റേഞ്ച് കുറവാണെന്ന് ഇനി കുറ്റം പറയില്ല! ലോഞ്ച് കാത്തിരിക്കുന്നത് ഏഥറിന്റെ ഒന്നല്ല, രണ്ട് ഹൈറേഞ്ച് മോഡലുകള്‍
പെട്രോള്‍ ബൈക്കോ സ്‌കൂട്ടറോ വാങ്ങുമ്പോള്‍ നാം ചോദിക്കുന്ന ചോദ്യമാണ് മൈലേജ് എത്ര കിട്ടുമെന്നത്. ഇപ്പോള്‍ ഇലക്ട്രിക് ടൂവീലറുകളുടെ കാലമായപ്പോള്‍ റേഞ്ച് എത്ര കിട്ടുമെന്നായി ചോദ്യം. സമീപകാലത്ത് വരെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് മുമ്പില്‍ ഓല, ഏഥര്‍, ടിവിഎസ് അടക്കം വിരലിലെണ്ണാവുന്ന ഓപ്ഷനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ പരമ്പരാഗത വാഹന നിര്‍മാതാക്കളെ കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കൂടെ കുത്തൊഴുക്കായതിനാല്‍ ഏഥറടക്കമുള്ള വിപണിയിലെ പ്രബലര്‍ ഇപ്പോള്‍ കാര്യമായ മുന്നൊരുക്കങ്ങളിലാണ്. മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ പുതിയ HR ലൈനപ്പ് ഉപയോഗിച്ച് അടിത്തറ ബലപ്പെടുത്തുകയാണ് ഏഥര്‍ എനര്‍ജി ഇപ്പോള്‍. 450S മോഡലിന് ശേഷം HR ടാഗുള്ള രണ്ടാമത്തെ ഏഥര്‍ സ്‌കൂട്ടര്‍ കൂടി വരാന്‍ പോകുകയാണ്.

ഏഥര്‍ 450X HR എന്ന മോഡലാണ് സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് അടുത്തിടെ ഹോമോലോഗ് ചെയ്തത്. ഈ HR എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഹോമോലോഗേഷന്‍ ഡോക്യുമെന്റുകളില്‍ ഇവ ഉയര്‍ന്ന റേഞ്ച് അവകാശപ്പെടുന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഏഥര്‍ 450X HR, ഏഥര്‍ 450S HR എന്നിവ 'ഹൈ റേഞ്ച്' അല്ലെങ്കില്‍ 'ഹയര്‍ റേഞ്ച്' എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് തോന്നുന്നു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി ബ്രാന്‍ഡിന് ഇപ്പോള്‍ ഒരു സ്‌കൂട്ടര്‍ ഡിസൈന്‍ മാത്രമേ ഉള്ളൂവെന്നതിനാല്‍ പുതിയ മോഡലുകള്‍ ഏഥറിന്റെ ഔട്ട്ഗോയിംഗ് ഡിസൈനിന് സമാനമായിട്ടായിരിക്കും വരിക. വലിപ്പത്തിന്റെ കാര്യത്തിലും ഏഥര്‍ 450X HR, ഏഥര്‍ 450S HR എന്നിവ സമമായിരിക്കും. ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 1837 mm നീളം, 739 mm വീതിയും, 1114 mm ഉയരവുമുണ്ട്. 1296 mm ആയിരിക്കും വീല്‍ബേസ് അളവ്.

243 കിലോഗ്രാം ആയിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൊത്തം ഭാരം.ഏഥര്‍ 450X HR, ഏഥര്‍ 450S HR ഇവികളുടെ പവര്‍ട്രെയിന്‍ സവിശേഷതകളും ഏകദേശം സമമായിരിക്കും. പെര്‍മെനന്റ് മാഗ്‌നറ്റ് സിംക്രണസ് മോട്ടോറാണ് ഇവിക്ക് തുടിപ്പ് പകരുക. ഏഥര്‍ 450S HR-ന് 3.76 kWh ബാറ്ററി പായ്ക്കും 450X HR-ന് 3.66 kWh ബാറ്ററി പായ്ക്കുമാണ് ഊര്‍ജ്ജം നല്‍കുക.
റേഞ്ച് നോക്കിയാല്‍ ഏഥര്‍ 450X HR ഇവിക്ക് ഒറ്റചാര്‍ജില്‍ 158 കിലോമീറ്റര്‍ വരെ ഓടാനാകുമെന്നാണ് ഹോമോലോഗേഷന്‍ രേഖകളില്‍ പറയുന്നത്. അതേസമയം ഫുള്‍ചാര്‍ജില്‍ 156 കിലോമീറ്റര്‍ ആണ് ഏഥര്‍ 450S HR-ന്റെ റേഞ്ച്. ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ 2.9 kWh, 3.7 kWh ബാറ്ററി പായ്ക്കുകളിലാണ് വാങ്ങാന്‍ സാധിക്കുക. ഇവക്ക് യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്ററുമാണ് റേഞ്ച് അവകാശപ്പെടുന്നത്.
ഏഥര്‍ 450S HR-ന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ ടോപ് സ്പീഡ് ഉണ്ട്. അതേസമയം ഏഥര്‍ 450X HR-ന്റെ പരമാവധി വേഗത പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിലവില്‍ വില്‍പ്പനക്കുള്ള ഏഥര്‍ 450X, 450S എന്നീ മോഡലുുകള്‍ക്ക് 90 കി.മീ ടോപ് സ്പീഡ് ഉണ്ട്. അതിനാല്‍ ഏഥര്‍ 450X HR ഇവിക്കും ഇതേ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫീച്ചര്‍ വശം നോക്കുമ്പോള്‍ ഗൂഗിള്‍ മാപ്സും സ്ലീക്ക് യുഐയും മറ്റുമുള്ള 7 ഇഞ്ച് ഗൂഗിള്‍ പവര്‍ ടച്ച്സ്‌ക്രീന്‍ ഡാഷ്ബോര്‍ഡുമായിട്ടായിരിക്കും ഏഥര്‍ 450X HR എത്തുക. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിംഗ്, 22 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവയും മറ്റ് പ്രധാന സവിശേഷതകളാകും. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി പ്രോ പാക്കേജ് ഏഥര്‍ വാഗ്ദാനം ചെയ്യുമോ എന്ന കാര്യം തീര്‍ച്ചയില്ല.
ഏഥര്‍ റൈഡ് അസിസ്റ്റ്, ഏഥര്‍ കണക്റ്റ്, ഏഥര്‍ സ്റ്റാക്ക് OTA അപ്‌ഡേറ്റുകള്‍ എന്നിവയുള്ള പ്രോപായ്ക്കിന് 23000 രൂപയാണ് ഈടാക്കുന്നത്. യൂത്തിനെ ആകര്‍ഷിക്കാനായി HR ലൈനപ്പിന് പുത്തന്‍ കളര്‍ ഓപഷനും ഏഥര്‍ നല്‍കിയേക്കും. നിങ്ങള്‍ കുറച്ച് കൂടി റേഞ്ചുള്ള ഏഥര്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കുന്നതാണ് ഉത്തമം. HR ലൈനപ്പിലുള്ള പുത്തന്‍ ഇവികള്‍ ഉടന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി വിപണിയില്‍ എത്തിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications








