ഡിസ്ക്കിൻ്റെ ഒരു കുറവ് വേണ്ട; പുത്തൻ അപ്ഡേറ്റുമായി ആംപിയർ
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ബ്രാൻഡായ ആംപിയർ തങ്ങളുടെ ഇലക്ട്രിക് സ്ക്കൂട്ടറായ പ്രൈമസിന് ഒരു അപ്ഡേഷൻ കൊടുത്തിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളുമായിട്ടാണ് കമ്പനി സ്ക്കൂട്ടറിനെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ മുന്നിൽ ഡിസ്ക് ബ്രേക്ക് നൽകി പുതിയ മോഡൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
മുന്നിൽ ഡിസ്ക് ബ്രേക്ക് ഉളള മോഡൽ ഈ വർഷം അവസാനമേ വിപണിയിലെത്തിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1,09,900 രൂപയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളുമായി ഉയർന്ന പ്രാദേശികവൽക്കരണത്തോടെ 'മെയ്ക്ക്-ഇൻ-ഇന്ത്യ' നയത്തിന് ഊന്നൽ നൽകിയാണ് പുതിയ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

LFP ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോർ, ബെൽറ്റ് ഡ്രൈവ്, കണക്റ്റഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നത്. ഒരു പ്രത്യേക ഫോൺ ആപ്ലിക്കേഷനും ഓഫറിലുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മണിക്കൂറിൽ പരമാവധി 77 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിനാവും. ഇലക്ട്രിക് മോട്ടോർ 4 kW ടോർക്ക് ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് നൽകാനും പുതിയ ഇവി പ്രാപ്‌തമാണെന്നാണ് ആമ്പിയർ വ്യക്തമാക്കുന്നത്. ഇത് യഥാർഥ സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് ആണെന്നും കമ്പനി പ്രത്യേകം പറയുന്നു. ഏറ്റവും കൂടുതൽ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു ഇക്കോ മോഡും ഓഫറിലുണ്ട്. സിറ്റി, റിവേഴ്സ് മോഡ് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്. സ്മാർട്ട് ബിഎംഎസ് ലഭിക്കുന്ന 3 kWh യൂണിറ്റാണ് ഹൈസ്പീഡ് മോഡലിന്റെ ബാറ്ററി പായ്ക്ക്.

എന്നാൽ ഈ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനെടുക്കുന്ന സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ധാരാളം ലെഗ്‌റൂം, വിശാലമായ സീറ്റുകൾ, മികച്ച ഡ്രൈവബിലിറ്റി എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നതെന്ന് ബ്രാൻഡ് പറയുന്നു. മാറ്റ് ഫിനിഷുള്ള ഡ്യുവൽ ടോൺ ബോഡി പാനലുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഹിമാലയൻ വൈറ്റ്, റോയൽ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.
ഏത് ഇന്ത്യൻ കുടുംബത്തിന്റെയും ഒന്നിലധികം ഉപയോഗ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ആമ്പിയറിൽ നിന്നുള്ള ഒരു മുൻനിര ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രൈമസ് എന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ബെൽ പറഞ്ഞു. ചിന്തനീയമായി രൂപകൽപന ചെയ്തതും താങ്ങാനാവുന്ന വിലയുള്ളതുമായ, പ്രൈമസിന് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമ്പനി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ആമ്പയർ എൻഎക്‌സ്‌ജി മോഡലും പുറത്തിറക്കും. ഇത് പ്രൈമസിനേക്കാൾ പ്രീമിയം ഇവിയായിരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് സ്റ്റൈലിലും കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാൻഡ് രൂപകൽപ്പന ചെയ്യുന്നത്.
ഇലക്ട്രിക് വിപണി എപ്പോഴും കനത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾ കൂടുതൽ ജനപ്രിയമാക്കുവാനും ആകർഷകമാക്കുവാനുമാണ് ശ്രദ്ധിക്കുന്നത്. ഓല, ഏഥർ എന്നീ എതിരാളികളെല്ലാം തങ്ങളുടെ മോഡലുകളിൽ ഓരോ ദിവസവും മാറ്റങ്ങൾ കൊണ്ടുവരികയാണ്.


Click it and Unblock the Notifications








