യൂറോപ്പ് പിടിക്കാന്‍ കച്ചകെട്ടി Ola Electric; S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ECMA 2022-ല്‍ പ്രദര്‍ശിപ്പിച്ചു
ഇന്ത്യന്‍ വിപണിയില്‍ കാഴ്ചവെക്കുന്നതിന് പിന്നാലെ ഓല ഇലക്ട്രിക് ലോകത്തെ മറ്റ് രാജ്യങ്ങളിലും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ മിലാനില്‍ നടന്നുകൊണ്ടിരിക്കുന്ന ECMA 2022 എക്സിബിഷനില്‍ ഓല ഇലക്ട്രിക് തങ്ങളുടെ S1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രദര്‍ശിപ്പിച്ചു.

എല്ലാ വര്‍ഷവും ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇരുചക്ര വാഹന പ്രദര്‍ശനമാണ് ECMA. പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ഇരുചക്രവാഹന കമ്പനികള്‍ ഈ എക്‌സിബിഷന്‍ ഉപയോഗിക്കുന്നു. 2023 ആദ്യ പാദത്തില്‍ യൂറോപ്പിലെ പ്രധാന വിപണികളില്‍ പ്രവേശിക്കാനാണ് ഓല പദ്ധതിയിടുന്നത്.

ഇതിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് യൂറോപ്പില്‍ നടക്കുന്ന എക്സിബിഷനില്‍ ഓല തങ്ങളുടെ ഇലക്ട്രിക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രദര്‍ശിപ്പിച്ചത്. നേരത്തെ ഓല ഇലക്ട്രിക് S1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നേപ്പാളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഐസിഇ എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുകയാണ് ഓല ഇലക്ട്രിക്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം തങ്ങള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഓല ഇലക്ട്രിക്കിന്റെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഓലയുടെ സഹസ്ഥാപകനും സിഐഒയുമായ ഭവിഷ് അഗര്‍വാള്‍ തങ്ങള്‍ ആദ്യം ഏത് തരത്തിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് നിര്‍മ്മിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയാണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സാധ്യതയും ഉപഭോക്താക്കളുടെ സ്വഭാവവും മനസ്സിലാക്കാനാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ്. സ്പോര്‍ട്സ് ബൈക്ക്, ക്രൂയിസര്‍ ബൈക്ക്, അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അല്ലെങ്കില്‍ ഒരു കഫേ റേസര്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അപ്പുറത്തേക്ക് തങ്ങളുടെ ഇവി ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഓല നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഓലയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മാസ് മാര്‍ക്കറ്റ്, മിഡ് സെഗ്മെന്റ്, പ്രീമിയം വിഭാഗം തുടങ്ങിയ സെഗ്മെന്റുകളില്‍ ഓല ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി സിഇഒ അടുത്തിടെ സൂചന നല്‍കിയിരുന്നു.

ഒലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടായേക്കും. ഈ വര്‍ഷം ദീപാവലിക്ക് S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് വേളയിലാണ് തങ്ങള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് ഓല ആദ്യമായി സൂചിപ്പിച്ചത്.

'അടുത്ത 12 മാസത്തിനുള്ളില്‍ കമ്മ്യൂട്ടര്‍ സ്‌കൂട്ടര്‍, മോട്ടോര്‍ ബൈക്കുകള്‍, സ്‌പോര്‍ട്‌സ് ബൈക്കുകള്‍, എന്നിങ്ങനെ എല്ലാ ഇരുചക്ര വാഹന വിഭാഗങ്ങളിലും ഞങ്ങള്‍ ഇവി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. ഐസിഇ വാഹനങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ഇവികള്‍ തിരഞ്ഞെടുക്കാന്‍ ഓപ്ഷനുകള്‍ നല്‍കും' അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളാണ് ഓല ഇലക്ട്രിക്. S1, S1 പ്രോ, S1 എയര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണിപ്പോള്‍ ഓലയുടെ മോഡല്‍ നിരയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഓല ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓല ഇലക്ട്രിക് ഏകദേശം 20,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. ഒരു മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. അടുത്ത വര്‍ഷം അവസാനത്തോടെ തങ്ങള്‍ 10 ലക്ഷം ഇവികളുടെ ഉല്‍പ്പാദന ശേഷിയിലെത്തുമെന്ന് ഭവിഷ് അഗര്‍വാള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ ലക്ഷം യൂണിറ്റുകള്‍ ഓല നിര്‍മിച്ചു കഴിഞ്ഞു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കൂടാതെ ഓലയുടെ ഇലക്ട്രിക് കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസര്‍ അടുത്തിടെ ഓല പുറത്തുവിട്ടിരുന്നു. ഓല ഇലക്ട്രിക് കാറിന്റെ ഫീച്ചറുകളും പെര്‍ഫോമന്‍സും ഓല വരച്ചുകാട്ടിയിരുന്നു. ഓലയുടെ ഇലക്ട്രിക് കാറിന് മുമ്പ് ഇ മോട്ടോര്‍സൈക്കിളാകും വിപണിയില്‍ എത്തുക. 2025-ന് മുമ്പ് എപ്പോഴും ഇലക്ട്രിക് കാറിന്റെ ലോഞ്ച് ഉണ്ടാകും.


Click it and Unblock the Notifications








