കച്ചവടം കൂട്ടാൻ FZ സീരീസിന് ക്യാഷ്ബാക്കുമായി Yamaha; കൂടാതെ മറ്റൊരു കിടിലൻ ഓഫറും
ഉത്സവകാലത്ത് പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുണ്ട്. ഇരുചക്ര വാഹന വിപണിയിലെ ഭീമന്‍മാരായ യമഹ മോട്ടോര്‍ ഇന്ത്യയും ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

തങ്ങളുടെ FZ സീരീസിനായി രാജ്യത്തെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ പ്രത്യേക ഉത്സവ സീസണ്‍ ഓഫറുകളാണ് പ്രഖ്യാപിച്ചത്. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫര്‍. സെപ്റ്റംബര്‍ 30 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് 3,000 രൂപ ക്യാഷ്ബാക്കോടെ FZ-FI സ്വന്തമാക്കാനാകുക. അതേസമയം ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ 5,000 രൂപ ക്യാഷ്ബാക്കോടെ ഇതേ മോഡല്‍ ലഭ്യമാകും.

കൂടാതെ, പ്രീമിയം FZS-FI ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ഝാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 3,000 രൂപ ക്യാഷ്ബാക്കോടെ വില്‍ക്കും. ഇതേ മോഡലിന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 5,000 രൂപ ക്യാഷ്ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ക്യാഷ്ബാക്ക് ഓഫറുകള്‍ കൂടാതെ കമ്പനി ഒരു സാമ്പത്തിക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിന് കീഴില്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് വഴി യമഹ വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 3,000 രൂപ വിലമതിക്കുന്ന ബോട്ട് എയര്‍ഡോപ്‌സ് ലഭിക്കും. ഈ സ്‌പെഷ്യല്‍ ഓഫര്‍ ഇന്ത്യയിലുടനീളം ലഭ്യമാകും.

ഇന്ത്യയില്‍ വാഹനങ്ങള്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന ഉത്സവ സീസണില്‍ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കാനായിട്ടാണ് കമ്പനി ഈ ഓഫറുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള ഇരുചക്രവാഹനങ്ങളുടെ മുഴുവന്‍ ശ്രേണിയിലും ആവേശകരമായ ഓഫറുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജാപ്പനീസ് ബ്രാന്‍ഡ് അറിയിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കും യമഹ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. FZ-Fi, FZ-S Fi, ഫാസിനോ 125 Fi ഹൈബ്രിഡ് എന്നീ മോഡലുകള്‍ക്കാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഓഫര്‍ നല്‍കിയത്.

ഈ പുതിയ ഓണം ഓഫര്‍ പ്രകാരം 125 സിസി സ്‌കൂട്ടറായ യമഹ ഫാസിനോക്ക് 1,500 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാക്കിയിരുന്നു. 2,999 രൂപ കുറഞ്ഞ ഡൗണ്‍ പേയ്മെന്റില്‍ വാഹനം സ്വന്തമാക്കാനും അവസരമുണ്ടായിരുന്നു. FZ-Fi, FZ-S Fi മോട്ടോര്‍സൈക്കിളുകള്‍ 3,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറിലും 7,999 രൂപ കുറഞ്ഞ ഡൗണ്‍ പേയ്മെന്റിലുമാണ് കമ്പനി ലഭ്യമാക്കിയത്. എന്നാല്‍ 2022 സെപ്റ്റംബര്‍ 15 ന് ഓഫര്‍ അവസാനിച്ചു.

കഴിഞ്ഞ മാസമാണ് യമഹ പുതിയ 2022 മോഡല്‍ എക്സ്മാക്സ് 250 സ്‌കൂട്ടറുകള്‍ മലേഷ്യയില്‍ അവതരിപ്പിച്ചത്. 22,298 മലേഷ്യന്‍ റിങ്കിറ്റാണ് (ഏകദേശം 3.96 ലക്ഷം രൂപ) എക്സ്‌ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ കളര്‍ ഓപ്ഷനുകളും ചെറിയ ചില കോസ്മെറ്റിക് അപ്ഡേറ്റുകളും കമ്പനി വരുത്തിയിട്ടുണ്ട്. മുന്‍ മോഡലില്‍ നിന്ന് മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

റെഡ് മാറ്റ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് പുതിയ 2022 യമഹ എക്സ്മാക്സ് 250 ലഭിക്കുക. ഇതുകൂടാതെ സ്‌കൂട്ടറിന് സ്റ്റാന്‍ഡേര്‍ഡായി രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വണ്ടി വാങ്ങുമ്പോള്‍ 100 റിങ്കിറ്റ് വിലയുള്ള സേഫ്റ്റി ലോക്കും യമഹ നല്‍കും. മുന്‍വശത്ത് ടെമ്പറേച്ചര്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയയടക്കമുള്ള പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മോണോക്രോം LCD ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയിരിക്കുന്നു.

22.5 bhp പവറും 24.3 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 250 സിസി യൂറോ 4 കംപ്ലയിന്റ് ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. സിവിടി ഗിയര്‍ ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2022 യമഹ എക്സ്മാക്‌സ് 250-ലെ ഈ എഞ്ചിന്‍ മികച്ച പെര്‍ഫോമന്‍സും നിലവാരവും വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന് മുന്നില്‍ 15 ഇഞ്ച് വീലുകളും പിന്നില്‍ 14 ഇഞ്ച് വീലുകളുമുണ്ട്. 179 കിലോഗ്രാമാണ് ഭാരം. 13 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി.

ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും സ്‌കൂട്ടറിന് ലഭിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്നില്‍ 110 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ 79 എംഎം മോണോ-ഷോക്ക് ഷോക്ക് അബ്‌സോര്‍ബറും ഈ സ്‌പോര്‍ട്ടി സ്‌കൂട്ടറില്‍ ഉള്‍പ്പെടുന്നു. എങ്കിലും പുതിയ സ്‌കൂട്ടര്‍ യമഹ ഉടനടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.


Click it and Unblock the Notifications








