Vektorr ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് Husqvarna
ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് സ്വീഡിഷ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹസ്ഖ്‌വര്‍ണ. വെക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റിനെ പോയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മ്മാണത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. അടുത്തിടെ അതിന്റെ കണ്‍സെപ്റ്റ് പതിപ്പില്‍ പ്രദര്‍ശിപ്പിച്ച ഇ-സ്‌കൂട്ടര്‍ ഇന്ത്യന്‍ റോഡുകളിലും യൂറോപ്പിലും അടുത്ത കാലത്തായി പരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.

ഇത് ഉടന്‍ തന്നെ ഉല്‍പ്പാദന ലൈനുകളില്‍ എത്തിയേക്കുമെന്ന് സൂചനയാണ് നല്‍കുന്നത്. ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമായി സംയുക്തമായാണ് ഹസ്ഖ്‌വര്‍ണ വെക്ടര്‍ വികസിപ്പിക്കുന്നത്. വ്യക്തിഗത നഗര ഗതാഗതത്തിന്റെ ഭാവി വര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുന്ന പരിസ്ഥിതി സൗഹൃദ വാഗ്ദാനമാണിതെന്നാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിനെ വിശേഷിപ്പിക്കുന്നത്.

ഹസ്ഖ്‌വര്‍ണ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ ബജാജ് അതിന്റെ പ്ലാന്റ് ഉപയോഗിക്കും. ബജാജ് ഇതിനകം തന്നെ ബജാജ് ചേതക് എന്നറിയപ്പെടുന്ന വെസ്പ-സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ട്. ചേതക്കുമായി വെക്ടര്‍ പൊതുവായ സവിശേഷതകളും സാങ്കേതികതകളും പങ്കിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹസ്ഖ്‌വര്‍ണ മോട്ടോര്‍സൈക്കിള്‍സ് ഇതുവരെ നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് വെക്ടര്‍ കണ്‍സെപ്റ്റ് എന്ന് സ്വീഡിഷ് ഇരുചക്രവാഹന നിര്‍മാതാക്കള്‍ പറഞ്ഞു. കാര്യക്ഷമവും ഒതുക്കമുള്ളതും ഗംഭീരവുമായ പാക്കേജില്‍ വ്യക്തിഗത ഗതാഗതം ആവശ്യമുള്ള നഗര യാത്രക്കാരെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലക്ഷ്യമിടുന്നത്.

ഹസ്ഖ്‌വര്‍ണ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് സമാനമായ ഡിസൈന്‍ സ്‌കീം പിന്തുടരുന്നു, അത് കമ്പനിയുടെ സിഗ്‌നേച്ചര്‍ ലുക്ക് നിലനിര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷേ അത് ആധുനികതയിലേക്ക് ഒരു പടി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന് 45 kmph (28 mph) വേഗത ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒരു മോപെഡ് ക്ലാസ് വാഹനമായി നിയമപരമായി നിലനിര്‍ത്താന്‍ സ്വീഡിഷ് നിര്‍മാതാവിനെ സഹായിക്കുകയും ചെയ്യും. അതായത് മിക്ക റൈഡര്‍മാര്‍ക്കും ഇത് ഉപയോഗിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല.

വേഗത കുറവായതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 95 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. പവര്‍ സംബന്ധിച്ച് ഇതുവരെ ഒരു വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നാല്‍ വെക്ടര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 2-3 കിലോവാട്ട് മോട്ടോര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സമാന പ്രകടന നിലവാരമുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കാണപ്പെടുന്ന സാധാരണ പവര്‍ ലെവലാണിത്.

കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാന്‍ഡായ ഹസ്ഖ്‌വര്‍ണ നിര്‍മിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറെന്ന ഖ്യാതിയും വെക്ടര്‍ കണ്‍സെപ്റ്റിനുണ്ടെന്ന് വേണം പറയാന്‍. വലിയ സീറ്റുകള്‍ മോഡലിന്റെ സവിശേഷതയാണ്. മുന്നിലും പിന്നിലും സിംഗിള്‍ സ്പ്രിംഗ് സസ്‌പെന്‍ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സുരക്ഷയ്ക്കായി, മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അലോയ് വീലിന്റെ ഡിസൈനും മനോഹരമാണെന്ന് വേണം പറയാന്‍. മോഡലില്‍ ബാറ്ററി സ്വാപ്പ് പോലുള്ള സവിശേഷതകള്‍ ഉണ്ടാകുമോ എന്നത് കാത്തിരുന്ന തന്നെ കാണണം.

പോയ വര്‍ഷം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന IAA ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2021-ലാണ് ഹസ്ഖ്‌വര്‍ണ തങ്ങളുടെ ഇലക്ട്രിക് ശ്രേണിയുടെ പൊതു അരങ്ങേറ്റം നടന്നത്.

പരമ്പരാഗത സ്‌കൂട്ടറുകള്‍ തികച്ചും വളഞ്ഞ ബോഡി ഡിസൈന്‍ അവതരിപ്പിക്കുമ്പോള്‍, വെക്ടര്‍ സ്‌കൂട്ടര്‍ ആശയത്തിന് റേസര്‍-ഷാര്‍പ്പ് ബോഡി പാനലുകള്‍ക്കൊപ്പം ദൃശ്യപരമായി ഷാര്‍പ്പായിട്ടുള്ള രൂപകല്‍പന ലഭിക്കും. കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള 'കിസ്‌ക' ഡിസൈന്‍ സ്റ്റുഡിയോയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഹസ്ഖ്‌വര്‍ണ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് ആദ്യം നടക്കുന്നത് യൂറോപ്പിലാകും. അതിനുശേഷം ഇത് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍, അത് ഏഥര്‍ 450X, ഓല S1 പ്രോ മുതലായവയ്ക്ക് എതിരാളിയാകാം.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യെല്ലോ ആക്സന്റുകള്‍ ഉള്ള ബ്ലാക്ക് വൈറ്റ് ഉള്ള ഡ്യുവല്‍-ടോണ്‍ കളര്‍ തീം, തിളങ്ങുന്ന ഫ്രണ്ട് പാനല്‍, നീളമുള്ളതും പരന്നതുമായ സീറ്റ്, സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവ വെക്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്. വൈകാതെ തന്നെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന പ്രൊഡക്ഷന്‍ വേരിയന്റില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍, ഉപഭോക്താക്കള്‍ക്ക് നിലവില്‍ തെരഞ്ഞെടുക്കാന്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. എന്നിരുന്നാലും, ഉയര്‍ന്ന വില നിര്‍ണ്ണയം, റേഞ്ച് ഉത്കണ്ഠ, മതിയായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ ഈ വിഭാഗത്തിന് തടസ്സമായി തുടരുകയും ചെയ്യുന്നു.


Click it and Unblock the Notifications








