ഓലയെ ഒറ്റക്ക് ഭരിക്കാന്‍ വിടില്ലെന്ന് ഏഥര്‍! പുത്തന്‍ ഉല്‍പാദന നാഴികക്കല്ല് താണ്ടി കുതിപ്പ്...
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഇപ്പോള്‍ ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ്. തുടക്കത്തിലെ സ്റ്റാര്‍ട്ടിംഗ് ട്രബിളിന് ശേഷം ഇവി വില്‍പ്പന ഇപ്പോള്‍ ടോപ് ഗിയറിലാണ് പോയിക്കൊണ്ടിരിക്കുന്നത്. പല ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളും ഇപ്പോള്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഏഥര്‍ എനര്‍ജി.
വില്‍പ്പനയുടെ കാര്യത്തില്‍ നിലവില്‍ ഓല ഇലക്ട്രിക്, ടിവിഎസ് എന്നിവക്ക് പിന്നില്‍ മൂന്നാമതാണ് ഏഥറിന്റെ സ്ഥാനം. ആസ്ഥാനം കര്‍ണാടകയിലെ ബാംഗ്ലൂരിലാണെങ്കിലും ഏഥറിന്റെ ഇവി നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ ഹൊസൂരിലാണ്. ഇപ്പോള്‍ തങ്ങളുടെ ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് രണ്ട് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയാണ് ഏഥര്‍ ചരിത്രം രചിച്ചിരിക്കുന്നത്. 2018-ല്‍ മുന്‍നിര മോഡലായ ഏഥര്‍ 450 ആയിരുന്നു ആദ്യം പുറത്തിറങ്ങിയത്.

ഇക്കുറി ലാന്‍ഡ്മാര്‍ക്ക് യൂണിറ്റായി വന്നത് 450X ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നു. ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനായ സ്വപ്നില്‍ ജെയിന്‍ ഇവിടെ സന്നിഹിതനായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷമെടുത്താണ് ഏഥര്‍ അരലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിയത്. എന്നാല്‍ അരലക്ഷം യൂണിറ്റില്‍ നിന്ന് രണ്ട് ലക്ഷം നിര്‍മാണത്തിലേക്ക് ഒരു വര്‍ഷമ വേണ്ടി വന്നില്ല.
ഈ വര്‍ഷം ആദ്യം ഏഥര്‍ 405X ജെന്‍ 3 മോഡല്‍ അവതരിപ്പിച്ചതിന് ശേഷമാണ് ഇവി നിര്‍മ്മാതാവ് അതിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 50,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഹൊസൂരിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിന് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അഞ്ച് വര്‍ഷം മുമ്പ് 2018-ല്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയാണ് ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വപ്‌ന യാത്രക്ക് തുടക്കമിട്ടത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന് ഏഥറില്‍ നിക്ഷേപമുണ്ട്. 2020-ലാണ് കമ്പനി ഏഥര്‍ 450X എന്ന പേരില്‍ തങ്ങളുടെ രണ്ടമത്തെ മോഡല്‍ പുറത്തിറക്കിയത്. ഇതിന്റെ മൂന്നാം തലമുറ പതിപ്പാണ് നിലവില്‍ വില്‍പ്പനക്കെത്തുന്നത്. ഏഥര്‍ 450X ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടറിന് 3.7 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് പവര്‍ നല്‍കുന്നത്.
ഈ ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 146 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാവ് അവകാശപ്പെടുന്നത്. ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ തുടങ്ങിയ സെഗ്മെന്റിലെ മറ്റ് ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ഏഥര്‍ 450X മത്സരിക്കുന്നത്. ഏഥര്‍ 450X-ന് പുറമെ ഏഥര്‍ 450S എന്ന എന്‍ട്രി ലെവല്‍ മോഡല്‍ ഈ വര്‍ഷം ഏഥര്‍ പുറത്തിറക്കി.

അടുത്തതായി തങ്ങളുടെ മൂന്നാമത്തെ മോഡല്‍ ഫാസ്റ്റസ്റ്റ് ഏഥര്‍ എന്ന വിശേഷണവുമായി അരങ്ങേറാന്‍ പോകുകയാണ്. 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈ പെര്‍ഫോമന്‍സ് പതിപ്പായിരിക്കും 450 അപെക്സ്. അടുത്ത വര്‍ഷമാകും ഏഥര്‍ 450 അപെക്‌സിന്റെ അവതരണം. കമ്പനിയുടെ ഏറ്റവും ചെലവേറിയ ഉല്‍പ്പന്നമായി ഇത് മാറും. തങ്ങളുടെ പുത്തന്‍ മോഡലിന്റെ ബുക്കിംഗ് വിന്‍ഡോ ഏഥര്‍ ഇതിനകം തുറന്നിട്ടുണ്ട്.
2,500 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ ഇപ്പോള്‍ വണ്ടി ബുക്ക് ചെയ്യാം. ഏഥര്‍ 450X അപെക്സിന്റെ വിതരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 450X മോഡലുകളില്‍ കാണപ്പെടുന്ന വാര്‍പ്പ് മോഡിന്റെ കൂടുതല്‍ ശക്തമായ പതിപ്പായ വാര്‍പ്പ്+ എന്ന പുതിയ റൈഡിംഗ് മോഡ് ഇതില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യം സ്ഥിരീകരിച്ചു.
വാര്‍പ്പ് മോഡ് ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും വേഗതയുള്ള ഇവികളില്‍ ഒന്നാക്കി ഏഥര്‍ 450X-നെ മാറ്റുന്നു. നിലവിലെ 450X-ന് 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. അതേസമയം 450X അപെക്സിന് ഇതിനേക്കാള്‍ വേഗമുള്ള ആക്സിലറേഷന്‍ ടൈം ഉണ്ടാകും. 450 അപെക്സ് വേരിയന്റിലൂടെ ടോപ് ക്ലാസ് പെര്‍ഫോമന്‍സ് ഇവികള്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്‌സിനെ കൂടെക്കൂട്ടാനാണ് ഏഥര്‍ എനര്‍ജിയുടെ പ്ലാന്‍.


Click it and Unblock the Notifications








