാനം ചെയ്ത് പുത്തന്‍ ഇവികള്‍ പുറത്തിറക്കാന്‍ തുടങ്ങിയതിനാല്‍ വിപണിയിലെ പ്രബലര്‍ തങ്ങളുടെ ഉല്‍പ്പന്ന നിര അപ്‌ഡേറ്റ് ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഏഥര്‍ എനര്‍ജി 2023-ല്‍ ചില പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.
ജനുവരി 7-ന് കമ്പനി ചില വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തും. ഒരു പുതിയ ഇ-സ്‌കൂട്ടര്‍ അതിന്റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ജനുവരി 7 ഒരു കമ്മ്യൂണിറ്റി ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കമ്പനി തങ്ങളുടെ ഉപഭോക്താക്കളെയും ക്ഷണിക്കും. കമ്മ്യൂണിറ്റി ഇടപെടലിന്റെ ഭാഗമായി ബ്രാന്‍ഡ് ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറോ കുറഞ്ഞത് 450X ന്റെ ഒരു പുത്തന്‍ പതിപ്പോ അനാവരണം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ഇവി സ്റ്റാര്‍ട്ട്-അപ്പ് അതിന്റെ ഉപഭോക്താക്കള്‍ക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ അവരെ പ്രധാനപ്പെട്ട ഇവന്റുകളുടെ ഭാഗമാക്കി ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണെന്ന തോന്നല്‍ ഉളവാക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഏഥറിന്റെ കമ്യൂണിറ്റി ഡേ ആഘോഷങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെങ്കിലും ഇവന്റില്‍ അവര്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
ബ്രാന്‍ഡ് ഏഥര്‍ 450X ജെന്‍ 3 പുറത്തിറക്കിയിട്ട് ഇപ്പോള്‍ ഏകദേശം ആറ് മാസത്തോളമായി. ഏഥര്‍ 450X ജെന്‍ 3-ക്ക് കൂടുതല്‍ വിപുലമായ റേഞ്ചും ഫീച്ചറുകളും ഏഥര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം വിലയും വര്‍ധിച്ചുവെന്ന കാര്യം ശ്രദ്ധിക്കണം. ഓല ഇലക്ട്രിക് S1 ലോഞ്ച് ചെയ്തതോടെ ഈ സെഗ്മെന്റില്‍ മത്സരം കടുത്തു. അതിനാല്‍ കൂടുതല്‍ താങ്ങാനാവുന്ന ഏഥര്‍ 450X-ന് ഒരു സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്രാന്‍ഡിന് 450X-ന്റെ വിലകുറഞ്ഞ പതിപ്പ് പുറത്തിറക്കാനും വിശാലമായ ഉപഭോക്തൃ അടിത്തറയെ പരിപാലിക്കാനുമുള്ള കെല്‍പ്പുണ്ട്. 2023 ജനുവരി 7-ന് നടക്കുന്ന പരിപാടിയില്‍ ഇതിനോടകം ഫീച്ചര്‍ ലോഡഡായ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഏഥര്‍ കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഏഥര്‍ തങ്ങളുടെ സാന്നിധ്യം രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഏഥര്‍ എനര്‍ജി അടുത്തിടെ ഒഡീഷയിലാണ് തങ്ങളുടെ ഡീലര്‍ഷിപ്പ് വര്‍ധിപ്പിച്ചത്. ഭുവനേശ്വറിലും കട്ടക്കിലും കമ്പനി പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു.
ജ്യോതി മോട്ടോര്‍സുമായി സഹകരിച്ച് സ്ഥാപിച്ച ഈ ഔട്ട്ലെറ്റുകള്‍ ടെസ്റ്റ് റൈഡുകള്‍ക്കും ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനും സൗകര്യമൊരുക്കും.സന്ദര്‍ശകര്‍ക്ക് ഇവിയുടെ സ്പോര്‍ട്ടി ബോഡി വര്‍ക്കിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വിവിധ ഘടകങ്ങളെ വിശദമായി പരിശോധിക്കുന്നതിനായി ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ ഏഥര്‍ സ്‌കൂട്ടറുകളുടെ സ്ട്രിപ്പ്-ഡൗണ്‍ പതിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുന്നതിന് മുമ്പ് ടെസ്റ്റ് റൈഡ് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അത് ചെയ്യാന്‍ കഴിയും.
ബ്രാന്‍ഡിന്റെ ഉല്‍പ്പന്ന നിര നോക്കിയാല്‍ അതിന്റെ ലൈനപ്പിലെ ഏറ്റവും പുതിയ അംഗമാണ് ഏഥര്‍ 450X ജെന്‍ 3 . ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഏഥര്‍ 450X. ശക്തമായ ഡൈനാമിക്‌സും ശ്രദ്ധേയമായ പെര്‍ഫോമന്‍സും കൊണ്ട് വിപണിയില്‍ ഹിറ്റായി മാറിയ വാഹനമാണിത്. ടിവിഎസ് ഐക്യൂബ്, ഓല ട1, ബജാജ് ചേതക് തുടങ്ങീ മറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ എതിരാളികള്‍ക്ക് കടത്തിവെട്ടുന്നതിനായാണ് ബ്രാന്‍ഡ് അടുത്തിടെ പുതിയ 450x ജെന്‍ 3 മോഡല്‍ രാജ്യത്ത് അവതരിപ്പിച്ചത്.
ഇത് ഇതുവരെയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും നൂതന പതിപ്പാണ്. 6kW PMSM പ്രൊപ്പല്‍ഷന്‍ മോട്ടോര്‍, 3.7kWh ലിഥിയം-അയണ്‍ ബാറ്ററി, റൈഡിംഗ് കണ്ടീഷനും റൈഡറുടെ മുന്‍ഗണനയും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള നാല് റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ഏഥര്‍ 450X ജെന്‍ 3 യുടെ ചില ഹൈലൈറ്റുകള്‍. ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 9,737 യൂണിറ്റ് വില്‍പ്പനയാണ് ഏഥര്‍ രേഖപ്പെടുത്തിയത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450X.


Click it and Unblock the Notifications








