2022-ല്‍ ഇത് നാലാം തവണ; Leoncino 500-ന് വീണ്ടും വില വര്‍ദ്ധിപ്പിച്ച് Benelli
ലിയോണ്‍സിനോ 500-ന്റെ വില വീണ്ടും പരിഷ്‌കരിച്ച് നിര്‍മാതാക്കളായ ബെനലി. ഈ മോട്ടോര്‍സൈക്കിളിന് 2022-ല്‍ ലഭിക്കുന്ന നാലാമത്തെ വില വര്‍ധനയാണ് ഏറ്റവും പുതിയ പരിഷ്‌ക്കരണം.

മുമ്പ് 5,26,000 രൂപയില്‍ ലഭ്യമായിരുന്ന ഈ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 5,35,000 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 2022 ജൂണില്‍ ബെനലി ഇന്ത്യയില്‍ നിന്നുള്ള ഈ മോഡലിന് 16,000 രൂപ വില കൂടിയപ്പോഴാണ് മുമ്പത്തെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. അതിനുമുമ്പ്, ഈ വര്‍ഷം ഏപ്രിലില്‍ ലിയോണ്‍സിനോ 500-ന് 14,000 രൂപ വില വര്‍ദ്ധനവ് ലഭിച്ചു.

രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. കളറിനെ അടിസ്ഥാനമാക്കിയാണ് കമ്പനി വിലയും നിശ്ചയിച്ചിരിക്കുന്നത്. സ്റ്റീല്‍ സില്‍വര്‍ കളര്‍ ഓപ്ഷന് പുതുക്കിയ വില 5.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ ഇത് 5.26 ലക്ഷം രൂപയായിരുന്നു.

അതുപോലെ റെഡ് കളറിന് പുതുക്കിയ വില വര്‍ദ്ധനവോടെ 5.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ ഇത് 5.36 ലക്ഷം രൂപയായിരുന്നു. വില വര്‍ദ്ധിപ്പിച്ചെങ്കിലും മോഡലിലേക്ക് ഒരു അപ്ഗ്രേഡും കമ്പനി കൊണ്ടുവന്നിട്ടില്ല. കൂടാതെ മോട്ടോര്‍സൈക്കിളിന് ബിഎസ് VI നിലവാരത്തിലുള്ള 500 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു.

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 8,500 rpm-ല്‍ പരമാവധി 46.8 bhp കരുത്തും 6,000 rpm-ല്‍ 46 Nm ടോര്‍ക്കും നല്‍കുന്നു. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ലിയോണ്‍സിനോ 500 നിര്‍മ്മിച്ചിരിക്കുന്നത്, അത് പരമാവധി വൈവിധ്യവും ലുക്കും ഉറപ്പാക്കുന്നു.

ഷാസി, ബ്രേക്ക് ഘടകങ്ങള്‍ എന്നിവയും മാറ്റമില്ലാതെ തുടരുന്നു. മുന്‍വശത്തെ സസ്പെന്‍ഷനില്‍ USD 50 mm ഫോര്‍ക്ക് അടങ്ങിയിരിക്കുന്നു, അതേസമയം പിന്നില്‍ ലാറ്ററല്‍ മൗണ്ട്, റീബൗണ്ട്, പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോക്ക് അബ്സോര്‍ബര്‍ ലഭിക്കുന്നു.

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ റേഡിയലി-മൌണ്ട് ചെയ്ത 4-പിസ്റ്റണ്‍ ബ്രേക്ക് കാലിപ്പറുകള്‍, 320 mm ഡ്യുവല്‍ ഡിസ്‌കുകള്‍ മുന്‍വശത്ത് അടങ്ങിയിരിക്കുന്നു. പിന്‍ഭാഗത്ത്, സിംഗിള്‍ പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കോളിപ്പറോടുകൂടിയ 260 mm ഡിസ്‌കാണ് ബൈക്കിന് ലഭിക്കുന്നത്.

മാറാവുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ലിയോണ്‍സിനോ 500-ന്റെ സ്ട്രീറ്റ് പതിപ്പിന് 17 ഇഞ്ച് അലോയ് വീലുകള്‍ ട്യൂബ് ലെസ് 120/70 സെക്ഷന്‍ ടയറില്‍ പൊതിഞ്ഞ് മുന്‍വശത്തും 160/60 സെക്ഷന്‍ ടയറുമാണ് നല്‍കിയിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ലയണ്‍ ഓഫ് പെസാറോ മോട്ടിഫുള്ള ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ഫെന്‍ഡര്‍, വൃത്താകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ടക്ക് ആന്‍ഡ് റോള്‍ രൂപകല്‍പ്പനയുള്ള സിംഗിള്‍ പീസ് സീറ്റ്, പിന്‍ ഫെന്‍ഡര്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് എന്നിവ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ നിലനിര്‍ത്തുന്നു.

മോട്ടോര്‍സൈക്കിളിലെ ഫീച്ചര്‍ ലിസ്റ്റില്‍ ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഇരട്ട-പോഡ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും ഉള്‍പ്പെടുന്നു.

നിരവധി പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒരാളായി ബെനലി കുറേക്കാലമായി ഇന്ത്യയിലുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് ഇപ്പോള്‍ രാജ്യത്ത് തങ്ങളുടെ സഹോദര പതിപ്പിനെക്കൂടി എത്തിച്ചിരിക്കുകയാണ്. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചാല്ല, കീവേ ബ്രാന്‍ഡിനെക്കുറിച്ച് തന്നെയാണ്.

കീവേ കുറിച്ച് പറഞ്ഞാല്‍, ബെനലിയുടെ ഉടമസ്ഥതയിലുള്ള ചൈനീസ് ഇരുചക്രവാഹന ബ്രാന്‍ഡായ ക്വിയാന്‍ജിനാഗിന്റെ ഉടമസ്ഥതയിലുള്ള ഒരു ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവാണ്. യൂറോപ്പ്, തായ്‌ലാന്‍ഡ്, ചിലി, മലേഷ്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ കീവേ നിലവില്‍ ലഭ്യമാണ്.

മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവിന്റെ ലൈനപ്പില്‍ പ്രധാനമായും 125 സിസി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്നു.

കീവേയുടെ 125 സിസി ബൈക്കുകളുടെ ലൈനപ്പ് കണക്കിലെടുക്കുമ്പോള്‍, സ്പോര്‍ട്ടി എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകള്‍ക്കായി തിരയുന്ന ഉപഭോക്താക്കള്‍ക്കായി ബെനലിയെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബെനലിയുടെ ഇന്ത്യയിലെ പോര്‍ട്ട്ഫോളിയോയില്‍ 250 സിസി, 500 സിസി ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








