Hero MotoCorp-ഉം ഹീറോ ഇലക്ട്രിക്കും ഒന്നല്ല രണ്ടാണ്; എന്താണ് വ്യത്യാസമെന്നാണോ?
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 1.45 ലക്ഷം രൂപയ്ക്ക് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ വിഡ V1 കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

അപ്പോള്‍ ചിലര്‍ക്കെങ്കിലും മനസ്സില്‍ തോന്നിയിരിക്കാം അപ്പോള്‍ ഇതുവരെ ഇറങ്ങിക്കൊണ്ടിരിക്കുന്ന ഹീറോ ഇലക്ട്രിക്ക് ഹീറോ മോട്ടോകോര്‍പിന്റെ അല്ലെ എന്ന്. വാസ്തവത്തില്‍, ഹീറോ മോട്ടോകോര്‍പ്പിന് ഹീറോ ഇലക്ട്രിക്കുമായി യാതൊരു ബന്ധവുമില്ല. സംഭവം എങ്ങനെയെന്ന് നമുക്ക് വിശദീകരിക്കാം.

ഹീറോ ഇലക്ട്രിക് തന്നെ തുടക്കക്കാര്‍
ഹീറോ ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിജയ് മുഞ്ജലിന്റെയും മകന്‍ നവീന്‍ മുഞ്ജാലിന്റെയും നേതൃത്വത്തിലുള്ള ഹീറോ ഇക്കോടെക് ഗ്രൂപ്പിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുമ്പന്‍മാരാണ് ഹീറോ ഇലക്ട്രിക്. താങ്ങാവുന്ന വിലയില്‍ ഒരു യൂട്ടിലിറ്റി ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ തേടുന്ന ഉപയോക്താക്കള്‍ക്കുള്ള ഫസ്റ്റ് ചോയ്‌സാണ് ഹീറോ ഇലക്ട്രിക്ക്. മണിക്കൂറില്‍ 25 മുതല്‍ 45 കിലോമീറ്റര്‍ വേഗതയുള്ള ഈ സ്‌കൂട്ടറില്‍ വന്‍ ഫീച്ചറുകള്‍ ഒന്നും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

കമ്പനി ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അസംബിള്‍ ചെയ്ത് തങ്ങളുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖല വഴി വിറ്റഴിക്കുന്നു. എന്നിരുന്നാലും ഇപ്പോള്‍ ഓല ഇലക്ട്രിക്, ഒഖിനാവ, ടിവിഎസ്, ഏഥര്‍ എനര്‍ജി, ബജാജ് എന്നിവരില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്നുണ്ട്.

എന്നിരുന്നാലും, ഹീറോ ഇലക്ട്രിക് രാജ്യത്തെ ഡീലര്‍മാരെയും ഉപഭോക്തൃ അടിത്തറയെയും ക്രമാനുഗതമായി വര്‍ധിപ്പിച്ച് വിപണിയി വലുതാക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തിന്റെ (ഏപ്രില്‍-സെപ്റ്റംബര്‍ 2022) ആദ്യ പകുതിയില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ബ്രാന്‍ഡ് മൂന്നാം സ്ഥാനത്താണ്.

ഹീറോ മോട്ടോകോര്‍പ്പിന്റെ വിഡ
വിജയ് മുഞ്ജാലിന്റെ അമ്മാവന്‍ പവന്‍ മുഞ്‌ലാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ തലവന്‍. അവര്‍ രണ്ടുപേരും കുടുംബപ്പേരും ഹീറോ ബ്രാന്‍ഡ് നെയിമും പങ്കിടുന്നുവെന്ന സാമ്യതയുണ്ടെങ്കിലും അവരുടെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന രീതി തികച്ചും വ്യത്യസ്തമായാണ്.

ഹീറോ ഇലക്ട്രിക് ഇവി വിപണിയിലെ വന്‍തോക്കുകളില്‍ ഒന്നാണെങ്കിലും ആഗോള ഇരുചക്ര വാഹന ഭീമനായ ഹീറോ മോട്ടോകോര്‍പ്പുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. ഹീറോ ഇതുവരെ ഇവി വിപണിയിലേക്ക് കാലെടുത്തുവെക്കാത്തതിനാല്‍ ഇതുവരെ ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.

ഹീറോ ഇലക്ട്രിക്കിന്റെ ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ച ഫീച്ചറുകളും പെര്‍ഫോമന്‍സുമാണ് വിഡ V1-ന്‌വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ്, ബാറ്ററി റേഞ്ച്, ടോപ്പ് സ്പീഡ് അല്ലെങ്കില്‍ ഗ്രേഡബിലിറ്റി എന്നിവയിലെല്ലാം വിഡ V1 വളരെ ഉയരത്തിലാണ്. വിലയിലും ഇത് പ്രതിഫലിക്കുന്നു. 1.45 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) വിഡ ഇവികള്‍ ലഭിക്കുക. ഇത് ഏറ്റവും വിലകൂടിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇരട്ടി വരും. ഈ ഘട്ടത്തില്‍ വിപണിയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ് വിഡ V1 പ്രോ.

