നിറം മങ്ങുമോ? ഓട്ടോ എക്സ്പോ 2023-ല്‍ പങ്കെടുക്കാത്ത 5 പ്രധാന ടൂവീലര്‍ ബ്രാന്‍ഡുകള്‍ ഇവയാണ്
ഇന്ത്യയിലെ വാഹനപ്രേമികളുടെ സംഗമവേദിയാണ് ഓട്ടോ എക്‌സ്‌പോ. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ പ്രദര്‍ശനം കൂടിയാണ് ഓട്ടോ എക്സ്പോ. വാഹന പ്രേമികള്‍ക്ക് അവരുടെ പ്രിയപ്പെട്ട കാറുകളും മോട്ടോര്‍സൈക്കിളുകളും കാണാനും അവയെ അടുത്തറിയാനും സാധിക്കുന്ന ഒരു ഇവന്റാണിത്. ആളുകള്‍ക്ക് അവരുടെ സ്വപ്ന ബൈക്കുകളുടെ കൂടെ ചിത്രങ്ങള്‍ എടുക്കാനും സാധിച്ചിരുന്നു.
കുടുംബത്തോടൊപ്പം ഒരു ഔട്ടിംഗിന് പോകാന്‍ പറ്റിയ നല്ലൊരു ഇടം കൂടിയായിരുന്നു ഓട്ടോ എക്‌സ്‌പോ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കാളികളാകുന്ന ഇരുചക്ര വാഹന ഭീമന്‍മാരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നത് നിരാശയുണ്ടാക്കുന്നു. സമീപകാലത്ത് കണ്ട് വരുന്ന ഈ ട്രെന്‍ഡ് ഇക്കുറിയും ആവര്‍ത്തിക്കുന്നത് ബൈക്ക് പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. നിരവധി ടൂവീലര്‍ നിര്‍മ്മാതാക്കള്‍ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. സുസുക്കി, പിയാജിയോ തുടങ്ങിയ കമ്പനികള്‍ ഇപ്പോഴും എക്‌സ്‌പോക്ക് എത്തുന്നുണ്ടെങ്കിലും പല പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡുകളും വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയാണ് ഓട്ടോ എക്സ്പോ 2023-ല്‍ സാന്നിധ്യം അറിയിക്കാത്ത പ്രമുഖര്‍. റോയല്‍ എന്‍ഫീല്‍ഡും ഹാര്‍ലി-ഡേവിഡ്സണും ഓട്ടോ എക്സ്പോയില്‍ വളരെക്കാലമായി പങ്കെടുക്കുന്നില്ല. പുതിയ മോഡലുകളുടെ ലോഞ്ചുകളും കണ്‍സെപ്റ്റുകളും പ്രദര്‍ശിപ്പിച്ച് ടിവിഎസ് വര്‍ഷങ്ങളായി ഓട്ടോ എക്‌സ്‌പോയില്‍ അവരുടെ സാന്നിധ്യം അറിയിച്ച് വരാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി.
മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വളരെ ജനപ്രിയമായ റൈഡര്‍ മാനിയയും പുതുതായി ലോഞ്ച് ചെയ്ത ടിവിഎസ് മോട്ടോ സോളും പോലെ സ്വന്തമായി തന്നെ ഫെസ്റ്റുകളും ഇവന്റുകള്‍ സംഘടിപ്പിക്കുകയാണ്. കൂടാതെ, ഇന്ത്യ ബൈക്ക് വീക്കില്‍ ഇന്ത്യയില്‍ നിന്നുള്ള ധാരാളം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ പങ്കാളിത്തവും കാണുന്നു. ഇരുചക്രവാഹന നിര്‍മാതാക്കള്‍ക്കൊപ്പം പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളില്‍ ചിലരും മേളയില്‍ പങ്കെടുക്കുന്നില്ല. 2023 ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കാത്ത ബ്രാന്‍ഡുകളെ നോക്കുമ്പോള്‍ അതിലെ ഏറ്റവും വലിയ പേരുകളില്‍ ഒന്ന് ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഗ്രൂപ്പുകളിലൊന്നായ സ്‌കോഡ ഓട്ടോ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ആണ്.
ഈ ഗ്രൂപ്പില്‍ ഫോക്‌സ്‌വാഗൺ, ഔഡി, സ്‌കോഡ, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പം ബിഎംഡബ്ല്യു, സിട്രണ്‍, ഫോഴ്‌സ് മോട്ടോര്‍സ്, ഹോണ്ട കാര്‍സ് ഇന്ത്യ, ഇസുസു, ജാഗ്വാര്‍, ജീപ്പ്, ലാന്‍ഡ് റോവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ്, മിനി, റെനോ, നിസാന്‍ എന്നിവയും 2023 ഓട്ടോ എക്സ്പോ ഒഴിവാക്കും.ഇനി നമുക്ക് 2023 ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെയെന്ന് നോക്കാം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ആണ് ഓട്ടോ എക്സ്പോ 2023-ല്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ പേരുകളിലൊന്നാണ്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയും കിയ ഇന്ത്യയും ഇതിന് പിന്നാലെയെത്തും. ടാറ്റ മോട്ടോര്‍സും തങ്ങളുടെ സാന്നിധ്യം കൊണ്ട് മേളയുടെ അലങ്കാരമാകും. കൂടാതെ, ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ വാഹന നിര്‍മ്മാതാക്കളായ BYD (Build Your Dreams), മറ്റൊരു ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യയും എക്‌സ്‌പോയില്‍ പങ്കാളിയാകും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, ലെക്സസ് ഇന്ത്യ, വോള്‍വോ ഇന്ത്യ എന്നിവയും 2023 ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കും.
ഒഖിനാവ പോലുള്ള നിരവധി ഇവി സ്റ്റാര്‍ട്ടപ്പുകളും ടോര്‍ക്ക് മോട്ടോഴ്സും ഹീറോ ഇലക്ട്രിക് പോലുള്ള വമ്പന്‍ ഇവി ബ്രാന്‍ഡുകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്സ്പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. ചെറിയ ഇവേളക്ക് ശേഷം ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ ഷോ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഓട്ടോ എക്‌സ്‌പോ അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ 18 വരെ നടക്കും.
ജനുവരി 15 മുതല്‍ 18 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോ സന്ദര്‍ശിക്കാം. 2023 ഓട്ടോ എക്‌സ്‌പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്മൈഷോയില്‍ ലഭ്യമാണ്.
പ്രമുഖരുടെ അസാന്നിധ്യം മേളയുടെ ആകര്‍ഷണീയതയും പ്രവര്‍ത്തനക്ഷമതയും ചോദ്യം ചെയ്യപ്പെടുന്നതിനാല്‍ 2023 ഓട്ടോ എക്സ്പോയോട് അവര്‍ കാണിക്കുന്ന പ്രതികരണം ആശങ്കാജനകമാണ്. ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വാഹന നിര്‍മാതാക്കളെ അനുനയിപ്പിക്കാനായി വ്യവസായ സ്ഥാപനങ്ങളും ഓട്ടോ എക്സ്പോയുടെ സംഘാടകരും നിരവധി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എങ്കിലും അതില്‍ നിന്നൊന്നും അനുകൂലമായ ഒരു നീക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


Click it and Unblock the Notifications








