Activa-യില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് Honda
സ്‌കൂട്ടര്‍ ശ്രേണിയിലെ ജനപ്രീയ മോഡലായ ആക്ടിവയില്‍ പ്രത്യേക ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട രംഗത്ത്. ഇന്ന് ബ്രാന്‍ഡ് നിരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകൂടിയാണ് ആക്ടിവ.

സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ഇടപാട് തുകയായ 30,000 രൂപയ്ക്ക് അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്ക് ഹോണ്ട വാഗ്ദാനം ചെയ്യും. തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇഎംഐ ഇടപാടുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ സാധുതയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, 3,999 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റും 5-ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുമായി കമ്പനി ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നു. ഈ സ്‌കീം 2022 ജനുവരി 31 മുതല്‍ മാര്‍ച്ച് 31 വരെ സാധുതയുള്ളതാണെന്നും തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇത് ലഭ്യമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്ടിവ 6G, ആക്ടിവ 125 എന്നിങ്ങനെ രണ്ട് മോഡലുകളാണ് ശ്രേണിയില്‍ ഉള്ളത്. ഇതില്‍ ആക്ടിവ 6G-യുടെ പ്രാരംഭ പതിപ്പിന് 70,716 രൂപയും ഉയര്‍ന്ന പതിപ്പിന് 73,961 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ആക്ടിവ 125-ലേക്ക് വന്നാല്‍ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഇതിന്റെ പ്രാരംഭ പതിപ്പിന് 75,084 രൂപയും ഉയര്‍ന്ന വേരിയന്റിന് 82,256 രൂപയുമാണ് എക്‌സ്‌ഷോറൂം വില. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകള്‍ കൂടിയാണ് ആക്ടിവ 6G-യും 125 മോഡലും.

ആക്ടിവ 6G-യുടെ എഞ്ചിന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍ 7.68 bhp കരുത്തും 8.79 Nm torque ഉം നല്‍കുന്ന 109.51 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട ഉപയോഗിക്കുന്നത്. ഹോണ്ടയുടെ നൂതന സാങ്കേതികവിദ്യകളായ PGM-Fi എന്ന പ്രോഗ്രാംഡ് ഫ്യൂവല്‍-ഇഞ്ചക്ഷന്‍, eSP, HET ഹോണ്ട ഇക്കോ ടെക്നോളജി എന്നിവല്ലാം ഈ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, 5.3 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും 12 ഇഞ്ച് വീലുകളും, പിന്നില്‍ സസ്‌പെന്‍ഷന്റെ 3-ഘട്ട ക്രമീകരണം, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ സവിശേഷതകളും ആക്ടിവ 6G-യില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

അതേസമയം വലിയ മോഡലായ ആക്ടിവ 125-യില്‍ 124 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ യൂണിറ്റ് 8.18 bhp കരുത്തും 10.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവയാണ് ആക്ടിവ 125-ന്റെ സവിശേഷതകള്‍.

അതോടൊപ്പം തന്നെ മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്.

അതേസമയം 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ എതിരാളികളുടെ എണ്ണം വര്‍ധിച്ചതോടെ ആക്ടിവ 125-ന് ഒരു പ്രീമിയം എഡിഷന്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ആകര്‍ഷണീയമായ നിറങ്ങള്‍, പ്രീമിയം സ്റ്റൈലിങ് എന്നിവയ്‌ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടിവ് 125 പ്രീമിയം പതിപ്പ് എത്തുന്നത്.

ഇതിന്റെ ഡ്രം അലോയിക്ക് 78,725 രൂപയും, ഡിസ്‌ക് വേരിയന്റിന് 82,280 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡ്യുവല്‍ ടോണ്‍ ബോഡി കളറാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ബ്ലാക്ക് ഫ്രണ്ട് സസ്‌പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്.

ആകര്‍ഷകമായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്‌നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് ആന്‍ഡ് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ആക്ടിവ 125 പ്രീമിയം എഡിഷന്‍ ലഭ്യമാവും.

അതോടൊപ്പം തന്നെ ഹോണ്ട പുറത്തിറക്കിയ സ്പോര്‍ട്ടി സ്‌കൂട്ടറായ ഗ്രാസിയ 125-ന്റെ വില്‍പ്പന ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായും കമ്പനി അറിയിച്ചു.

ബീഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര, സിക്കിം, ഒഡീഷ, അസാം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ വില്‍പ്പനയാണ് ഈ നാഴികക്കല്ല് സമ്മാനിച്ചത്.

കാന്‍ഗ്രയില്‍ (ഹിമാചല്‍ പ്രദേശ്) പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉത്തരേന്ത്യയില്‍ ബിഗ്‌വിംഗ് ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കാന്‍ പോകുന്നതിനിടെയാണ് ഹോണ്ട ഷൈന്‍ 1 കോടി യൂണിറ്റ് നാഴികക്കല്ലും കടന്നത്.

കമ്പനിയുടെ ബിഗ്‌വിംഗ് ഷോറൂമുകളുടെ വിപുലീകരണവും നടന്നുവരികയാണ്. കമ്പനിക്ക് നിലവില്‍ 88 ടച്ച് പോയിന്റുകള്‍ ഉണ്ട്, അത് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 100 ആയി വിര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.


Click it and Unblock the Notifications