ഹീറോ ഇലക്ട്രിക്കും വിഡയും ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ തികച്ചും വ്യത്യസ്തരാണ്. എന്തുകൊണ്ടാണ് ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യ ഇവിയില്‍ ഹീറോ ബാഡ്ജ് നല്‍കാത്തത്. എന്തിനാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇറക്കാന്‍ വിഡ എന്ന ഉപബ്രാന്‍ഡുമായി വരുന്നതെന്ന സംശയത്തിനുള്ള മറുപടിയാണ് ഇനി പറയാന്‍ പോകുന്നത്.

കുടുംബ കലഹം
2010-ലാണ് ഒരു കുടുംബ ഒത്തുതീര്‍പ്പ് ധാരണ പ്രകാരം ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഹീറോ ബ്രാന്‍ഡ് നാമം ഉപയോഗിക്കില്ലെന്ന് സമ്മതിച്ചത്. ഹീറോ ഇലക്ട്രിക്കിന് അതിന്റെ ഇവികളില്‍ പേര് ഉപയോഗിക്കാനുള്ള ഏക അവകാശം നല്‍കി. ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്ന ഇവികള്‍ക്ക് ഇത് ബാധകമായിരുന്നു.

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹീറോ മോട്ടോകോര്‍പിന് നോക്കിനില്‍ക്കാന്‍ സാധിക്കില്ലെല്ലോ. 2023 സാമ്പത്തിക വര്‍ഷത്തിന്റെ (ഏപ്രില്‍-സെപ്റ്റംബര്‍ 2022) ആദ്യ പകുതിയില്‍ ഇന്ത്യയില്‍ 2.75 ലക്ഷത്തിലധികം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ഹീറോ മോട്ടോകോര്‍പ്പ് എന്നാല്‍ തങ്ങളുടെ ഇവി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോയിരുന്നില്ല, കൂടാതെ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ സ്‌കൂട്ടറില്‍ ഹീറോ ബാഡ്ജ് അടിച്ചാല്‍ ഹീറോ ഇലക്ട്രിക്ക് പ്രശ്നമുണ്ടാക്കുമായിരുന്നു. ഒരു പേരില്‍ എന്താണിത്ര എന്നല്ലേ. 'ഹീറോ' എന്ന ബ്രാന്‍ഡ് പരിഗണിക്കുമ്പോള്‍ അത് വളരെയേറെയാണ്.

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഇവി ഉല്‍പ്പന്നങ്ങളില്‍ ഹീറോ ബാഡ്ജ് ഇടാന്‍ പോരാടിയതോടെ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമയുദ്ധങ്ങള്‍ നടന്നു. എന്നിരുന്നാലും, ഈ വര്‍ഷം ഫെബ്രുവരിയില്‍, ഹീറോ മോട്ടോകോര്‍പ്പിനെതിരായ ഹരജി ഹീറോ ഇലക്ട്രിക് പിന്‍വലിച്ചു. വിഷയം ഒരു ആര്‍ബിട്രേഷന്‍ ട്രിബ്യൂണലിന് റഫര്‍ ചെയ്തു. ജൂണില്‍ ഹീറോ മോട്ടോകോര്‍പ്പിന് അനുകൂലമായി വിധിച്ചു ട്രിബ്യൂണല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഹീറോ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിച്ചു.

എന്നിരുന്നാലും ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ പദ്ധതികളുമായി ബഹുദൂരം മുന്നോട്ട് േപായിരുന്നു. അവര്‍ ഇവി വികസനം ആരംഭിക്കുകയും ചെയ്തു. മാര്‍ച്ചിലാണ് വിഡ ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. V1 പ്രോ, V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയതോടെയാണ് കമ്പനി ഈ പേരില്‍ ഉറച്ച് നില്‍ക്കാന്‍ തുടങ്ങി.

ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഹീറോ ബ്രാന്‍ഡ് ആഗ്രഹിച്ചിരുന്നു. എങ്കിലും വിഡ ബ്രാന്‍ഡ് നാമം യഥാര്‍ത്ഥത്തില്‍ ഹീറോ ഇലക്ട്രിക്കില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ സഹായിക്കും. അത് ഹീറോ മോട്ടോകോര്‍പ്പിന് എത്ര അനുകൂലമാകും V1 ന് വിപണിയില്‍ എത്രമാത്രം ചലനം സൃഷ്ടിക്കാന്‍ കഴിയും എന്നത് കാത്തിരുന്ന് കാണാം. ഇതോടൊപ്പം തന്നെ ഹീറോ അമേരിക്കന്‍ പ്രീമിയം ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളായ സീറോ മോട്ടോര്‍സൈക്കിള്‍സുമായി കൈകോര്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications








