15000 രൂപയുടെ ഹെല്‍മെറ്റുമായി തീവ്ര; എന്താണിത്ര വിലയെന്നല്ലേ?
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്ര വെഞ്ചേഴ്സ് അടുത്തിടെ ഒരു ഹെല്‍മെറ്റ് വിപണിയിലെത്തിച്ചു. വില 15000 രൂപ. ഇത്ര ഒക്കെ വില വരാന്‍ ഈ ഹെല്‍മെറ്റിനെന്താണ് പ്രത്യേകത എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. പ്രത്യേകതയുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഭാരം കുറഞ്ഞ ഹെല്‍മറ്റാണ് തീവ്ര വെഞ്ചേഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഹെല്‍മെറ്റുകളില്‍ ഒന്നായാണ് ഈ കോംപോസിറ്റ് ഫൈബര്‍ ഹെല്‍മെറ്റുകള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഹെല്‍മെറ്റുകളുടെ ഭാരം 1250 ഗ്രാം മാത്രമാണ്.

നിരവധി ബൈക്ക് യാത്രക്കാരുടെ ആവശ്യങ്ങള്‍ കേട്ടാണ് ഈ ഹെല്‍മറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഹെല്‍മെറ്റിന് DOT, ISI എന്നിവയുടെ സാക്ഷ്യപത്രമുണ്ട്. ECE 20.6 സര്‍ട്ടിഫിക്കറ്റിനും അപേക്ഷിച്ചു. ഗുണനിലവാരമുള്ള ഹെല്‍മെറ്റിന്റെ ഉദാഹരണമാണ് ഈ സാക്ഷ്യപത്രങ്ങള്‍.

15,000 രൂപ മുതലാണ് ഈ ഹെല്‍മെറ്റുകളുടെ വില ആരംഭിക്കുന്നത്. ഹെല്‍മറ്റ് കൂടാതെ ജഴ്സിയും ബാലാക്ലേവ്‌സും കമ്പനി വില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ഹെല്‍മെറ്റിന് കൂടുതല്‍ ആഘാതം ആഗിരണം ചെയ്യാന്‍ കഴിയും. ഈ ഹെല്‍മെറ്റ് തെരുവുകളിലും ഹൈവേകളിലും കൂടുതല്‍ ദൃശ്യപരത നല്‍കാനുള്ള കഴിവുണ്ട്. സ്റ്റാര്‍ബേസ് പൂശിയ സ്പോയിലറുകളും ഹെല്‍മെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. നിപ്പോണ്‍ പെയിന്റിന്റെ കസ്റ്റം കോട്ടിംഗും ഇതിലുണ്ട്.

കൂടാതെ ഈ ഹെല്‍മെറ്റില്‍ രാത്രികാല ദൃശ്യപരതയ്ക്കായി നാനോ കണികയുമുണ്ട്. മികച്ച ദൃശ്യപരതയ്ക്കായി സണ്‍ബ്ലോക്ക് കോട്ടിംഗും ഇതിലുണ്ട്. ആള്‍ട്ടര്‍ ഈഗോ എന്നാണ് കമ്പനി ഈ ശേഖരങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

Ecrots, Chabri, Rastas, D1, Bussy, Demon എന്നിങ്ങനെ 6 വ്യത്യസ്ത ഡിസൈനുകളില്‍ ഈ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. ഓരോ ഹെല്‍മെറ്റും എസ്, എം, എല്‍, എക്‌സ്എല്‍ സൈസുകളില്‍ ലഭ്യമാണ്. സ്‌മോക്കി വിസറിനൊപ്പം റേസ്ഫിറ്റ്, സ്ട്രീറ്റ്ഫിറ്റ് ഫിറ്റിംഗ് ഓപ്ഷനുകളില്‍ ഈ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. തീവ്ര കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകള്‍ വഴിയോ ഹെല്‍മെറ്റ് വാങ്ങാന്‍ സാധിക്കും.

ഇത്തരത്തിലുള്ള ഹെല്‍മെറ്റുകള്‍ പുറത്തിറക്കാന്‍ പറ്റിയ വിപണി ഇന്ത്യയാണെന്ന് തീവ്ര വിശ്വസിക്കുന്നു. ഏകദേശം എല്ലാ മാസവും 200-650 സിസി ശ്രേണിയില്‍ ഒരു പുതിയ ബൈക്കെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിന് കമ്പനി നല്‍കുന്ന കാരണം.

ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യയെന്നും ആരോഗ്യകരമായ മത്സരത്തോടെ വലിയ തോതില്‍ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. 2 വര്‍ഷം മുമ്പ് പ്ലാന്‍ ചെയ്തിട്ടാണ് തീവ്ര വെഞ്ചേഴ്സ് ഈ രംഗത്തേക്ക് വരുന്നത്.

അല്‍പന പരിദയാണ് തീവ്ര സ്ഥാപിച്ചത്. വിഭാഗങ്ങള്‍, സര്‍വീസ്, ടെക് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലുടനീളമായി ബൈക്കര്‍മാര്‍ക്ക് ചുറ്റും ഒരു ഇക്കോസിസ്റ്റം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടാണ് അവര്‍ ഈ കമ്പനി ആരംഭിച്ചത്.

