'എനിക്ക് ബാലന്‍സ് ചെയ്യാന്‍ ആരെയും ആവശ്യമില്ല'; സെല്‍ഫ് ബാലന്‍സിംഗ് ഇലക്ട്രിക് ബൈക്കുമായി Yamaha
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ് ദിലീപ് നായകനായി അഭിനയിച്ച സിഐഡി മൂസ. ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച കഥാപാത്രം പറയുന്ന 'എനിക്ക് എന്റെ കാര്‍ തള്ളാന്‍ പുറത്ത് നിന്ന് ആരുടെയും സഹായം വേണ്ട' എന്ന ആ ഡയലോഗും സീനും കണ്ട് മലയാളികള്‍ ഒരുപാട് പൊട്ടിച്ചിരിച്ചിട്ടുണ്ട്.
ആ സിനിമ ഡയലോഗ് ബാലന്‍സിംഗിന്റെ കാര്യത്തില്‍ യോജിക്കുന്ന ഒരു ഇലക്ട്രിക് ബൈക്ക് വരാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വിസ്മയിപ്പിക്കുന്ന ഫീച്ചര്‍ യമഹ കമ്പനി R3 ഡമ്മി മോഡലില്‍ അണിയിച്ചാണ് പരീക്ഷണങ്ങള്‍. ലോകം ഇന്ന് ഭാവിയുടെ ഇന്ധനമായി വൈദ്യുതിയെ കണക്കാക്കി ഇലക്ട്രിക് വാഹനങ്ങളെ പുല്‍കുകയാണ്.

ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളോട് താല്‍പര്യം കാണിച്ച് തുടങ്ങിയ സാഹചര്യം കണക്കിലെടുത്ത് വാഹന നിര്‍മാതാക്കളും പൂര്‍ണതോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ലോകപ്രശസ്ത ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ സ്വയം ബാലന്‍സിംഗ് R3 ബൈക്ക് വികസിപ്പിച്ചിരിക്കുന്നത്. സെല്‍ഫ് ബാലന്‍സിങ് ടൂവീലര്‍ എന്ന നിലയിലല്ല കമ്പനി ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. യമഹ ഈ ഇലക്ട്രിക് ബൈക്കിലാണ് സെല്‍ഫ് ബാലന്‍സിംഗ് സംവിധാനം ഒരുക്കുന്നത്.
എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ കമ്പനി എപ്പോള്‍ വില്‍പ്പനക്കെത്തിക്കുമെന്ന വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, വിസ്മയിപ്പിക്കുന്ന ഫീച്ചറുമായെത്തുന്ന ഈ മോട്ടോര്‍സൈക്കിളിനായി വാഹനലോകം കാത്തിരിക്കും. സെല്‍ഫ് ബാലന്‍സിംഗിനായി ഇതിനായി യമഹ അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് സിസ്റ്റം (AMSAS) ഉപയോഗിക്കുന്നു. ഡമ്മിയായി വികസിപ്പിക്കുന്ന ഇലക്ട്രിക് R3 ബൈക്കിലാണ് യമഹ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്ക് ആണെന്ന് അറിയാത്ത തരത്തിലാണ് കമ്പനി ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ഇതൊരു സാധാരണ മോട്ടോര്‍സൈക്കിള്‍ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. അതേസമയം ഇതൊരു ഇലക്ട്രിക് ബൈക്കായതിനാല്‍ തന്നെ അതിനൊത്ത ചില മാറ്റങ്ങള്‍ ഈ ബൈക്കില്‍ കാണാം. മുന്‍വശത്ത് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ കാണാം. ഫ്രണ്ട് സസ്‌പെന്‍ഷന്റെ തൊട്ടുതാഴെയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇരുചക്രവാഹനത്തിന്റെ സെല്‍ഫ് ബാലന്‍സിംഗ് സൗകര്യത്തിനായി കമ്പനി ചില പ്രത്യേക ഉപകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് വീലിലും സ്റ്റിയറിംഗ് ഹെഡിലും ഇതിനായി അക്ചുവേറ്റേര്‍സ് സ്ഥാപിച്ചിട്ടുണ്ട്.
ബൈക്കിനെ ചലിപ്പിക്കാനും ആവശ്യാനുസരണം വലത്തോട്ടും ഇടത്തോട്ടും തിരിയാനും ബാലന്‍സ് ചെയ്യാനും സഹായിക്കുന്നവയാണ് ഇവ. കൂടാതെ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയോ അതില്‍ കുറവോ ആണെങ്കില്‍ ബൈക്ക് നേരെ നില്‍ക്കാന്‍ സഹായിക്കുന്ന ആറ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ഉണ്ട്. ഈ സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ-വികസന ഘട്ടത്തിലാണെന്നാണ് യമഹ പറയുന്നത്. എന്നിരുന്നാലും, ഈ സാങ്കേതികവിദ്യ തികച്ചും ബഹുമുഖമാണെന്നും ബൈക്കില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്നും ഇരുചക്രവാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഇത്രയും നൂതന സാങ്കേതിക വിദ്യയുള്ള ഇരുചക്ര വാഹനമാണ് യമഹ അവതരിപ്പിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാന്‍ യമഹ തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. യമഹയെ പോലെ തന്നെ മറ്റ് ചില ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ശ്രമിക്കുന്നു. അതുപോലെ തന്നെ ഇടത്തരം ഓട്ടോണമസ് മൊബിലിറ്റിയും എയര്‍ ബാഗ് സജ്ജീകരണവുമുള്ള ഒരു ഇരുചക്രവാഹനത്തില്‍ ഹോണ്ടയും പ്രവര്‍ത്തിക്കുന്നുണ്ട്.
സെല്‍ഫ് ബാലന്‍സിംഗ് സാങ്കേതികവിദ്യയുള്ള മോട്ടോര്‍സൈക്കിള്‍ യമഹ സമീപഭാവിയില്‍ വില്‍പ്പനക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അത് എപ്പോള്‍ വില്‍പനയ്ക്ക് എത്തുമെന്ന കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഒപ്പം തന്നെ R3 ഇലക്ട്രിക് ബൈക്കിന്റെ പല സുപ്രധാന വിവരങ്ങള്‍ ഒന്നും യമഹ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉപയോഗിക്കുന്ന മോട്ടറിന്റെ പവര്‍ ഔട്ട്പുട്ട് എത്രയാണ്, മുഴുവന്‍ ചാര്‍ജില്‍ ബൈക്കിന് എത്ര റേഞ്ച് ലഭിക്കും എന്ന കാര്യമൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ബൈക്കിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ച് യമഹ ഹൈപ്പ് കൂട്ടുകയാണോ എന്നും നമുക്ക് സംശയിക്കാം. ഏതായാലും ചിത്രങ്ങള്‍ കൂടി വന്നതിനാല്‍ തന്നെ ബൈക്ക് പ്രേമികള്‍ക്ക് ഈ ബൈക്കിനോടുള്ള താല്‍പര്യം വര്‍ധിച്ചുവെന്ന് വേണം പറയാന്‍.


Click it and Unblock the Notifications








