Ola Electric സ്‌കൂട്ടര്‍ വാങ്ങാന്‍ പറ്റിയ ബെസ്റ്റ് സമയം; ഡിസ്‌കൗണ്ടിനൊപ്പം ക്യാഷ്ബാക്ക് ഓഫറും
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കി ഇവി സ്റ്റാര്‍ട്ടപ്പ് കഴിഞ്ഞ മാസങ്ങളില്‍ വില്‍പ്പന കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളിലും 20000 യൂണിറ്റിലേറെയാണ് ഓലയുടെ വില്‍പ്പന.
ഇപ്പോള്‍ നല്‍കി വരുന്ന 10000 രൂപ ഡിസ്‌കൗണ്ടിനൊപ്പം പുതിയ ക്യാഷ്ബാക്ക് ഓഫര്‍ കൂടി നല്‍കുകയാണ് ഓല ഇലക്ട്രിക് ഇപ്പോള്‍. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാവ് S1 പ്രോയില്‍ 4,000 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറാണ് നല്‍കുന്നത്. 10000 രൂപയുടെ നിലവിലുള്ള കിഴിവിനൊപ്പമാണ് ഈ ഓഫര്‍. ഓലയുടെ മറ്റൊരു ഓഫറായ S1-ന് പോലും 2000 രൂപയുടെ ക്യാഷ്ബാക്ക് സ്‌കീം നല്‍കുന്നുണ്ട്. 10,000 രൂപ കിഴിവ് ഡിസംബര്‍ 31 വരെ ലഭ്യമാണ്.

എന്നാല്‍ പുതിയ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 18 വരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് സാധുതയുള്ളത്. ഇതോടെ S1 പ്രോ, S1 എന്നിവയുടെ വില 1,25,000 രൂപയായും 97,999 രൂപയായും (എക്‌സ്-ഷോറൂം ഡല്‍ഹി) കുറഞ്ഞു. കൂടാതെ, കുറഞ്ഞ ഇഎംഐ, സീറോ ഡൗണ്‍ പേയ്മെന്റ്, കുറഞ്ഞ പലിശ നിരക്ക്, പൂജ്യം ശതമാനം പ്രോസസ്സിംഗ് ഫീ, തിരഞ്ഞെടുത്ത ക്രെഡിറ്റ് ഇഎംഐകളില്‍ കിഴിവ് എന്നിങ്ങനെയുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളിലും ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം.
ഓല അതിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഉടന്‍ തന്നെ മൂവ് ഒഎസ് 3 അപ്ഡേറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇത് അടുത്ത ആഴ്ച മുതല്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കുമെന്ന് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് നിലവില്‍ ബീറ്റ ഘട്ടത്തിലാണ്, അവസാന പതിപ്പ് ഒടിഎ അപ്‌ഡേറ്റുകള്‍ വഴി വിന്യസിക്കും. S1 ശ്രേണി മോഡലുകളിലെ സോഫ്റ്റ്വെയറിലേക്ക് പ്രധാന സവിശേഷതകളും മികച്ച പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തലുകളും ചേര്‍ക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകതകത.
മൂവ് ഒഎസ് 3 ഉപയോഗിച്ച് റൈഡിംഗ് സമയത്തെ സൗണ്ട്ട്രാക്ക്, ഹില്‍ ഹോള്‍ഡ്, റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകള്‍ എന്നിവയും അതിലേറെയും സവിശേഷതകളുടെ പ്രയോജനം ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലോഞ്ച് സമയത്ത് പ്രഖ്യാപിച്ച ഫീച്ചറുകള്‍ ഇപ്രാവശ്യത്തെ സേഫ്റ്റ്വെയര്‍ പരിഷ്‌ക്കാരത്തില്‍ കമ്പനി ചേര്‍ക്കും. പുതിയ അപ്‌ഡേറ്റില്‍ സ്‌കൂട്ടറിന് ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ലഭിക്കുന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഇത് ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ കയറ്റം കയറാനുള്ള കഴിവ് കൂട്ടും. ഇറക്കത്തില്‍ വാഹനം പിന്നോട്ട് പോവാതിരിക്കാനാണ് ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇതുവരെ ത്രോട്ടില്‍ ഇന്‍പുട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു സെക്കന്‍ഡ് എടുക്കുമെന്നതിനാല്‍ സ്‌കൂട്ടര്‍ കുറച്ച് ദൂരം പിന്നോട്ട് പോകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് ഒഴിവാകും. സ്പോര്‍ട്സ് മോഡിലും ഹൈപ്പര്‍ മോഡിലും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആക്സിലറേഷന്‍ മെച്ചപ്പെടുത്തിയതായും ഓല ഇലക്ട്രിക് അവകാശപ്പെടുന്നു.
ഇലക്ട്രിക് സ്‌കൂട്ടര്‍ 15 മിനിറ്റ് ചാര്‍ജിംഗില്‍ 50 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന ഹൈപ്പര്‍ചാര്‍ജിംഗിനെ പിന്തുണക്കാനും പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ സാധിക്കും. പുതിയ മൂവ് ഒഎസ്3 ഒടിഎ അപ്‌ഡേഷന്‍ വഴി S1, S1 പ്രോ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ചേര്‍ക്കപ്പെടുന്ന മറ്റൊരു പ്രധാന ഫീച്ചറാണ് പ്രോക്സിമിറ്റി അണ്‍ലോക്ക്. സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് റൈഡര്‍ക്ക് പിന്‍ കോഡ് നല്‍കുകയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് ഇതിനെ കൊണ്ടുള്ള ഉപകാരം. പ്രോക്‌സിമിറ്റി അണ്‍ലോക്ക് വഴി സ്‌കൂട്ടര്‍ മൊബൈല്‍ ഫോണ്‍ തിരിച്ചറിയുകയും ഓട്ടോമറ്റിക്കായി അണ്‍ലോക്ക് ആവുകയും ചെയ്യും.
വെക്കേഷന്‍ മോഡ് ആണ് പുതിയ അപ്‌ഡേഷനില്‍ ഓല സ്‌കൂട്ടറുകളില്‍ ചേര്‍ക്കപ്പെടുന്ന മറ്റൊരു കാര്യം. സ്‌കൂട്ടറിന്റെ ബാറ്ററി 200 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഒരുതരം ഹൈബര്‍നേഷന്‍ മോഡിലേക്ക് പോകാന്‍ അനുവദിക്കുന്നതാണ് പുതിയ വെക്കേഷന്‍ മോഡ്. ടെസ്ലയുടെ സെലിബ്രേഷന്‍ മോഡിന് സമാനമാണിത്. കോള്‍ അലേര്‍ട്ടുകള്‍ക്ക് ഓട്ടോമറ്റിക് റീപ്ലേ നല്‍കുന്ന സംവിധാനത്തിനൊപ്പം വിജറ്റുകളും പാര്‍ട്ടി മോഡ് ഫീച്ചറും ഓല പുതിയ അപ്‌ഡേറ്റില്‍ ഉള്‍പെടുത്തിട്ടുണ്ട്. വേഗത കുറയ്ക്കുമ്പോള്‍ സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന മൂന്ന് റീജന്‍ മോഡുകളും ഉണ്ട്.


Click it and Unblock the Notifications








