അപ്ഡേറ്റുകളുമായി പുതിയ കോണ്ടിനന്റൽ GT വിപണിയിൽ; എന്നാലും ഒരു പ്രശ്നമുണ്ടല്ലോ വർമ സാറേ..!!
ഇന്ത്യയില്‍ മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് 650 ട്വിന്‍സിലൂടെ കൈപ്പിടിയില്‍ ഒതുക്കി വെച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ചില കുറവുകള്‍ നികത്തി ഇരട്ടകളെ കഴിഞ്ഞ മാസം യുകെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ കോണ്ടിനെന്റല്‍ GT 650 മോട്ടോര്‍സൈക്കിളിന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍.
3.19 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടോപ് എന്‍ഡ് 'മിസ്റ്റര്‍ ക്ലീന്‍' ക്രോം പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 3.45 ലക്ഷം രൂപ വരെ ഉയരുന്നു. വയര്‍-സ്‌പോക്ക് വീലുകള്‍ ലഭിക്കുന്നുവെന്നതയാണ് ഇതിന്റെ പ്രത്യേകത. അതേസമയം അപ്‌ഡേറ്റഡ് കോണ്ടിനെന്റല്‍ GT-യുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായ അലോയ് വീല്‍ ഘടിപ്പിച്ച പതിപ്പുകള്‍ക്ക് 3.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

2017-ലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT നിരത്തിലെത്തിച്ചത്. ഈ മോട്ടോര്‍സൈക്കിള്‍ അതിവേഗം തന്നെ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തു. മുടക്കുന്ന പൈസക്കൊത്ത മൂല്യമുള്ളപാക്കേജ് തന്നെ ഓഫര്‍ ചെയ്യുന്നതിനാല്‍ ഇത് വിപണിയില്‍ നിറസാന്നിധ്യമായി മാറി. എന്നാല്‍ അടുത്ത കാലത്തായി പ്രധാന അപ്ഡേറ്റുകളൊന്നും ഇല്ലാത്തതിനാല്‍ ഫീച്ചറുകളുടെയും മറ്റും കാര്യങ്ങളില്‍ കുറച്ച്കൂടി ശ്രദ്ധ ചെലുത്താന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിക്കുകയായിരുന്നു.
കാലത്തിനൊത്ത് കോലം മാറ്റണമെന്ന തിയറി റോയല്‍ എന്‍ഫീല്‍ഡും ഫോളോ ചെയ്യുകയാണ്. പുതിയ അപ്‌ഡേറ്റുകളുടെ ഭാഗമായി കോണ്ടിനെന്റല്‍ GT-യെ കാലികമായി നിലനിര്‍ത്താനുള്ള പൊടിക്കൈകള്‍ അവര്‍ പരീക്ഷിച്ചിട്ടുണ്ട്. സൂപ്പര്‍ മീറ്റിയോറില്‍ 650-ല്‍ നിന്നുള്ള എല്‍ഇഡി യൂണിറ്റ് ഉപയോഗിച്ച് അതിന്റെ ഹാലൊജന്‍ റിഫ്ളക്ടര്‍ ഹെഡ്ലൈറ്റ് മാറ്റിസ്ഥാപിച്ചിരിക്കുന്നു. ഒപ്പം തന്നെ സൂപ്പര്‍ മീറ്റിയോറില്‍ നിന്നുള്ള പുതിയ സ്വിച്ച് ഗിയര്‍ ഡിസൈനും 2023 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT കടംകൊണ്ടിരിക്കുന്നു.

ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ സൂപ്പര്‍ മീറ്റിയോറില്‍ നിന്നുള്ള അലൂമിനിയത്തില്‍ നിര്‍മിതമായ സ്വിച്ച് ക്യൂബുകള്‍ കോണ്ടിനെന്റല്‍ GT-യുടെ പ്രീമിയം ഫീല്‍ ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ബൈക്കിലെ സുപ്രധാന മാറ്റങ്ങളില്‍ ഒന്നായ അലോയ് വീലുകള്‍ ഉപഭോക്താക്കള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്ന് കൂടിയായിരുന്നു. എന്നാല്‍ കുഴപ്പം എന്തെന്നാല്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അലോയ് വീലുകള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ.
അപെക്‌സ് ഗ്രേ, സ്ലിപ്പ്‌സ്ട്രീം ബ്ലൂ എന്നീ നിറങ്ങളില്‍ മാത്രമേ അലോയ് വീലുകള്‍ ലഭ്യമാകു. പുതിയ റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT-യുടെ കളര്‍ ഓപ്ഷനുകളില്‍ പലതും പുതിയതാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ MiY കോണ്‍ഫിഗറേറ്റര്‍ വഴി മറ്റ് കളര്‍ ഓപ്ഷനുകളില്‍ അലോയ് വീല്‍ സജ്ജീകരിക്കാനും സാധിക്കില്ലെന്ന കാര്യം കൂടി ശ്രദ്ധിക്കുക.
എന്നാല്‍ വീല്‍ സൈസില്‍ മാറ്റമൊന്നുമില്ല. ഇരുവശങ്ങളിലും 18-ഇഞ്ച് വീലുകളാണ് തുടരുന്നത്. Vredestein ടയറുകളിലാണ് ഇത് ഓടുന്നത്. മുമ്പ് സിയറ്റ് ടയറുകളായിരുന്നു നല്‍കിയിരുന്നത്. അപ്‌ഡേറ്റഡ് കോണ്ടിനെന്റല്‍ GT-യില്‍ ഇപ്പോള്‍ പുതുതായി വന്നുചേര്‍ന്നിരിക്കുന്ന അവസാന ഫീച്ചര്‍ ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടാണ്. ഇടതുവശത്തെ ഹാന്‍ഡില്‍ ബാറുകളിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. മുകളില്‍ വിവരിച്ച മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 2023 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT-യില്‍ മറ്റ് കാതലായ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ല.
648 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഇൗ എഞ്ചിന്‍ 47.5 bhp പവറും 52 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സസ്‌പെന്‍ഷനിലോ ചേസിസിലോ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍ പരിഷ്‌കാരം ലഭിക്കുന്നതോടെ വിലയില്‍ അല്‍പ്പം മാറ്റം വന്നിട്ടുണ്ട്. ലൈനപ്പിലുടനീളം 14,000 രൂപയുടെ വര്‍ധനവാണ് നടപ്പാക്കിയിരിക്കുന്നത്. ബൈക്കില്‍ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ നോക്കുമ്പോള്‍ ഇത് നഷ്ടമില്ലാത്ത ഡീലാണെന്ന് തോന്നുന്നു.

3.05 ലക്ഷം രൂപ മുതല്‍ 3.31 ലക്ഷം രൂപ വരെയായിരുന്നു നേരത്തെ കോണ്ടിനെന്റല്‍ GT-യുടെ വില ഉണ്ടായിരുന്നത്. അതിപ്പോള്‍ 3.19 മുതല്‍ 3.45 ലക്ഷം രൂപ വരെ പോകുന്നു. കോണ്ടിനെന്റല്‍ GT-ക്കൊപ്പം തന്നെ സമാനമായ അപ്‌ഡേറ്റുകളോട് കൂടി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററും ഉടന്‍ തന്നെ വിപണിയില്‍ എത്തിയേക്കും. ടിവിഎസ് അടക്കമുള്ള വാഹന നിര്‍മാതാക്കള്‍ പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ അപ്‌ഡേറ്റുകള്‍ അനിവാര്യമാണെന്നേ പറയാനാകൂ.


Click it and Unblock the Notifications








