റെയ്‌സ് മോട്ടോയുടെ ബ്രാന്‍ഡ് അത്‌ലറ്റായി റാലി റേസര്‍ ആശിഷ് റൗറാനെ
പ്രീമിയം ടയര്‍ നിര്‍മ്മാതാക്കളായ റെയ്സ് മോട്ടോയുടെ ബ്രാന്‍ഡ് അത്‌ലറ്റായി ഇന്ത്യന്‍ ക്രോസ് കണ്‍ട്രി റാലി റേസര്‍ ആശിഷ് റൗറാനെയെ നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഈ കാലയളവില്‍ അദ്ദേഹം മാറ്റുക്കുന്ന എല്ലാ മോട്ടോര്‍സ്പോര്‍ട്ട് ഇവന്റുകളിലും റൈഡര്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതിനാല്‍ ഡാകര്‍ 2024-ല്‍ ആശിഷ് റൗറാനെക്ക് പിന്തുണയുമായി റെയ്സ് മോട്ടോയുമുണ്ടാകും.
റെയ്സ് മോട്ടോയുടെ ഫ്‌ലാഗ്ഷിപ്പ് ടയര്‍ റേഞ്ചിന്റെ വികസനത്തിനായി ആശിഷ് റൗറാനെ സഹകരിക്കും. ഒരു പ്രീമിയം ടൂ വീലര്‍ ടയര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ റൈഡിംഗ് കമ്മ്യൂണിറ്റിയുമായി ആഴത്തില്‍ ഇടപഴകുകയും അവരുടെ റൈഡിംഗ് ലെവലുകള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ അഭിലാഷമെന്ന് കരാറിനെ കുറിച്ച് റെയ്‌സ് മോട്ടോ സ്ഥാപകനും എംഡിയുമായ യോഗേഷ് മഹന്‍സാരിയ പറഞ്ഞു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില അന്താരാഷ്ട്ര, ആഭ്യന്തര റേസുകളില്‍ മത്സരിച്ചതിന്റെ അനുഭവം ആഷിഷിന് മികച്ച ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കരാര്‍ റെയ്സിന് കോംപറ്റീഷന്‍ സ്‌പെക് ടയര്‍ പുറത്തിറക്കുന്നതിനുള്ള പാതയൊരുക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ സുമിത് ഗാര്‍ഗ് പറഞ്ഞു.
'റെയ്സ് മോട്ടോയുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടനാണെ്. ഡാകര്‍ 2024-ല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ട്രയല്‍ആര്‍ ശ്രേണി ഞാന്‍ ഇതിനകം പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഇത് സുഖകരവും പ്രതീക്ഷയുളവാക്കുന്നതുമാണെന്ന് പറയാം. റൈഡിംഗ് കമ്മ്യൂണിറ്റിക്കായി ഹൈ പെര്‍ഫോമന്‍സ് ടയറുകള്‍ ഒരുക്കുന്നതിലുള്ള അവരുടെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്നെ ആവേശഭരിതനാക്കുന്നു. റെയ്സ് മോട്ടോ ടീമിന്റെ മുഴുവന്‍ ടയര്‍ റേഞ്ചിന്റെയും വികസനത്തിനായി എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' ആശിഷ് പറഞ്ഞു.

മികച്ച ട്രാക്ക് റെക്കോഡുള്ള ഇന്ത്യന്‍ റാലി റൈഡര്‍മാരില്‍ ഒരാളാണ് ആശിഷ്. ഡാകര്‍ റാലി, ആഫ്രിക്ക ഇക്കോ റേസ് (AER), 2019 FIM ബജ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സീരീസ് എന്നിവ അദ്ദേഹം മാറ്റുരച്ചിട്ടുണ്ട്. ഡാകര്‍ റാലിക്ക് ക്വാളിഫൈ ചെയ്യുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ആശിഷ്.
കരാര്‍ കാലയളവില്‍ പുതു തലമുറ ഫ്‌ലാഗ്ഷിപ്പ് ടയര്‍ റേഞ്ചിന്റെ വികസനത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും കോംപറ്റീഷന്‍ സ്‌പെക് ഓഫ് റോഡ് ടയറുകള്‍ വികസിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുകയും ചെയ്യും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ടയര്‍ നിര്‍മ്മാതാക്കളായ മഹന്‍സാരിയ ടയേഴ്‌സ് യൂറോപ്യന്‍ കമ്പനിയായ മിറ്റാസുമായി സഹകരിച്ച് റെയ്സ് മോട്ടോ എന്ന പുതിയ ബ്രാന്‍ഡ് ടയറുകള്‍ രാജ്യത്ത് അവതരിപ്പിച്ചത്.
ഏറെക്കാലമായി ഇരുചക്ര വാഹനങ്ങള്‍ക്ക് ടയറുകള്‍ നിര്‍മിച്ച് അനുഭവ സമ്പത്തുള്ള ചെക്ക് റിപബ്ലിക്കന്‍ കമ്പനിയായ മിറ്റാസ് ലോകത്തിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നു കൂടിയാണ്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഡാകര്‍ റാലിയില്‍ പങ്കെടുക്കുന്ന റൈഡര്‍മാര്‍ക്കായി ടയറുകള്‍ നല്‍കുന്നത് വഴിയാണ് മിറ്റാസ് പേരെടുത്തത്. ഈ അനുഭവ സമ്പത്ത് മുതലെടുക്കാനാണ് മഹന്‍സാരിയ ഗ്രൂപ്പും പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഓടുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അനുയോജ്യമായ ടയറുകളുടെ മുഴുവന്‍ മോഡലുകളും ഡിസംബറില്‍ റെയ്‌സ് മോട്ടോ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ബൈക്ക് വിഭാഗത്തിന് ട്രെയില്‍ ആര്‍, ടൂര്‍ ആര്‍, ട്രേസ് ആര്‍, ട്രൂപ് ആര്‍ എന്നിവയും ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്മെന്റിന് ട്രിപ്പ് ആര്‍, ട്വിസ്റ്റ് ആര്‍ എന്നിങ്ങനെ 6 സബ് ബ്രാന്‍ഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








