ആക്‌ടിവക്ക് പുത്തന്‍ എതിരാളിയുമായി ഹീറോ; ചിത്രങ്ങളും വിവരങ്ങളും ചോർന്നു
ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ മുടിചുടാ മന്നനായ ഹോണ്ട ആക്‌ടിവക്ക് ചെക്ക്‌വെക്കാന്‍ ഹീറോ നിരവധി മോഡലുകള്‍ നിരത്തിലിറക്കിയെങ്കിലും ഒന്നും വേണ്ടവിധം ക്ലച്ചുപിടിച്ചിട്ടില്ല.

ഇരുചക്രവാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരാണെങ്കിലും സ്‌കൂട്ടര്‍ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ഹീറോ മോട്ടോര്‍കോര്‍പ്പിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ആക്‌ടിവ 6G ക്ക് ശക്തനായ ഒരു എതിരാളിയെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍.

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയിലെ മാറ്റിവെയ്ക്കാനാകാത്ത ഒരു അധ്യായം തന്നെയാണ് ഹോണ്ട ആക്‌ടിവയുടെ വരവും വില്‍പ്പനയും. ഇന്ത്യന്‍ സൂട്ടര്‍ വിപണിയെ ഇത്ര കണ്ട് ഇളക്കിമറിച്ച മറ്റൊരു സ്‌കൂട്ടര്‍ ഇല്ലെന്ന് തന്നെ പറയാം. ഇതോ കാരണങ്ങള്‍ കൊണ്ടാണ സെഗ്‌മെന്റ് വിപണി ഇപ്പോഴും ഹോണ്ടയുടെ കൈയ്യടക്കി വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അവിടെ കയറിപ്പറ്റുകയെന്നതാണ് ഹീറോ ലക്ഷ്യമിടുന്നത്.

ഹീറോയുടെ പോര്‍ട്ട്ഫോളിയോയില്‍ ആക്ടിവ സീരീസിന് എതിരാളികള്‍ ഉണ്ട്. 110 സിസി സ്‌കൂട്ടറായ പ്ലഷര്‍, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 എന്നിവയാണവ. എന്നാല്‍ ഹീറോയുടെ രണ്ട് 125 സിസി സ്‌കൂട്ടറുകളും ഏറ്റവും കൂടുതല്‍ വില്‍പ്പനയുളള ആദ്യത്തെ 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

ഹീറോയുടെ വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ വിശദാംശങ്ങള്‍ ഒരു ഡീലര്‍ ഇവന്റിനിടെ ചോര്‍ന്നിരിക്കുകയാണിപ്പോള്‍. 110cc യില്‍ വരുന്ന സ്‌കൂട്ടറിനെ Maestro Xoom 110 എന്നായിരിക്കും വിളിക്കുക. മാസ്‌ട്രേ എഡ്ജ് 110, മാസ്‌ട്രേ എഡ്ജ് 125 മോഡലുകളാണ് ഹീറോ നിലവില്‍ ഈ സീരീസില്‍ വില്‍പനക്കെത്തിക്കുന്നത്. ഇവക്ക് 70000-87000 രൂപയാണ് (എക്‌സ്‌ഷോറൂം) വില വരുന്നത്. പുതിയ സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞ വിവരങ്ങള്‍ ചുവടെ:

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അവരുടെ ആഭ്യന്തര പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ് ഹീറോ. മികച്ച ലുക്ക്, ഫീച്ചറുകള്‍, പെര്‍ഫോമന്‍സ് എന്നിവയുടെ മികച്ച കോംബിനേഷനാകും മാസ്‌ട്രോ സൂം 110 എന്നാണ് വിലയിരുത്തല്‍.

110 സിസി ശ്രേണിയെ അടിസ്ഥാനമാക്കിയുള്ള മാസ്‌ട്രോ സൂമില്‍ പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡിസൈനും അപ്ഡേറ്റുകളും പരിഗണിക്കുമ്പോള്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ മിന്നിക്കാന്‍ സാധ്യതയുണ്ട്. ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 എന്നിവയ്ക്ക് ഇല്ലാത്ത ശൈലിയും രൂപ ഘടകവും സ്വഭാവവുമായിട്ടാണ് പുതിയ സ്പോര്‍ട്ടി സ്‌കൂട്ടര്‍ വരുന്നത്.

മാസ്‌ട്രോ Xoom 110 സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ കൂടുതല്‍ യുവത്വമുള്ളതും സ്‌പോര്‍ട്ടി ഡിസൈനുമുള്ളതുമാണെന്ന് ചോര്‍ന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍വശത്ത് എക്‌സ് ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റും ഷാര്‍പ്പ് ടെയില്‍ ലൈറ്റും സജ്ജീകരിച്ചിരിക്കുന്നു.

