F 850 GS പ്രോ, F 850 GS അഡ്വഞ്ചര്‍ പ്രോ എന്നിവയുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് BMW
ബിഎംഡബ്ല്യു മോട്ടോറാഡ് അതിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളായ F 850 GS പ്രോ, F 850 GS അഡ്വഞ്ചര്‍ പ്രോ എന്നിവയുടെ പുതിയ 2022 ബിഎസ് VI ആവര്‍ത്തനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ആദ്യത്തേതിന് 12.50 ലക്ഷം രൂപയും, രണ്ടാമത്തേതിന് 13.25 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

ഇരുമോഡലുകളും CBU (പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റുകള്‍) യൂണിറ്റായിട്ടാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്നും കമ്പനി അറിയിച്ചു. 2022 ജൂണ്‍ മുതല്‍ ഇരുമോഡലുകളുടെയും ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡിസൈനില്‍ നിന്നും തുടങ്ങിയാല്‍, രണ്ട് ബൈക്കുകളും മുമ്പത്തെ അതേ ഡിസൈന്‍ നിലനിര്‍ത്തുന്നുവെന്ന് വേണം പറയാന്‍. പക്ഷേ പുതിയ കളര്‍ സ്‌കീമുകള്‍ ഉള്‍ക്കൊള്ളുന്നു.

റേസിംഗ് ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനില്‍ ഗോള്‍ഡന്‍ റിമ്മുകളും ഗാല്‍വാനൈസ്ഡ് റേഡിയേറ്റര്‍ കൗളും F 850 GS പ്രോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. അതേസമയം, കലമാറ്റ മെറ്റാലിക് മാറ്റ് ഷേഡിലും ബ്ലാക്ക് സ്റ്റോം മെറ്റാലിക് കളര്‍ ഓപ്ഷനിലും F 860 GS അഡ്വഞ്ചര്‍ പ്രോയും കമ്പനി അവതരിപ്പിക്കുന്നു.

രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത് പരീക്ഷിച്ച 853 സിസി, ലിക്വിഡ് കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ്. ഈ യൂണിറ്റ് 8,250 rpm-ല്‍ 92.5 bhp കരുത്തും 6,250 rpm-ല്‍ 92 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിന്‍ അതിന്റെ പരിഷ്‌കരണത്തിനും ട്രാക്റ്റബിലിറ്റിക്കും പേരുകേട്ടതാണ്.

850 GS-ന്റെ രണ്ട് മോഡലുകളിലും റൈഡിംഗ് മോഡുകള്‍ പ്രോ (ഡൈനാമിക്, എന്‍ഡ്യൂറോ), സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡുകള്‍ (റെയിന്‍, റോഡ്), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പ്രോ, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ രണ്ട് റൈഡര്‍ എയ്ഡുകളും സജ്ജീകരിച്ചിരിക്കുന്നു.

ഇവ കൂടാതെ, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ് പ്രോ, ഹീറ്റഡ് ഗ്രിപ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും സാധാരണ ഫീച്ചറുകളായി മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കുന്നുണ്ട്.

വിപണിയിലെ മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഈ പതിപ്പുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു F 850 GS സ്‌റ്റൈല്‍ റാലിപാക്കേജിനൊപ്പം 'പ്രോ' പ്രൊഫൈലില്‍ ലഭ്യമാകും.

ഈ പ്രൊഫൈല്‍ പവറും ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു, ആത്യന്തിക ഓഫ്-റോഡ് കഴിവിനൊപ്പം കൂടുതല്‍ വ്യതിരിക്തമായ ടൂറിംഗ് സവിശേഷതകളും ഫീച്ചര്‍ ചെയ്യുന്നു.

മറുവശത്ത്, പുതിയ ബിഎംഡബ്ല്യു F 850 GS അഡ്വഞ്ചര്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ആവശ്യമായ ഭൂപ്രദേശങ്ങള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. TFT ഡിസ്പ്ലേ, ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റഡ്, യുഎസ്ബി ചാര്‍ജ് പോര്‍ട്ട്, എബിഎസ് പ്രോ, ഡിടിസി എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച്, ഈ ഡ്യുവല്‍ സ്പോര്‍ട് മോട്ടോര്‍സൈക്കിള്‍ ലോകമെമ്പാടുമുള്ള നീണ്ട ടൂറുകള്‍ക്കായി കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറാക്കിയിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യു F 850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍ സ്‌റ്റൈല്‍ റാലി അല്ലെങ്കില്‍ സ്‌റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക് പാക്കേജിനൊപ്പം പ്രോ പ്രൊഫൈലില്‍ ലഭ്യമാകും.

ലോകത്തിന് അതിരുകളില്ല, റൈഡര്‍മാര്‍ക്കായി അജ്ഞാതമായ ഒരു യാത്ര ആരംഭിക്കുന്നതിനാണ് GS നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് F 850 GS, F 850 GS അഡ്വഞ്ചര്‍ പ്രോ എന്നിവയുടെ ലോഞ്ചിംഗ് വേളയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

ബിഎംഡബ്ല്യു F 850 GS, F 850 GS അഡ്വഞ്ചര്‍ ബൈക്കുകള്‍ നിങ്ങളുടെ ഓഫ്-റോഡ് റൈഡിംഗ് അഭിലാഷങ്ങളെ ശമിപ്പിക്കുന്നതിന് തികച്ചും കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു. ഈ GS ലെജന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വെല്ലുവിളികള്‍ നേരിടാനും മറ്റുള്ളവര്‍ പിന്നോട്ട് തിരിയാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുമാണെന്നും വിക്രം പവാഹ അഭിപ്രായപ്പെട്ടു. ഏതാനും നാളുകള്‍ക്ക് മുന്നെ GS മോഡലുകളുടെ 40 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെയും ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