ബൈക്കിംഗ് രംഗത്ത് അസാധാരണമായ ഒരു ഉല്‍പ്പന്നവും ശക്തമായ ബ്രാന്‍ഡും നിര്‍മ്മിക്കാനുള്ള ധീരമായ കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് യാത്ര ആരംഭിച്ചതെന്ന് അല്‍പന പരിദ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലുടനീളം ഞങ്ങള്‍ എല്ലായ്‌പ്പോഴും വ്യത്യസ്തമായ റൈഡര്‍ കേന്ദ്രീകൃത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യും. ഗുണനിലവാരത്തിനായുള്ള അന്വേഷണത്തിലെ കഠിനമായ യാത്രയാണിത്, ബ്രാന്‍ഡിനെ ആഗോളമാക്കാനും തങ്ങള്‍ ഉദ്ദേശിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെല്‍വാര്‍ ഫൈബര്‍, കാര്‍ബണ്‍ ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഹെല്‍മെറ്റുകള്‍ സമീപകാലത്ത് വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തില്‍ നിന്ന് ബൈക്ക് യാത്രികരെ സംരക്ഷിക്കാന്‍ അടുത്തിടെ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒരു പ്രത്യേക ഹെല്‍മെറ്റ് രൂപകല്‍പന ചെയ്ത് വിപണിയില്‍ എത്തിച്ചിരുന്നു.
ഷെല്ലിയോസ് ടെക്നോലാബ്സ് എന്ന കമ്പനിയാണ് മലിനീകരണത്തില്‍ നിന്ന് ബൈക്ക് യാത്രികരെ സംരക്ഷിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ പ്രത്യേക ഹെല്‍മറ്റ് പുറത്തിറക്കിയത്. ബൈക്ക് യാത്രക്കിടെ മികച്ച വായുസഞ്ചാരം ലഭിക്കാന്‍ സഹായിക്കുന്ന എയര്‍ ഫില്‍ട്ടറോടുകൂടിയാണ് ഹെല്‍മറ്റ് നിര്‍മ്മിച്ചത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അമിത് പഥക് ആണ് ഷെല്ലിയോസ് ടെക്നോലാബ്സ് സ്ഥാപകന്‍.

ദിവസം കഴിയുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ബൈക്ക് യാത്രക്കാര്‍ മലിനീകരണത്തില്‍ നിന്ന് കൂടുതല്‍ ബുദ്ധിമുട്ടുന്നത് തടയാനാണ് ഷെല്ലിയോസ് ടെക്നോലാബ്സ് ഈ പ്രത്യേക ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തത്.

2016 മുതല്‍ ഹെല്‍മെറ്റിനായുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നു. മലിനീകരണത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനാണ് പഥക് കമ്പനി തുടങ്ങിയത്. ആദ്യം ഒരു എയര്‍ പ്യൂരിഫിക്കേഷന്‍ യൂണിറ്റടക്കമുള്ള ഹെല്‍മെറ്റ് രൂപകല്‍പന ചെയ്തു. അതില്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുന്ന ഫില്‍ട്ടര്‍ മെംബ്രേനും ഫാനും ഘടിപ്പിച്ചു. ഈ ഫാന്‍ യു.എസ്.ബി സ്ലോട്ട് വഴി ചാര്‍ജ് ചെയ്താല്‍ ആറുമണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം.

ഒരു സ്വതന്ത്ര ലബോറട്ടറി ഡല്‍ഹിയിലെ റോഡുകളില്‍ നടത്തിയ പരിശോധനയില്‍ ഈ ഹെല്‍മെറ്റിന് 80 ശതമാനത്തിലധികം മലിനീകരണം തടയാന്‍ കഴിയുമെന്ന് സ്ഥിരീകരിച്ചതായി പഥക് പറഞ്ഞു. ഹെല്‍മെറ്റിലെ എയര്‍ ഫില്‍ട്ടറുകള്‍ പുറത്ത് നിന്ന് വരുന്ന പൊടിപടലങ്ങളെ തടയുകയും ശുദ്ധവായു ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യും. എയര്‍ ഫില്‍ട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി സ്ലോട്ടും ഹെല്‍മറ്റില്‍ നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രികര്‍ക്ക് ശുദ്ധവായു പ്രദാനം ചെയ്യാന്‍ ഈ ഹെല്‍മെറ്റിന് കഴിയുമെന്ന് ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രത്യേക ഫീച്ചറുകളുള്ള ഷെല്ലിയോസ് ടെക്‌നോലാബ്‌സ് ഹെല്‍മെറ്റുകളുടെ വില 4,500 രൂപയാണ്. വരും ദിവസങ്ങളില്‍ ഇത് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫൈബര്‍ഗ്ലാസിന് പകരം തെര്‍മോപ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഭാരം കുറഞ്ഞ പതിപ്പ് വികസിപ്പിക്കുന്നതിനായി ഷെല്ലിയോസ് ഒരു വന്‍കിട നിര്‍മ്മാതാവുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








