ഒരുപാടുണ്ടല്ലോ! ഒന്നിന് പകരം നാല് മോഡലുകളുമായി യിഇന്ത്യൽ അരങ്ങേറ്റം കുറിക്കാൻ Moto Morini
ഇന്ത്യൻ വാഹന വിപണി അനുദിനം വളരുന്നതിനാൽ, കൂടുതൽ കൂടുതൽ അന്താരാഷ്ട്ര വാഹന നിർമ്മാതാക്കൾ തങ്ങളുടെ അടുത്ത പ്രധാന വിപണിയായി ഇന്ത്യയെ ലക്ഷ്യമിടുന്നു. ഇറ്റാലിയൻ നിഷേ ടു-വീലർ നിർമ്മാതാക്കളായ മോട്ടോ മോറിനിയാണ് ഈ പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളിൽ ഒന്ന്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ നാല് മോട്ടോർബൈക്കുകളിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ബ്രാൻഡ് വെളിപ്പെടുത്തി.

കമ്പനി പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ഉൽപ്പന്ന നിരയിൽ നാല് 650 സിസി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു. അതിൽ X-കേപ്പ് 650, X-കേപ്പ് 650 X, സീമെസോ 6 ½ റെട്രോ സ്ട്രീറ്റ്, സ്ക്രാമ്പ്ളർ എന്നീ മോഡലുകൾ വരുന്നു.

കൂടാതെ, ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഡീലർ ശൃംഖല വികസിപ്പിക്കാനും മോട്ടോ മോറിനി ഉദ്ദേശിക്കുന്നു. ഈ ടച്ച് പോയിന്റുകളിലൂടെ ഉപഭോക്താക്കൾക്ക് പുതിയ പ്രൊഡക്ട് ഓഫറുകൾ അനുഭവിക്കാൻ കഴിയുമെന്ന് ബ്രാൻഡ് അഭിപ്രായപ്പെട്ടു.

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (AARI) അതിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി മോട്ടോ മോറിനിയുടെ പ്രീമിയം മോട്ടോർബൈക്കുകൾ രാജ്യത്ത് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യും.

2018 മുതൽ, ഉയർന്ന നിലവാരമുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബെനെല്ലിയുമായി AARI പങ്കാളികളായിരുന്നു, കഴിഞ്ഞ മാസമാണ് ഹംഗേറിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ കീവേയുമായും AARI ബന്ധം സ്ഥാപിച്ചത്.

ഇന്ത്യൻ മോട്ടോർസൈക്കിളിസ്റ്റുകൾക്ക് മോട്ടോ മോറിനി ബ്രാൻഡ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വികാസ് ജബാഖ് പറഞ്ഞു. മോട്ടോ മോറിനി ബ്രാൻഡിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ച വേളയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയിൽ, ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധത്തിലൂടെ മൂല്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ശ്രമങ്ങളിലൊന്ന് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർബൈക്ക് വിഭാഗത്തിലെ തങ്ങളുടെ പാടവവും എക്സ്പീരിയൻസും ഉപയോഗിച്ച്, രാജ്യത്ത് മോട്ടോ മോറിനി ബ്രാൻഡ് വിജയകരമായി സ്ഥാപിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

1937 -ൽ സ്ഥാപിതമായ ഒരു ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് മോട്ടോ മോറിനി, 1950 -കളിലും 1960 -കളിലും ഭാരം കുറഞ്ഞതും വേഗതയേറിയതുമായ റേസ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിൽ ബ്രാൻഡ് പ്രശസ്തമായിരുന്നു.

കമ്പനിയുടെ ആദ്യത്തെ V-ട്വിൻ ബൈക്കുകളുടെ 350 സിസി, 500 സിസി മോഡലുകൾ 1970 -കളുടെ തുടക്കത്തിൽ പുറത്തിറങ്ങി. 1980 -കളോടെ തൊഴിൽ പ്രശ്‌നങ്ങളും വിൽപ്പന കുറയുന്നതും മോട്ടോ മോറിനിയെ വിഷമിപ്പിച്ചിരുന്നുവെങ്കിലും 1987 ആയപ്പോഴേക്കും കമ്പനി കാഗിവയ്ക്ക് വിറ്റു.

ഇതിന് തൊട്ട് മുമ്പത്തെ വർഷം ഡ്യുക്കാറ്റിയും വാങ്ങിയിരുന്നു. അൽഫോൺസോ മോറിനിയുടെ അനന്തരവൻ മോട്ടോറി ഫ്രാങ്കോ മൊറിനി 1999 -ൽ ഡ്യുക്കാറ്റിയിൽ നിന്ന് മോട്ടോ മോറിനി കമ്പനി വാങ്ങി. 2018 ഒക്ടോബറിൽ ചൈനീസ് മോട്ടോർബൈക്ക് നിർമാതാക്കളായ സോങ്‌നെങ് വെഹിക്കിൾ ഗ്രൂപ്പ് മോട്ടോ മോറിനിയെ സ്വന്തമാക്കി.

മോട്ടോ മോറിനി അതിന്റെ ലോഞ്ച് പോർട്ട്‌ഫോളിയോയുടെ ഭാഗമായി അതിന്റെ X-കേപ്പ് ലൈൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളും സീമെസോ 6 ½ റേഞ്ച് മോഡലുകളും പുറത്തിറക്കും. X-കേപ്പ് ലൈനിന്റെ 650, 650 X എന്നിവ ഒരേ 649 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ ട്വിൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

അത് 8,250 rpm -ൽ മാന്യമായ 60 bhp പവറും 6 സ്പീഡ് ഗിയർ ബോക്‌സിലൂടെ 7,000 rpm -ൽ 54 Nm torque ഉം നൽകുന്നു. അതേസമയം, വിദേശത്ത് STR എന്ന് വിളിക്കപ്പെടുന്ന റെട്രോ സ്ട്രീറ്റ്, SCR എന്ന് വിളിക്കപ്പെടുന്ന സ്‌ക്രാംബ്ലർ മോഡലുകളും അതേ 649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ട്വിൻ എഞ്ചിനുകളാണ് നൽകുന്നത്.

എന്നിരുന്നാലും, ഈ ബൈക്കുകളുടെ പവർ ഔട്ട്‌പുട്ട് 55 bhp 54 Nm എന്നിങ്ങനെ ADV -കളേക്കാൾ അല്പം കുറവാണ്. നിലവിൽ, ഈ വരാനിരിക്കുന്ന മോഡലുകളുടെ കൃത്യമായ ലോഞ്ച് തീയതിയും വിലയും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ അവ പുറത്തിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








