ഓല റെഡിയല്ലേ? ഏഥറിന്റെ കിടിലന്‍ സര്‍പ്രെസ് മറ്റന്നാള്‍ പൊളിക്കും
പ്രമോഷന്റെ കാര്യത്തില്‍ സിനിമയിലെ പോലെ തന്നെയാണ് ഏതാണ്ട് വാഹന ലോകത്തും കാര്യങ്ങള്‍. കൃത്യമായ പ്ലാനിംഗോടെ വാഹനത്തെ കുറിച്ചുള്ള ടീസറുകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വിജയിച്ചാല്‍ വണ്ടി കേറിയങ്ങ് ഹിറ്റടിക്കും. വാഹന നിര്‍മാതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ടീസറുകളുടെ പവര്‍ നമ്മള്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. വിപണിയില്‍ ഒരു ഹൈപ്പുണ്ടാക്കുന്നതില്‍ ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പുത്തന്‍ ടീസറിനെ കുറിച്ച് പറയാനാണ് ഇത്രയും പറഞ്ഞത്. ഓഗസ്റ്റ് 11-ന് ഏഥറിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിനെ കുറിച്ച് വിളംബരം ചെയ്യുന്നതാണ് ടീസര്‍. ഒന്നും രണ്ടുമല്ല മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാകും അന്ന് പുറത്തിറങ്ങുകയെന്നാണ് സൂചന.

ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് ഓല ഇലക്ട്രിക്കിനോട് കട്ടക്ക് മത്സരിച്ച് നില്‍ക്കുന്ന കമ്പനിയാണ് ഏഥര്‍. ഉയര്‍ന്ന നിലവാരത്തില്‍ പ്രീമിയം ഇവികള്‍ വിപണിയിലെത്തിക്കുന്ന ഏഥര്‍ ഇതിനോടകം വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ചിട്ടുണ്ട്. നിലവാരം കാത്തുസൂക്ഷിക്കുന്നതിനാല്‍ തന്നെ വില പരിഗണിക്കാതെ തന്നെ ജനങ്ങള്‍ ഏഥറിനെ സ്വീകരിച്ചു. നിലവില്‍ 450 സീരീസിലാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വില്‍ക്കുന്നത്.
ഏഥര്‍ 450X, ഏഥര്‍ 450s എന്നിങ്ങനെ രണ്ട് തരം സ്‌കൂട്ടറുകളാണ് ബ്രാന്‍ഡിന്റെ മോഡല്‍ നിരയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ ഏഥര്‍ 450S ഇതുവരെ വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല. പ്രോ പായ്ക്കുമായും പ്രോ പായ്ക്ക് ഇല്ലാതെയുമായി ഏഥര്‍ 450X മാത്രമാണ് അവര്‍ വില്‍ക്കുന്നത്. ഏഥറിന്റെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450S-ന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇത് അനുസരിച്ച് മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അവയിലൊന്ന് ഏഥര്‍ 450S ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌കൂട്ടറാണിപ്പോള്‍ ഇപ്പോള്‍ ലോഞ്ചിനൊരുങ്ങിയിരിക്കുന്നത്. ലോഞ്ചിന് മുമ്പ് തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുഴുവന്‍ വിവരങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് സമാനമായി കുറഞ്ഞ വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നത്.
പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ രണ്ടാമത്തേത് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ നാലാം തലമുറ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല S1 പ്രേയുമായിട്ടാണ് ഏഥര്‍ 450X മത്സരിക്കുന്നത്. അപ്‌ഡേറ്റഡ് 450X-ന്റെ ചാര്‍ജിംഗ് സമയത്തില്‍ മാറ്റമുണ്ടാകും. അതിനായി ബാറ്ററി സൈസ് കുറക്കുമെന്നാണ് സൂചന. മൂന്നാമത്തെ സ്‌കൂട്ടറിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇത് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരിക്കുമോ അതോ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമോ എന്ന കാര്യങ്ങള്‍ ഒന്നും അറിയില്ല. ഏതായാലും ഓഗസ്റ്റ് 11-ന് ഇക്കാര്യത്തില്‍ വ്യക്തത വരും. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഏഥര്‍ 450X-ന് സമാനമായാണ് ഇത് കാണപ്പെടുക. എന്നിരുന്നാലും ഒരു പുതിയ എല്‍സിഡി ഡിസ്‌പ്ലേയോടെയാണ് ഇത് വരുന്നത്.
അതിനാല്‍ തന്നെ ഏഥര്‍ 450S ഇവിയില്‍ ഗൂഗിള്‍ മാപ്പും കണക്റ്റഡ് ടെകും പ്രതീക്ഷിക്കേണ്ട. ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. ടോപ് സ്പീഡിന്റെ കാര്യത്തില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും സമന്‍മാരാണ്. 450X-ന്റെ അതേ ഇലക്ട്രിക് മോട്ടോര്‍ തന്നെ 450S-ലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലവിവരങ്ങള്‍ ഏഥര്‍ എനര്‍ജി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
129,999 പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ഇത് ലഭ്യമാകും. എന്നാല്‍ ഈ വിലയില്‍ എത്ര ഉപഭോക്താക്കള്‍ക്ക് ഇവി വാങ്ങാനാകും എന്ന കാര്യം വ്യക്തമല്ല. ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ നിരവധി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഉത്സവ സീസണില്‍ മികച്ച വില്‍പ്പന ലക്ഷ്യമിട്ടാണ് ഏഥറും മൂന്ന് ഇവികള്‍ കൊണ്ടുവരാന്‍ പോകുന്നത്. ഓലയുടെ കുതിപ്പിന് തടയിടാന്‍ ഇതുകൊണ്ട് ഏഥറിന് സാധിക്കുമോയെന്ന് കണ്ടറിയാം.


Click it and Unblock the Notifications








