കുട്ടിമാമാ ആംപിയർ നേപ്പാളിലും എത്തി; ഒരു കാറിൻ്റെ വിലയോ ഈ സ്കൂട്ടറിന്, ശരിക്കും ഞെട്ടി മാമാ
ഗ്രീവ്സ് കോട്ടണിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി കെഡിയ ഓർഗനൈസേഷനുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ ആഗോള വിപണിയിലേക്കുളള ചുവടുവയ്പ്പായി നേപ്പാളിൽ പുതിയ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി ഒന്നിലധികം ഔട്ട്‌ലെറ്റുകളും ഡീലർഷിപ്പുകളും സ്ഥാപിക്കാൻ പദ്ധതിയിട്ടുകൊണ്ട് ആംപിയർ കാഠ്മണ്ഡുവിലെ ടെക്കുവിലാണ് ഷോറൂം തുടങ്ങിയിരിക്കുന്നത്.
ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശവും അത് പോലെ തന്നെ ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവി വിപണിക്ക് നിരവധി അവസരങ്ങളുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. നേപ്പാൾ വിപണിയിൽ, മാഗ്നസിനൊപ്പം പ്രൈമസും മുൻനിര ഓഫറായി വിൽക്കാനാണ് കമ്പനിയുടെ നീക്കം. പ്രൈമസിന് നേപ്പാളിൽ 3.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കണ്ണുതള്ളി താഴെ വന്നേക്കാം വില കേൾക്കുമ്പോൾ.

ഇന്ത്യയിൽ ഈ വിലയ്ക്ക് ഉപഭോക്താവിന് മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ 800 സ്വന്തമാക്കാൻ സാധിക്കും എന്ന് കേൾക്കുമ്പോഴാണ് ശരിക്കും ഞെട്ടാൻ പോകുന്നത്. വാഹനങ്ങളുടെ ഇറക്കുമതിക്ക് നേപ്പാൾ ഗവൺമെന്റ് ഉയർന്ന നികുതിയാണ് ചുമത്തുന്നത്, അത് കൊണ്ട് തന്നെ ഇന്ത്യയിലെ അവയുടെ വിലയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അവയുടെ വില 3 മടങ്ങ് കൂടുതലാണ് നേപ്പാളിൽ. പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടർ 1.46 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ വിൽക്കുന്നത്.
LFP ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോർ, ബെൽറ്റ് ഡ്രൈവ്, കണക്റ്റഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നത്. ഒരു പ്രത്യേക ഫോൺ ആപ്ലിക്കേഷനും ഓഫറിലുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മണിക്കൂറിൽ പരമാവധി 77 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിനാവും. ഇലക്ട്രിക് മോട്ടോർ 4 kW ടോർക്ക് ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് നൽകാനും പുതിയ ഇവി പ്രാപ്‌തമാണെന്നാണ് ആമ്പിയർ വ്യക്തമാക്കുന്നത്. ഇത് യഥാർഥ സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് ആണെന്നും കമ്പനി പ്രത്യേകം പറയുന്നു. ഏറ്റവും കൂടുതൽ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു ഇക്കോ മോഡും ഓഫറിലുണ്ട്. സിറ്റി, റിവേഴ്സ് മോഡ് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്. സ്മാർട്ട് ബിഎംഎസ് ലഭിക്കുന്ന 3 kWh യൂണിറ്റാണ് ഹൈസ്പീഡ് മോഡലിന്റെ ബാറ്ററി പായ്ക്ക്.
ധാരാളം ലെഗ്‌റൂം, വിശാലമായ സീറ്റുകൾ, മികച്ച ഡ്രൈവബിലിറ്റി എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നതെന്ന് ബ്രാൻഡ് പറയുന്നു. മാറ്റ് ഫിനിഷുള്ള ഡ്യുവൽ ടോൺ ബോഡി പാനലുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഹിമാലയൻ വൈറ്റ്, റോയൽ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.

നേരത്തെ വിപണിയിലുണ്ടായിരുന്ന ആമ്പിയർ സീൽ EX ഇലക്‌ട്രിക് സ്കൂട്ടറിന്റെ പുതിയ പതിപ്പും കമ്പനി പരിചയപ്പെടുത്തിയിരുന്നു. 69,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പരിഷ്ക്കരിച്ച ഇവി മോഡൽ നിരത്തിലെത്തുന്നത്. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാവും ഈ വിലകൾ സാധുതയുള്ളതെന്നാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആമ്പിയർ സീൽ EX സ്‌കൂട്ടറിന് 75,000 രൂപയാണ് എക്സ്ഷോറൂം വില.
മാർച്ച് 31 വരെ സീൽ EX ഇലക്ട്രിക് സ്‌കൂട്ടറിന് ആമ്പിയർ 6,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. മീഡിയം-സ്പീഡ് ഇലക്‌ട്രിക് വിഭാഗത്തിൽ തന്നെയാണ് പരിഷ്ക്കരിച്ച മോഡലും ഇടംപിടിക്കുന്നത്. ദൈനംദിന യാത്രകൾക്കായി കുറഞ്ഞ ചെലവിൽ ഒരു ടൂവീലർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപൽപ്പന ചെയ്‌തതാണ് സീൽ ഇവി. എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറായി അവതരിപ്പിച്ചിരിക്കുന്ന മോഡലിന് 2.3kWh അഡ്വാൻസ്ഡ് ലിഥിയം ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.
അതേസമയം 1.8kW ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ആമ്പിയർ സീൽ EX ഇ-സ്‌കൂട്ടറിന് പരമാവധി 55 കി.മീ. വേഗത പുറത്തെടുക്കാനാവും. കൂടാതെ ഒന്നിലധികം റൈഡ് മോഡുകളുമുണ്ട്. പൂർണ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് നൽകാനും ഈ പുതിയ മോഡലിന് ശേഷിയുള്ളതാണ്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇത് 5 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാം.


Click it and Unblock the Notifications








