മത്സരം കൊഴുപ്പിക്കാന്‍ Hero MotoCorp; വിഡ ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്‌ടോബര്‍ ഏഴിന്
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ടിവിഎസ് ബജാജ് പോലുള്ള അതികായന്‍മാരും ചുവടുറപ്പിക്കുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ് നോക്കി നില്‍ക്കുന്നത് എങ്ങനെയാണ്. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള തങ്ങളുടെ അരങ്ങേറ്റം ഹീറോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് ഹീറോ ഇലക്ട്രിക് വാഹന രംഗത്തേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. അന്നേ ദിവസം വിഡ ബ്രാന്‍ഡിന് കീഴിലുള്ള തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഇ-സ്‌കൂട്ടര്‍ ജൂലൈ ഒന്നിന് അവതരിപ്പിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ചിപ്പ് ക്ഷാമം കാരണം വൈകുകയായിരുന്നു. പുറത്തിറങ്ങാന്‍ പോകുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ചോര്‍ന്നിരുന്നു.

മികച്ച സ്‌റ്റൈലിംഗോടെ വരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മാന്യമായ പെര്‍ഫോമന്‍സോടു കൂടിയെത്തുമെന്ന പ്രതീക്ഷ ചിത്രങ്ങളിലൂടെ ലഭ്യമായിരുന്നു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള നിര്‍മ്മാതാവ് ഇത് പ്രീമിയം മോഡലാക്കുന്നതിന് പകരം ഒരു ബഹുജന-വിപണി ഉല്‍പ്പന്നമായി ഇറക്കാനാണ് സാധ്യത. ഇതിനര്‍ത്ഥം സ്‌കൂട്ടര്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞാലുടന്‍ ധാരാളം ഹീറോ ഷോറൂമുകളില്‍ ഇത് എത്തിച്ചേക്കും.

എന്നിരുന്നാലും, തുടക്കത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ബ്രാന്‍ഡ് ഈ പുതിയ ഇ-സ്‌കൂട്ടറിനെ ചില നഗരങ്ങളിലേക്ക് പരിമിതപ്പെടുത്തുമെന്നും സൂചനയുണ്ട്.
ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല എസ്1, ഏഥര്‍ 450X എന്നിവയുമായി മത്സരിക്കും.
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരം ശക്തമായതിനാല്‍ സാധാാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ വാഹനം ഹീറോ ലഭ്യമാക്കുമെന്നാണ് സൂചന. ഒരുപക്ഷേ ലക്ഷം രൂപയില്‍ താഴെ ആയിരിക്കും വില.

കമ്പനിയുടെ 10ാം വാര്‍ഷികവേളയില്‍ സ്‌കൂട്ടറിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രോട്ടോടൈപ്പ് മോഡല്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഡ്യുവല്‍-ടോണ്‍ വൈറ്റ്, ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ത്തിയാക്കിയത്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിന്നില്‍ ബ്ലാക്ക് അലോയ് വീലുകളും നീളമുള്ള സ്പ്ലിറ്റ് സീറ്റ് എന്നിവ ടീസറില്‍ കാണാം.

ഈ സ്‌കൂട്ടറിന്റെ പിന്‍സീറ്റ് വേര്‍പെടുത്താനാവും. ലാസ്റ്റ് മൈല്‍ സേവനങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണിതെന്നാണ് കമ്പനി പറയുന്നത്. ഹാന്‍ഡില്‍ ബാര്‍, സൈഡ്, റിയര്‍ ഫെന്‍ഡര്‍, ഫ്‌ലോര്‍ ബോര്‍ഡ് എന്നിവയില്‍ സ്പോര്‍ട്ടി ആക്സന്റുകള്‍ ലഭിക്കുമ്പോള്‍ ഫ്‌ലൈസ്‌ക്രീനും വളഞ്ഞ ബോഡി വര്‍ക്കുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉണ്ടാവും.

ചിത്രങ്ങളും മറ്റും വ്യക്തമാക്കുന്നത് അനുസരിച്ച് പിന്‍ ചക്രത്തില്‍ ഹബ് മൗണ്ടഡ് മോട്ടോര്‍ ഇല്ലാത്തതിനാല്‍ മിഡ്-ഷിപ്പ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറായിരിക്കും ഇത് പവര്‍ ചെയ്യുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പേറ്റന്റ് നേടിയ ഗോഗോറോ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള ഇ-സ്‌കൂട്ടറിന് ഇരട്ട-വശങ്ങളുള്ള സ്വിംഗാര്‍മുകള്‍ നഷ്ടമായിരിക്കുന്നതായി കാണാം.

