Ola Electric സ്‌കൂട്ടര്‍ വാങ്ങാന്‍ പറയൂ...നിങ്ങള്‍ക്ക് 4500 രൂപ നേടാം! എങ്ങനെയെന്നറിയാമോ?
അടുത്ത കാലത്ത് ഓല ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടോ?. ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. തങ്ങളുടെ ഓല S1, ഓല S1 പ്രോ, ഓല S1 എന്നിങ്ങനെയുള്ള മൂന്ന് മോഡലുകള്‍ക്ക് റഫറല്‍ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ്.
വില്‍പന വര്‍ധിപ്പിക്കാനായി ആളുകളെ ശുപാര്‍ശ ചെയ്യുന്ന പുതിയ പദ്ധതിയാണ് ഓല അവതരിപ്പിച്ചിരിക്കുന്നത്. പരിപാടിയിലൂടെ നിങ്ങള്‍ക്ക് 4500 രൂപ വരെ നേടാം. ഓലയുടെ റഫറല്‍ പ്രോഗ്രാമിലൂടെ എങ്ങനെ ക്യാഷ് ബാക്ക് നേടാമെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഇന്ത്യയില്‍ ഇന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ഓല ഇലക്ട്രിക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി പ്രതിമാസം 20,000-ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിക്കുന്നത്.

ഇന്ത്യന്‍ വാഹന വിപണിയെ ഇളക്കി മറിച്ചായിരുന്നു ഓല ഇലക്ട്രിക്കിന്റെ വരവ്. തുടക്കത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ ചില കല്ലുകടികള്‍ ഉണ്ടായെങ്കിലും സമീപകാലത്ത് ഓല ഇടിച്ച് കയറുകയായിരുന്നു. നിലവില്‍ ഓല S1 പ്രോ, S1 സ്‌കൂട്ടറുകള്‍ ആണ് ഓല വിപണിയില്‍ വില്‍ക്കുന്നത്. ഓല S1 എയര്‍ സ്‌കൂട്ടര്‍ ബുക്കിംഗ് മാത്രമേ എടുക്കുന്നുള്ളൂ. ഇത് ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഓലയുടെ ഏറ്റവും വില കുറഞ്ഞ ഓഫറിംഗായ S1 എയര്‍ സ്‌കൂട്ടര്‍ കൂടി വില്‍പ്പനയ്ക്കെത്തുമ്പോള്‍ കമ്പനിയുടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഓല ഉപഭോക്താക്കള്‍ക്കായി റഫറല്‍ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്. ഓല സിഇഒ ഭവീഷ് അഗര്‍വാളാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. അതനുസരിച്ച്, ഓല സ്‌കൂട്ടര്‍ വാങ്ങിയ ഒരു ഉപഭോക്താവിന് തന്റെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ഓല സ്‌കൂട്ടര്‍ ശുപാര്‍ശ ചെയ്യാമെന്ന് സൂചിപ്പിച്ചു. ഇതിനായി ഓലയുടെ വെബ്സൈറ്റില്‍ ഒരു പ്രത്യേക പേജ് തയ്യാറാക്കിയിട്ടുണ്ട്. ഓല ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ഒരു റഫറല്‍ നടത്താം.
ഇത് പ്രകാരം ഒരാള്‍ക്ക് തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ആര്‍ക്കും റഫര്‍ ചെയ്യാം. എന്നാല്‍ പരമാവധി 3 പേരെ റഫറല്‍ ലിസ്റ്റില്‍ സൂക്ഷിക്കാം. അവര്‍ ഒരു ഓല ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കില്‍, ശുപാര്‍ശക്ക് 1500 രൂപ പ്രതിഫലം ലഭിക്കും. ഇതുവഴി ഒരാള്‍ക്ക് റഫറല്‍ വഴി മാത്രം പരമാവധി 4500 രൂപ സമ്പാദിക്കാം. ഈ റഫറല്‍ നടത്താന്‍ നിങ്ങള്‍ക്ക് https://olaelectric.com/referrals എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.
ആദ്യം 'സ്റ്റാര്‍ട്ട് റഫറിംഗ് ' എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യാം. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. പിന്നാലെ നിങ്ങള്‍ക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കും. അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് നിങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്ന മൂന്ന് ആളുകളുടെ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങള്‍ റഫര്‍ ചെയ്യുന്നയാള്‍ ഒരു ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് 1500 രൂപ ലഭിക്കും. മൂന്ന് പേരും വാങ്ങുകയാണെങ്കില്‍ 4500 രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാം. അവരുടെ വാഹനത്തിന്റെ ഡെലിവറിയാകുമ്പോള്‍ ആയിരിക്കും നിങ്ങള്‍ക്ക് പണം ലഭിക്കുക.
ഓല നിലവില്‍ ഓല S1 പ്രോ, S1, S1 എയര്‍ എന്നീ സ്‌കൂട്ടറുകളാണ് പുറത്തിറക്കിയിട്ടുള്ളത്. 2021-ല്‍ S1 പ്രോ എന്ന പേരില്‍ ആദ്യത്തെ സ്‌കൂട്ടര്‍ അവതരിപ്പിച്ചാണ് ഓല ഇന്ത്യന്‍ ഇവി സ്‌പെയ്‌സില്‍ കാലുകുത്തിയത്. S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി 1 വര്‍ഷത്തിന് ശേഷമാണ് അവര്‍ തങ്ങളുടെ അടുത്ത ഇവിയായ S1 പുറത്തിറക്കിയത്. S1 പ്രോയേക്കാള്‍ വില കുറഞ്ഞ S1-ന്റെ വരവോടെ ഓലയുടെ വില്‍പ്പന കൂടി. ഇത് കൂടി കണക്കിലെടുത്താണ് ഓല കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ തങ്ങളുടെ മൂന്നാമത്തെ സ്‌കൂട്ടര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ ദീപാവലിക്കാണ് S1 എയര്‍ എന്ന പേരില്‍ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. നിലവില്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 ജനുവരി മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല S1 പ്രോ സ്‌കൂട്ടറിന് 1.39 ലക്ഷം രൂപയും ഓല S1 സ്‌കൂട്ടറിന് 99,999 രൂപയും ഓല S1 എയര്‍ സ്‌കൂട്ടറിന് 84,999 രൂപയുമാണ് വില. S1 എയറിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ച് ഓലയുടെ മോട്ടോര്‍സൈക്കിളും വരുന്നുണ്ടെന്ന കാര്യം ഭവീഷ് അഗര്‍വാള്‍ അറിയിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ ഒതുങ്ങാതെ കാര്‍ നിര്‍മാണത്തിലും ഓല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഓല ഇലക്ട്രിക് കാറിന്റെ ടീസര്‍ ഇതിനോടകം കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications








