ഹീറോ ഇലക്ട്രിക്കിനും ഒഖിനാവക്കും ഇനി സര്‍ക്കാര്‍ സബ്‌സിഡിയില്ല ; കാരണം ഞെട്ടിക്കുന്നത്
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിക്ക് ഇപ്പോള്‍ നല്ലകാലമാണ്. ചെലവ് ചുരുക്കാമെന്നതും പ്രകൃതിക്ക് അനുയോജ്യമായ വാഹനം എന്ന നിലയിലും ആളുകള്‍ ഇവികളിലേക്ക് മാറി ചിന്തിച്ച് തുങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ കാണിച്ചിരുന്ന വിമുഖത പലര്‍ക്കും മാറിയിട്ടുണ്ട്. ഇവികളുടെ തുടക്കത്തില്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നിട്ട് വാങ്ങാമെന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. അത്തരക്കാരും ധാരാളം ഇവികള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ ഹാപ്പിയായി.

ഐസിഇ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനായി ഇവികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. ഇതും ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നാല്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിനും ഒഖിനാവ ഓട്ടോടെക്കിനും നല്‍കിയിരിക്കുന്ന സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുകയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഹീറോ ഇലക്ട്രിക്, ഒഖിനാവ തുടങ്ങിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നോട്ടീസ് അയച്ചു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 10,000 കോടി രൂപയുടെ ഫെയിം II സ്‌കീമിന് കീഴില്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഭാഗങ്ങളും ഘടകങ്ങളും പ്രാദേശികമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാരിന്റെ മുന്‍നിര ഇവി പ്രൊമോഷന്‍ സ്‌കീമിന് കീഴില്‍ പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് രണ്ട് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായി കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു.

മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, അവരുടെ വലുപ്പം പരിഗണിക്കാതെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ വാഹന നിര്‍മാതാക്കളുടെ പേര് പറയാന്‍ മന്ത്രി വിസമ്മതിച്ചു. എന്നിരുന്നാലും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് ഈ വാഹന നിര്‍മ്മാതാക്കള്‍ ഹീറോ ഇലക്ട്രിക്കും ഒഖിനാവ ഓട്ടോടെക്കുമാണെന്ന് തിരിച്ചറിഞ്ഞു.

ഫെയിം-ഇന്ത്യ സ്‌കീമിന് കീഴില്‍ സബ്സിഡികള്‍ ലഭിക്കുന്നതിന് ഇവി നിര്‍മാതാക്കള്‍ നിര്‍ബന്ധിത പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ മറികടക്കുന്നതായി നിരവധി ആരോപണങ്ങള്‍ വന്നിരുന്നു.

'ഞങ്ങള്‍ ഫെയിം സ്‌കീം ആരംഭിച്ചപ്പോള്‍, ഞങ്ങളുടെ എല്ലാ നിബന്ധനകളും പോളിസിയില്‍ സൂചിപ്പിച്ചിരുന്നു. ആരെങ്കിലും ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, നയം അനുസരിച്ച് ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കും,' മന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ചെറുതോ വലുതോ ആരായാലും ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളെ വഞ്ചിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും.

ഹീറോ ഇലക്ട്രിക്, ഒഖിനാവ എന്നിവയ്ക്ക് പുറമെ ഗ്രീവ്സ് കോട്ടണ്‍സ് ആംപിയര്‍, റട്ടന്‍ ഇന്ത്യയുടെ റിവോള്‍ട്ട്, ഒകയ, ജിതേന്ദ്ര ഇവി എന്നിവയും ഫെയിം സ്‌കീമിന് കീഴിലുള്ള പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ ഓഡിറ്റ് നേരിടുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഒരുമിച്ച് പ്രതിമാസം ഏകദേശം 17,000 യൂണിറ്റുകള്‍ വില്‍ക്കുന്ന ഹീറോ ഇലക്ട്രിക്കിനും ഒഖിനാവക്കും ഫെയിം സബ്സിഡികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരാമര്‍ശിക്കുന്നു. റിവോള്‍ട്ട്, ആമ്പിയര്‍, ഒകായ, ജിതേന്ദ്ര എന്നിവര്‍ ചേര്‍ന്ന് പ്രതിമാസം 10,000 മുതല്‍ 11,000 യൂണിറ്റുകള്‍ വരെ വില്‍ക്കുന്നു.

ARAI-യുടെ ആദ്യഘട്ട പരിശോധന സെപ്തംബര്‍ ആദ്യവാരത്തിലാണ് നടന്നത്. സെപ്റ്റംബര്‍ 30ന് ആരംഭിച്ച രണ്ടാം റൗണ്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

മുന്‍നിര കമ്പനികളായ ഹീറോ ഇലക്ട്രിക്, ഒഖിനാവ, റിവോള്‍ട്ട് എന്നിവര്‍ ഈ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ റാണിപ്പേട്ട് പ്ലാന്റില്‍ ടെസ്റ്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ഒരു ഓഡിറ്റ് വിജയകരമായി നടത്തിയതായും തങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്നും ഗ്രീവ്‌സ് കോട്ടണ്‍ അറിയിച്ചു.

ഫെയിമിന് കീഴില്‍ ആഭ്യന്തര മൂല്യവര്‍ദ്ധന കണക്കാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ പ്രകാരം ഞങ്ങളുടെ കമ്പനിയുടെ ഏതെങ്കിലും മോഡലുകള്‍ സബ്സിഡികള്‍ക്ക് റദ്ദാക്കുന്നതിനെക്കുറിച്ച് ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജിതേന്ദ്ര ഇവി അധികൃതര്‍ പ്രതികരിച്ചു.


Click it and Unblock the Notifications








