നിരത്തുകളില്‍ മിന്നൽപ്പിണറാകാന്‍ Hero Vida; ഡെലിവറി ആരംഭിച്ചു
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രചാരം വര്‍ധിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നമുക്ക് എടുത്ത് കാണിക്കാന്‍ പറ്റുന്ന ഒന്നാണ് ഇരുചക്ര വാഹന ഭീമന്‍മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഈ വിഭാഗത്തിലേക്കുള്ള കടന്ന് വരവ്. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ വിഡ ഡല്‍ഹി, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളിലാണിപ്പോള്‍ ബുക്കിംഗിന് ലഭ്യമായിരിക്കുന്നത്.
ഇപ്പോള്‍ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഹീറോ. 2,499 രൂപ ടോക്കണ്‍ തുക നല്‍കി ഉപയോക്താക്കള്‍ക്ക് അവരുടെ ഹീറോ വിഡ റിസര്‍വ് ചെയ്യാം. ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ അടക്കുന്ന തുക പൂര്‍ണ്ണമായി റീഫണ്ട് ചെയ്യാവുന്നതോ അല്ലെങ്കില്‍ വാങ്ങുന്ന സമയത്തെ അവസാന വിലയ്ക്ക് അനുസൃതമായി ക്രമീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നതാണ്. രാജ്യത്തുടനീളമുള്ള 200-ലധികം സ്ഥലങ്ങളില്‍ വിഡ ലഭ്യമാക്കാന്‍ ഹീറോയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട്.

അടുത്തിടെ, ഹീറോ വിഡയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ കര്‍ണാടകയിലെ ബെംഗളൂരുവില്‍ തുറന്നിരുന്ന. വരും ആഴ്ചകളില്‍ ഡല്‍ഹിയിലും ജയ്പൂരിലും ഹീറോ വിഡ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കും. വെള്ളിയാഴ്ച (ഡിസംബര്‍ 30) വിഡ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് ഹീറോ. ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഡോ പവന്‍ മുഞ്ജാല്‍ ആണ് ബെംഗളൂരുവില്‍ ഒരു ഉപഭോക്താവിന് ആദ്യത്തെ ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ കൈമാറിയത്.
V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ വിഡ ലഭ്യമാകുന്നത്. ഇവ രണ്ടും തമ്മിലുള്ള പ്രാഥമിക വ്യത്യാസം അവയുടെ ബാറ്ററിയും റേഞ്ചുമാണ്. ഹീറോ വിഡ V1 പ്ലസിന് 3.44 kWh ബാറ്ററി ശേഷിയുണ്ട്. അതേസമയം ഹീറോ V1 പ്രോയുടെ ബാറ്ററി ശേഷി 3.94 kWh ആണ്. രണ്ട് സ്‌കൂട്ടറുകള്‍ക്കും യഥാക്രമം 1.72 kWh, 1.97 kWh എന്നീ ഇരട്ട ബാറ്ററി പായ്ക്കുകള്‍ ഉണ്ട്.

V1 പ്ലസിന് 143 കിലോമീറ്ററും V1 പ്രോയ്ക്ക് 165 കിലോമീറ്ററുമാണ് കമ്പനി റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 3.2 സെക്കന്‍ഡ് എടുക്കുന്ന പ്രോ വേരിയന്റിന് ആക്‌സിലറേഷന്‍ അല്‍പ്പം വേഗത്തിലാണ്. പ്ലസ് വേരിയന്റ് ഈ വേഗത്തിലെത്താന്‍ 3.4 സെക്കന്‍ഡ് സമയം എടുക്കുന്നു. രണ്ട് വിഡ വേരിയന്റുകളുടെയും പെര്‍ഫോമന്‍സ് ഏകദേശം സമമാണ്. 6 kW പീക്ക് പവറും 25 Nm പരമാവധി ടോര്‍ക്കും രണ്ട് വേരിയന്റുകള്‍ക്കും ഉണ്ട്.
ഗ്രേഡബിലിറ്റി 20° ആണ്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. രണ്ട് വേരിയന്റുകളിലും ഇക്കോ, റൈഡ്, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. എന്നാല്‍ പ്രോ വേരിയന്റിന് ഒരു അധിക കസ്റ്റം റൈഡിംഗ് മോഡ് ലഭിക്കുന്നു. ഇത് 100-ലധികം കോമ്പിനേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രോ വേരിയന്റിന് 125 കിലോഗ്രാം ഭാരമുണ്ട്. ഇത് പ്ലസ് വേരിയന്റിനേക്കാള്‍ 1 കിലോ കൂടുതലാണ്. വീട്ടിലെ സാഹചര്യത്തില്‍ V1 പ്ലസിന് 5 മണിക്കൂര്‍ 15 മിനിറ്റും വിഡ V1 പ്രോ വേരിയന്റിന് 5 മണിക്കൂര്‍ 55 മിനിറ്റുമാണ് ചാര്‍ജിംഗ് സമയം.
ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ഫുള്‍ ചാര്‍ജിനായി എടുക്കുന്ന സമയം V1 പ്ലസിന് ഏകദേശം 2 മണിക്കൂറും V1 പ്രോയ്ക്ക് 2 മണിക്കൂര്‍ 20 മിനിറ്റുമാണ്. ഓള്‍-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, OTA പിന്തുണയുള്ള 7-ഇഞ്ച് TFT ഡിസ്പ്ലേ, ബ്ലൂടൂത്ത്, 4G, െൈഫെ, ആന്റി-തെഫ്റ്റ് അലാറം, ജിയോഫെന്‍സ്, ട്രാക്ക് മൈ ബൈക്ക്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ്, ക്രൂയിസ് കണ്‍ട്രോള്‍, SOS അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് ഫംഗ്ഷന്‍ എന്നിവയാണ് വിഡ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളുടെയും പൊതുവായ ഫീച്ചറുകള്‍.
വാഹന വാറന്റി, ബാറ്ററി വാറന്റി എന്നിവ യഥാക്രമം 5 വര്‍ഷം/50,000 കിലോമീറ്റര്‍, 3 വര്‍ഷം/30,000 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഇനി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ചെലവാകുന്ന സംഖ്യ നോക്കിയാല്‍ ഹീറോ V1 പ്ലസിന് 1.28 ലക്ഷം രൂപയും V1 പ്രോ വേരിയന്റിന് 1.39 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ വില. ഫെയിം II സബ്സിഡിക്ക് ശേഷമുള്ള വിലയാണിത്. ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്സ്-ഷോറൂം വില മൂന്ന് നഗരങ്ങളിലും തുല്യമാണ്.
ഇതിന് V1 പ്ലസിന് 51,000 രൂപയും V1 പ്രോയ്ക്ക് 60,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്സിഡി ലഭിക്കുന്നു. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡിക്ക് അനുസരിച്ച് നഗരങ്ങളില്‍ വില വ്യത്യാസപ്പെടും. ചില സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇതാണ് ഇവിക്ക് വില ഉയരാന്‍ കാരണമാകുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സബ്സിഡി ലഭ്യമല്ലാത്ത ബെംഗളൂരുവില്‍ വിഡ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമാണ് വില.


Click it and Unblock the Notifications








