ഏഥറിന്റെ അടുത്ത ലക്ഷ്യം 'ദുനിയാ'; ഈ അയല്‍രാജ്യത്ത് ഷോറൂം തുറന്നു...
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ഏഥര്‍ എനര്‍ജി (Ather Energy). സ്‌പോര്‍ട്ടിയര്‍ ലുക്കിലുള്ള കരുത്തുറ്റ മോഡലുകള്‍ പുറത്തിറക്കുന്ന ഏഥര്‍ ചുരുങ്ങിയ നാളുകൊണ്ടാണ് സെഗ്‌മെന്റിലെ മുന്‍നിരക്കാരായി മാറിയത്. ഇന്ത്യയില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതിനിടെ കമ്പനി ഇപ്പോള്‍ ഇന്റര്‍നാഷനലായിരിക്കുകയാണ്.
അയല്‍രാജ്യമായ നേപ്പാളില്‍ തങ്ങളുടെ ആദ്യ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറന്നിരിക്കുകയാണ് ഏഥര്‍. വൈദ്യയുടെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ട്രേഡിംഗ് ഹൗസുകളുടെ (VOITH) അനുബന്ധ സ്ഥാപനമായ വൈദ്യ എനര്‍ജിയുമായി സഹകരിച്ചാണ് ഏഥര്‍ കാഠ്മണ്ഡുവിലെ നക്‌സലില്‍ കന്നി ഇന്റര്‍നാഷനല്‍ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം തങ്ങളുടെ നേപ്പാള്‍ എന്‍ട്രി പ്രഖ്യാപിച്ച ശേഷമാണ് എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്.

ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന് കാഠ്മണ്ഡുവില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. രാജ്യത്തെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് നേപ്പാളില്‍ തുറക്കാനായി ഏഥര്‍ ലക്ഷ്യമിടുന്നു. തുടക്കത്തില്‍ ഏഥര്‍ തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ 450X ആയിരിക്കും നേപ്പാളില്‍ വിതരണം ചെയ്യുക.
നേപ്പാളിലെ ഏഥര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സര്‍വീസും വൈദ്യ എനര്‍ജിയായിരിക്കും നിയന്ത്രിക്കുക. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിന് വൈദ്യ എനര്‍ജിയുമായുള്ള പങ്കാളിത്തത്തിന് കീഴില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഏഥര്‍ ഗ്രിഡുകളും കമ്പനി സ്ഥാപിക്കും. ആദ്യ എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടന വേളയില്‍ ഏഥറിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് ഫൊകെല നേപ്പാളിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സാധ്യതകളെ ഊന്നിപ്പറഞ്ഞു.

നേപ്പാള്‍ വിപണിയില്‍ 450X മോഡലിന്റെ വില ഇതുവരെ അറിവായിട്ടില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സമാന ഇരുചക്രവാഹന മോഡലുകളുടെ വിലയിലെ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ ഇതിന് ഏകദേശം 4 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവി നിര്‍മ്മാതാവില്‍ നിന്നുള്ള മുന്‍നിര മോഡലാണ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450X. ഓല ഇലക്ട്രിക്.
ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയില്‍ നിന്നുള്ള എതിരാളികളുമായിട്ടാണ് ഏഥര്‍ 450X മത്സരിക്കുന്നത്. ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായിരിക്കും നേപ്പാളില്‍ ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുക.
പാര്‍ക്ക് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ്, ഫാള്‍സേഫ്, ഗൂഗിള്‍ മാപ്സ് ഇന്റഗ്രേഷനോടുകൂടിയ 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരിക. പെര്‍ഫോമന്‍സ് ഇവി ആയതിനാല്‍ തന്നെ മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ് സ്പീഡ് ഇതിന് ലഭിക്കും. ഒറ്റചാര്‍ജില്‍ 146 കിലോമീറ്റര്‍ ആയിരിക്കും റൈഡിംഗ് റേഞ്ച്. 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഏഥര്‍ 450X ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.
ഇന്ത്യന്‍ വിപണി നോക്കിയാല്‍ ഇവിടെ മത്സരം അനുദിനം കടുത്തുവരികയാണ്. ഈ സാഹചര്യത്തില്‍ പുതിയ HR ലൈനപ്പ് ഉപയോഗിച്ച് അടിത്തറ ബലപ്പെടുത്തുകയാണ് ഏഥര്‍. 450S മോഡലിന് ശേഷം HR ടാഗുള്ള രണ്ടാമത്തെ ഏഥര്‍ സ്‌കൂട്ടര്‍ കൂടി ഏഥര്‍ അടുത്തിടെ ഹോമോലോഗേറ്റ് ചെയ്തിരുന്നു. ഏഥര്‍ 450X HR എന്ന മോഡലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ഏറ്റവും പുതുതായി ഹോമോലോഗ് ചെയ്തത്.

പുത്തന്‍ ഇവികള്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ പുത്തന്‍ ഇവികളിലെ HR 'ഹൈ റേഞ്ച്' അല്ലെങ്കില്‍ 'ഹയര്‍ റേഞ്ച്' എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് അനുമാനിക്കാം. പുതിയ മോഡലുകള്‍ ഏഥറിന്റെ ഔട്ട്‌ഗോയിംഗ് ഡിസൈനിന് സമാനമായിട്ടായിരിക്കും വരിക. വലിപ്പത്തിന്റെ കാര്യത്തിലും ഏഥര്‍ 450X HR, ഏഥര്‍ 450S HR എന്നിവ സമമായിരിക്കും. ഏഥര്‍ 450X HR, ഏഥര്‍ 450S HR ഇവികളുടെ പവര്‍ട്രെയിന്‍ സവിശേഷതകളും ഏകദേശം സമമായിരിക്കും.
പെര്‍മെനന്റ് മാഗ്നറ്റ് സിംക്രണസ് മോട്ടോറാണ് ഇവിക്ക് തുടിപ്പ് പകരുക. ഏഥര്‍ 450S HR-ന് 3.76 kWh ബാറ്ററി പായ്ക്കും 450X HR-ന് 3.66 kWh ബാറ്ററി പായ്ക്കുമാണ് ഊര്‍ജ്ജം നല്‍കുക. ഏഥര്‍ 450X HR ഒറ്റചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ചും ഏഥര്‍ 450S HR ഫുള്‍ചാര്‍ജില്‍ 156 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് ഹോമോലോഗേഷന്‍ രേഖകള്‍ പറയുന്നത്. അധികം വൈകാതെ തന്നെ ഇവികള്‍ വിപണിയില്‍ എത്തിയേക്കും.


Click it and Unblock the Notifications