സംയോജിത LED ഡേടൈം റണ്ണിംഗ് ലൈറ്റ്, മെച്ചപ്പെട്ട സുരക്ഷയ്ക്കും ദൃശ്യപരതയ്ക്കുമായി കോര്‍ണര്‍ ബെന്‍ഡിംഗ് ഫംഗ്ഷന്‍ എന്നിവയ്ക്കൊപ്പം ടേണ്‍ സിഗ്‌നല്‍ യൂണിറ്റിനെ ഒഴിവാക്കുന്ന ഒരു ഷാര്‍പ്പ്-പീസ് LED ഹെഡ്ലാമ്പും ഉള്‍പ്പെടുന്നു. മൊത്തത്തിലുള്ള ബോഡി വര്‍ക്ക് നിലവിലുള്ള Maestro Edge 110 നേക്കാള്‍ മൂര്‍ച്ചയുള്ളതായി തോന്നുന്നു.

ഈ സ്‌കൂട്ടറിന് വലത് സ്വിച്ച് ഗിയറില്‍ മാറാവുന്ന i3S ബട്ടണ്‍ ലഭിക്കുന്നു. പിന്‍ഭാഗത്ത്, ഇതിന് 'എക്‌സ്' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍-ലൈറ്റും സാധാരണ ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. ഹീറോയുടെ എക്സ്ട്രീം 160R എന്ന മോഡലിനെ സ്‌പോര്‍ട്ടിയാക്കാന്‍ നല്‍കിയിരുന്ന സ്മോക്ക്ഡ് ടെയില്‍-ലൈറ്റ് കവര്‍ ആണ് ഈ മോഡലിനും നല്‍കിയിരിക്കുന്നത്.

ബേസ് മോഡലിന് കരുത്ത് പകരുന്ന 110cc സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ തന്നെയാണ് Maestro Xoom 110 ലും ഹീറോ ഉപയോഗിച്ചിരിക്കുന്നത്. ഇത് 8.04 bhpയും 8.7 nm ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന ഹീറോയുടെ i3s സാങ്കേതികവിദ്യയും Maestro Xoom-ല്‍ പ്രയോജനപ്പെടുത്തും. സിവിടി ഓട്ടോമറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്.

മുന്‍വശത്തെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ സ്‌കൂട്ടര്‍ എല്‍ഇഡി ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഗ്ദാനം ചെയ്യും. ഇതിന് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് ലഭിക്കുമെന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, സിംഗിള്‍ റിയര്‍ ഷോക്ക്, ഫ്രണ്ട് ഡിസ്‌ക്, റിയര്‍ ഡ്രം ബ്രേക്ക് സെറ്റപ്പ് എന്നിവ ഉപയോഗിച്ചാകും ഹീറോ Maestro Xoom 110 സജ്ജീകരിക്കുക. Maestro Edge 110-ല്‍ നിന്ന് വ്യത്യസ്തമായി
12 ഇഞ്ച് വീലുകളും മെഷീന്‍ കട്ട് അലോയ്കളും ഈ ടോപ്പ്-സ്‌പെക്ക് ട്രിമ്മില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിനൊപ്പം ലഭിച്ചേക്കാം

വരാനിരിക്കുന്ന ഈ സ്‌കൂട്ടറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഹീറോ ഉടന്‍ തന്നെ Maestro Xoom 110 ഇന്ത്യയില്‍ അവതരിപ്പിക്കും. ഉത്സവ സീസണ്‍ അവസാനിക്കുന്നതിന് മുമ്പാകും ലോഞ്ച്.

ഇതിന് ഏകദേശം 75,000 (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കാം. വിപണിയില്‍ പുതിയ മോഡല്‍ ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍, ഹോണ്ട ഡിയോ എന്നിവയെ ആണ് നേരിടേണ്ടത്. പുതിയ ഫീച്ചറുകളും സ്‌പോര്‍ട്ടിയര്‍ ലുക്കുമായി എത്തുന്ന സൂം യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഹീറോ മോട്ടോകോര്‍പ്പ്, ഇന്ത്യയിലെ ഏറ്റവും ചെറിയ ഓഫറായ പ്ലെഷര്‍ പ്ലസ് ഉള്‍പ്പെടെ എല്ലാ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിച്ചിര്ുന്നു. വേരിയന്റിനെ ആശ്രയിച്ച് 850 മുതല്‍ 1,450 രൂപ വരെ ആയിരുന്നു വര്‍ധന. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ സ്‌കൂട്ടറിന്റെ ഫീച്ചറുകളിലോ, എഞ്ചിനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.


Click it and Unblock the Notifications








