Royal Enfield Himalayan ഇനി പുതിയ മൂന്ന് നിറങ്ങളില്‍ ആറാടും; ഈ 3 നിറങ്ങളെ മറന്നേക്കൂ...
2022 റൈഡര്‍ മാനിയയില്‍ ഹിമാലയന് മൂന്ന് പുതിയ നിറങ്ങള്‍ കൂടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇപ്പോള്‍ ഗ്ലേസിയര്‍ ബ്ലൂ, ഡ്യൂണ്‍ ബ്രൗണ്‍, സ്ലീറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ കൂടി ലഭ്യമാകും.
റൈഡര്‍ മാനിയയുടെ 2022 പതിപ്പ് നവംബര്‍ 18 മുതല്‍ 20 വരെ ഗോവയില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്.

ഈ പുതിയ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ചില നഷ്ടങ്ങളുമുണ്ട്. മിറാഷ് സില്‍വര്‍, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് പഴയ കളര്‍ ഓപ്ഷനുകളും കമ്പനി നിര്‍ത്തലാക്കി. ഗ്രാവല്‍ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, പൈന്‍ ഗ്രീന്‍ എന്നിവ ഇപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്.
ഹിമാലയന്റെ പുതിയ കളര്‍ ഓപ്ഷനുകളെ കുറിച്ച് ഇതാദ്യമല്ല വാര്‍ത്തകള്‍ വരുന്നത്. കമ്പനിയുടെ വാര്‍ഷിക ഹിമാലയന്‍ ഒഡീസി റൈഡിനിടെ ഗ്ലേസിയര്‍ ബ്ലൂ, ഡ്യൂണ്‍ ബ്രൗണ്‍ കളര്‍ ഓപ്ഷന്‍സ് ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക ലോഞ്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഹിമാലയത്തിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതികാഴ്ചകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കളര്‍ ഓപ്ഷനുകള്‍. ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ടക്കാരനായ ഹിമാലയന്റെ നിലവിലെ പ്രാരംഭ വില 2.52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).
കളര്‍ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് വില 2.61 ലക്ഷം രൂപയായി (എക്‌സ്-ഷോറൂം) വര്‍ദ്ധിക്കും. എങ്കിലും പുതിയതായി മൂന്ന് കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചെങ്കിലും വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല.പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കിയെങ്കിലും ഹിമാലയനില്‍ മെക്കാനിക്കലായ യാതൊരു മാറ്റവും റോയല്‍ എന്‍ഫീല്‍ഡ് നടത്തിയിട്ടില്ല. 24.3 bhp കരുത്തും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മികച്ച ഓഫ്‌റോഡിംഗ് അനുഭവം തേടുന്ന ബൈക്ക് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാണ് ഹിമാലയന്‍.
റൈഡര്‍ മാനിയ 2022-ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് മറ്റൊരു വലിയ പ്രഖ്യാപനം കൂടി ഉണ്ടായിരുന്നു. റൈഡര്‍ മാനിയയില്‍ വെച്ചാണ് കമ്പനിയുടെ പുത്തന്‍ താരം സൂപ്പര്‍ മീറ്റിയോര്‍ 650 ഇന്ത്യയില്‍ അരങ്ങേറിയത്. മെറ്റിയോര്‍ ബാഡ്ജും ധരിച്ച് ക്രൂയിസര്‍ ബൈക്ക് വിപണിയില്‍ ഓളം സൃഷ്ടിക്കാനാണ് സൂപ്പര്‍ മീറ്റിയോറിന്റെ വരവ്.
ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയിലുമുള്ള 650 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് ഇതിനും ലഭിക്കുന്നത്. ഏകദേശം 3.50 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇരട്ട സിലിണ്ടര്‍ ക്രൂയിസറായി സൂപ്പര്‍ മീറ്റിയോര്‍ 650 മാറും.
അതിലൊന്നും തീര്‍ന്നിട്ടില്ല റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ തന്നെ ഇന്ത്യയില്‍ ഒരു കൂട്ടം മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ നിന്ന് 8 മോട്ടോര്‍സൈക്കിളുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് അവര്‍ അറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 450, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍, റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650, റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650 എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം.
എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സിസി ലൈനപ്പില്‍ നിലവിലുള്ള UCE ബുള്ളറ്റ് 350-ന് പകരമായാകും എത്തുക. അടുത്തിടെ പുറത്തിറക്കിയ ഹണ്ടര്‍ 350-ന് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 കണ്‍സെപ്റ്റ് ബൈക്ക് ഈ വര്‍ഷം ആദ്യം ബോബറായി പ്രദര്‍ശിപ്പിച്ചിരുന്നു. ഉല്‍പ്പാദനക്ഷമമായ പതിപ്പ് ഷോട്ട്ഗണ്‍ 650 എന്ന് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പര്‍ മീറ്റിയോറിന്റെ പ്ലാറ്റ്‌ഫോമിലാകും നിര്‍മാണം.


Click it and Unblock the Notifications








