സംഗതി ഒഫീഷ്യലാണെന്നേ! Ather 450X -ന്റെ മൂന്നാം തലമുറ നാളെ എത്തും
ഏഥർ എനർജി മൂന്നാം തലമുറ 450X ഇലക്ട്രിക് സ്കൂട്ടർ നാളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനുശേഷം അപ്പ്ഗ്രേഡ് ചെയ്ത ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗും തുറക്കും. ഇവിയുടെ വില പ്രഖ്യാപനവും നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യമായി സിംഗിൾ ചാർജിൽ കൂടുതൽ ലോംഗ് റേഞ്ചാണ് ഈ അപ്പ്ഡേറ്റിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മൂന്നാം തലമുറ ഏഥർ 450 -ൽ 3.66 kWh റേറ്റുചെയ്ത ഒരു വലിയ ബാറ്ററി പാക്ക് അവതരിപ്പിക്കുമെന്ന് ഹോമോലോഗേഷൻ രേഖകൾ വെളിപ്പെടുത്തിയിരുന്നു.

ഇത് നിലവിലെ ഏഥർ 450X -ന്റെ 2.8 kWh -ൽ നിന്ന് ഒരു പ്രധാന അപ്പ്ഗ്രേഡാണ്. വലിയ ബാറ്ററി അർത്ഥമാക്കുന്നത് സിംഗിൾ ചാർജിന് ഉയർന്ന റേഞ്ച് എന്നതാണ്. 146 കിലോമീറ്റർ വരെയാണ് നിലവിൽ ബ്രാൻഡ് ക്ലെയിം ചെയ്ത റേഞ്ച്, എന്നാൽ റിയൽ വേൾഡ് റേഞ്ച് ഏകദേശം 110 കിലോമീറ്ററായിരിക്കണം, ഇത് ഏഥർ 450X നിലവിൽ വാഗ്ദാനം ചെയ്യുന്ന 75-80 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചിൽ നിന്നുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണ്.

പുതിയ ബാറ്ററി 19 കിലോഗ്രാം ഭാരമുള്ളതും നിക്കൽ കോബാൾട്ട് ബേസിൽ ഒരുക്കിയതുമാണ്. മൂന്നാം തലമുറ 450 -യുടെ താഴ്ന്ന വേരിയന്റിലേക്കും ഇതേ ബാറ്ററിയെ ഏഥർ ഘടിപ്പിക്കും. സോഫ്റ്റ്‌വെയർ വഴി, താഴ്ന്ന വേരിയന്റുകളിൽ ക്ലെയിം ചെയ്ത റേഞ്ച് 108 കിലോമീറ്ററായി ഏഥർ ലോക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ബാറ്ററി ഭാരമേറിയതും കൂടുതൽ വലുതുമാണ്. ഈ ഘടകങ്ങൾ ഏഥർ സ്‌കൂട്ടറിനെ ചെറുതായി പുനർരൂപകൽപ്പന ചെയ്യുന്നതിലേക്ക് നയിച്ചു, ഇതിന് നീളമുള്ള വീൽബേസും അല്പം ഉയർന്ന ഭാരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഫറിലെ പുതിയ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, കൂടുതലറിയാൻ നാളത്തെ ലോഞ്ചിന് കാത്തിരിക്കേണ്ടി വരും. നിലവിലെ റൈഡിംഗ് മോഡുകളായ വാർപ്പ്, സ്‌പോർട്ട്, റൈഡ്, ഇക്കോ, സ്‌മാർട്ട് ഇക്കോ എന്നിവ പുതിയ മൂന്നാം തലമുറ ഏഥർ 450 -ലേക്ക് ക്യാരി ഫോർവേഡ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ സ്‌കൂട്ടറിന്റെ പീക്ക് പവർ 6.4 കിലോവാട്ട് ആണ്, വാർപ്പ് മോഡിൽ നോമിനൽ പവർ ഔട്ട്‌പുട്ട് 3.1 kW ആണ്. പുനർരൂപകൽപ്പന ചെയ്‌ത മൂന്നാം തലമുറ ഏഥർ 450 -ന് ഏകദേശം 15,000 രൂപ വില കൂടാൻ സാധ്യതയുണ്ട്. യഥാർത്ഥ വിലകൾ നാളെ മാത്രമേ പുറത്തുവരൂ.

നിലവിൽ വിൽപനയ്‌ക്ക് എത്തുന്ന ഏഥർ 450 പ്ലസ് ബാംഗ്ലൂരിൽ 1.58 ലക്ഷം രൂപയ്ക്കും 450X 1.81 ലക്ഷം രൂപ ഓൺ-റോഡ് വിലയ്ക്കുമാണ് എത്തുന്നത്. രണ്ട് സംഖ്യകളും ഓല ഇലക്‌ട്രിക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യപ്പെടുന്ന 1.35 ലക്ഷം രൂപയേക്കാൾ വളരെ കൂടുതലാണ്.

ഓലയ്ക്ക് 181 കിലോമീറ്റർ റേഞ്ചും ഹൈ പവർ മോട്ടോറും ഉണ്ട്. അതുപോലെ, TVS ഐക്യൂബ് ST, 1.8 ലക്ഷം രൂപയ്ക്ക് 135 കിലോമീറ്റർ റേഞ്ചുമായി വരുന്നു. ഇത് ഒു മികച്ച വാല്യൂ ഫോർ മണി ഓപ്ഷനായി തോന്നുന്നു.

വലിയ ബാറ്ററിയും ഉയർന്ന പവർ ഔട്ട്പുട്ടും ഉൾക്കൊള്ളുന്ന മൂന്നാം തലമുറ ഏഥർ 450, മുൻ രണ്ട് തലമുറകൾ അഭിമുഖീകരിച്ച സിംഗിൾ ചാർജിന് ലോ റേഞ്ച് എന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് പരിഹരിക്കും.

ഈ വെല്ലുവിളി മറികടക്കുന്നതിലൂടെ, മൂന്നാം തലമുറ ഏഥർ 450 ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായി തോന്നുന്നു. ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് S/ST എന്നിവയെ പുതുമോഡൽ മറികടന്നേക്കാം.

ഏഥർ എനർജി എല്ലായ്‌പ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രീമിയം വില നിശ്ചയിച്ചിട്ടുണ്ട്, എന്നാൽ അതാകട്ടെ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, നല്ല ഫീച്ചറുകൾ, നൂതന ടെലിമാറ്റിക്‌സ്, കൂടാതെ നന്നായി ഹാൻഡിൽ ചെയ്യുന്ന, നന്നായി നിർമ്മിച്ചതും വിശ്വസനീയവുമായ ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു.

vമൂന്നാം തലമുറ ഏഥർ 450 ഈ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻ ആവർത്തനങ്ങളാൽ വിപണിയിൽ സെറ്റാക്കിയിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചോ അതിലും ഒരുപടി മികച്ചതോ ആയ നിലവാരം പുലർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