വിദേശത്ത് വില്‍ക്കുന്ന ഗോഗോറോ ശ്രേണിയിലുള്ള സ്‌കൂട്ടറുകളുമായി പ്രോട്ടോടൈപ്പിന് വളരെ കുറച്ച് മാത്രമേ സാമ്യമുള്ളൂവെന്നും നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഇവികള്‍ നെറ്റ്വര്‍ക്ക് ചാര്‍ജ് സംവിധാനം സ്ഥാപിക്കുന്നതിനായി ഹീറോ തായ്വാന്‍ ആസ്ഥാനമായുള്ള ഗോഗോറോയുമായുള്ള കൈകോര്‍ത്തിരുന്നു. ഇലക്ട്രിക് മോഡലുകള്‍ക്കായി ഗോഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഈ കൂട്ടുകെട്ട് തയാറാവുന്നത്.

മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായി 'വിഡ' എന്ന സമര്‍പ്പിത ബ്രാന്‍ഡിലൂടെയാണ് ഹീറോ മോട്ടോകോര്‍പ്പ് ഇവി രംഗത്തേക്ക് കടന്ന് വരുന്നത്. ഹീറോയുടെ ഭാവി ഇവി ലൈനപ്പ് 'വിഡ' ബ്രാന്‍ഡിനു കീഴിലായിരിക്കും എത്തുക. ഹീറോ ഇലക്ട്രിക് ഉള്ളതിനാലാണ് ഹീറോ മോട്ടോര്‍കോര്‍പ്പിന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പുതിയ ബ്രാന്‍ഡ് വേണ്ടി വന്നത്. ഇത് നിലവില്‍ ഉടമസ്ഥാവകാശത്തെച്ചൊല്ലി നിയമയുദ്ധത്തില്‍ വരെ എത്തിയിരുന്നു.

'ബി ദി ഫ്യൂച്ചര്‍ ഓഫ് മൊബിലിറ്റി' എന്ന കാഴ്ച്ചപ്പാടിന് കീഴില്‍ ദുബായിലെ ക്ലാരന്‍സ് ഐലന്‍ഡില്‍ നടന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഇവന്റില്‍ വെച്ച് ഹീറോ മോട്ടോകോര്‍പ് ചെയര്‍മാനും സിഇഒയുമായ പവന്‍ മുഞ്ജലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എമിരിറ്റസ് ചെയര്‍മാന്‍ ബ്രിജ്‌മോഹന്‍ ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനായിരുന്നു ഹീറോയുടെ പ്ലാന്‍. എന്നാല്‍ സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമം വിനയായി.

ജൂലൈ ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഈ വര്‍ഷം അവസാനം മുതലായിരിക്കും ഡെലിവറികള്‍ ആരംഭിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വണ്ടിയുടെ ഡെലിവറി എന്ന് മുതല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ചിറ്റൂരിലുള്ള ഹീറോയുടെ ഗ്രീന്‍ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് ഈ സ്‌കൂട്ടറിന്റെ നിര്‍മാണം.

ഇവി വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനായി ഹീറോ വിവിധ സെഗ്മെന്റുകളിലുടനീളം ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയിലും ഗൊഗോറോയിലും ഹീറോ നിക്ഷേപം തുടരുന്നു. ഇതോടൊപ്പം തന്നെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി മറ്റ് ചില ബ്രാന്‍ഡുമായി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യാനാണ് പദ്ധതികള്‍.

രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കുന്നതിനായി കമ്പനി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പനികള്‍ക്കൊപ്പം ഹോണ്ടയും സുസുക്കിയും ഉടന്‍ തന്നെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് കടന്ന് വരുന്നതോടെ മത്സരം കടുക്കുമെന്ന് ഹീറോക്കറിയാം. അതിനാല്‍ മോട്ടോ ഭീമന്‍മാരുടെ അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയില്‍ തങ്ങളുടേതായ ഇരിപ്പിടം നേടാനാണ് ഹീറോയുടെ ശ്രമം.


Click it and Unblock the Notifications








