75,000 രൂപ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു! പേരും കണ്ടുവെച്ചു
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. തുടക്ക കാലം തൊട്ട് തന്നെ ജനങ്ങളുടെ ഇഷ്ടം സമ്പാദിക്കാന്‍ ഏഥറിനായിരുന്നു. ഏഥര്‍ 450X മോഡല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ശക്തമായ വില്‍പ്പനയാണ് നേടിയെടുക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സബ്‌സിഡികളുടെ ബലത്തിലാണ് പല ഇവികളും താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ എത്തുന്നത്. വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്‍പന്തിയിലുണ്ടെങ്കിലും ഓല ഇലക്ട്രിക്, ഹീറോ വിഡ എന്നീ കമ്പനികള്‍ അടുത്ത കാലത്തായി ഉല്‍പ്പന്നങ്ങളുടെ വില കുറച്ചത് ഏഥറിന് വെല്ലുവിളിയായിട്ടുണ്ട്. സിമ്പിള്‍ വണ്‍, ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, ഗോഗോറോ എന്നിവ കൂടി വിപണിയില്‍ എത്തുന്നതോടെ മത്സരം കടുക്കും.

ഇവയെല്ലാം കണക്കിലെടുത്താണ് ഏഥര്‍ കുറഞ്ഞ വിലയിലുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുന്നത്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ എത്താന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ 450S എന്ന് പേര് ലഭിച്ചേക്കും. ഇവി സ്റ്റാര്‍ട്ടപ്പ് ഈ പേരിനായി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ വെട്ടിനിരത്തല്‍ നടത്തും.
ഏഥര്‍ 450S വേരിയന്റില്‍ നിലവിലുള്ള 450X പ്രോ പായ്ക്കില്‍ കാണപ്പെടുന്ന പല ഹൈടെക് ഫീച്ചറുകളും നഷ്ടമാകും. ഫുള്‍ കളര്‍ 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പോലുള്ള ഫീച്ചറുകള്‍ ഇല്ലെങ്കിലും ബജറ്റ് ഇവി നോക്കുന്നവര്‍ ഒരു കുറ്റവും പറയില്ല. സ്റ്റാന്‍ഡേര്‍ഡ് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇതിനോടകം ഫുള്‍ കളര്‍ യൂനിറ്റ് മാറ്റി ഗ്രേ സ്‌കെയില്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

4G കണക്റ്റിവിറ്റി, മ്യൂസിക് കോള്‍ ആക്‌സസ്, ഗൈഡ് മീ ഹോം ലൈറ്റ്, ഹില്‍ അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങി അത്യാവശ്യമല്ലാത്ത പല ഫീച്ചറുകളും നീക്കം ചെയ്യപ്പെട്ടേക്കും. സ്റ്റാന്‍ഡേര്‍ഡ് 450X വേരിയന്റിലും ഇവ ഇപ്പോള്‍ കാണാനാകില്ല. കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ വേണ്ടി ഏഥര്‍ 450S വേരിയന്റില്‍ നിന്നും ഈ ഫീച്ചറുകള്‍ അപ്രത്യക്ഷമാകും.
ഫീച്ചറുകളുടെ കാര്യത്തില്‍ മാത്രമല്ല വില കുറക്കാനായി 450X-ലെ അലൂമിനിയം ഫ്രെയിമിലും ഏഥര്‍ കൈവെക്കും. പകരം ഒരു ട്യൂബുലാര്‍ ഫ്രെയിം ആയിരിക്കും ഏഥര്‍ 450S-ന് ലഭിച്ചേക്കുക. ഒപ്പം തന്നെ ചെറിയ ബാറ്ററി പായ്ക്കും പവര്‍ കുറഞ്ഞ മോട്ടോറുമായിരിക്കും സജ്ജീകരിക്കുക. വിലയാണ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒരു കാര്യം.

ഉദാഹരണത്തിന് ബജറ്റ് വിലയില്‍ ഒരു ടൂവീലര്‍ നോക്കുന്ന വ്യക്തി അത്യാവശ്യം നല്ല ഇലക്ട്രിക് സ്‌കൂട്ടര്‍ പരിഗണിച്ചാല്‍ 1 ലക്ഷം രൂപക്കടുത്താണ് മിക്ക മോഡലുകളുടെയും വില വരുന്നത്. അടുത്തിടെ വിപണിയില്‍ എത്തിയ ഏഥര്‍ 450X എന്‍ട്രി ലെവല്‍ വേരിയന്റിന് 98,079 രൂപയാണ് വില വരുന്നത്. അതിനാല്‍ തന്നെ അവര്‍ ഏകദേശം 75,000 രൂപ എക്‌സ്‌ഷോറൂം വില വരുന്ന പെട്രോള്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നു.
ഈ സാഹചര്യത്തിലാണ് സബ്‌സിഡി കഴിച്ച് പെട്രോള്‍ സ്‌കൂട്ടറിന്റെ അതേ വിലയില്‍ ഇവികള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. വരാന്‍ പോകുന്ന ഏഥര്‍ 450S വേരിയന്റിന് 1.5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. ഫെയിം പദ്ധതിക്ക് കീഴില്‍ ലഭ്യമാകുന്ന സബ്‌സിഡിയും സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയും കിഴിച്ച് ഏകദേശം 76,000 രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ജനപ്രിയ സ്‌കൂട്ടറായ ഹോണ്ട ആക്ടിവയുടെ വിലക്ക് സമാനമാണ് ഇത്. ഈ വിലനിലവാരത്തില്‍ കൂടുതല്‍ പേരെ ഇവികളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വില്‍പ്പനയില്‍ ഒന്നാം സ്ഥാനക്കാരായ ഓലയെ പൂട്ടാനായി അടുത്തിടെയാണ് ഏഥര്‍ 450X മോഡലിന്റെ പുത്തന്‍ എന്‍ട്രി ലെവല്‍ വേരിയന്റ് വിപണിയില്‍ എത്തിച്ചത്.
ഏഥര്‍ ഇവി കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കുള്ള സര്‍പ്രൈസായിരുന്നു ഇത്. 98,079 രൂപയ്ക്കാണ് പുതിയ 450X വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫെയിം II സബ്‌സിഡിക്കും ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയും കിഴിച്ചാണ് ഈ തുകക്ക് ഇവി വാങ്ങാന്‍ സാധിക്കുക. സംസ്ഥാന സബ്സിഡി ഏറ്റവും കൂടുതലുള്ള ഡല്‍ഹിയിലാണ് പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് ഈ വിലയ്ക്ക് കിട്ടുകയെന്ന് സാരം.


Click it and Unblock the Notifications








