കുടുംബത്തിന് മൊത്തം ഒന്നുമതി! കുറഞ്ഞ വിലയിലുള്ള ഏഥര്‍ ഇവി ഏതാനും മാസങ്ങള്‍ക്കുള്ളില്‍
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഭരിക്കുന്നത് തദ്ദേശീയരായ കമ്പനികളാണ്. എന്നാല്‍ ഇപ്പോള്‍ സെഗ്‌മെന്റില്‍ മത്സരം മുറുകിയ സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പ്പന്നനിര വിപുലീകരിക്കുന്ന തിരക്കിലാണ് ബ്രാന്‍ഡുകള്‍. ഒരു ഇവി വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ ആദ്യം പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് ഏഥര്‍. കമ്പനിയില്‍ നിന്ന് ഉടന്‍ തന്നെ ഒരു ഫാമിലി സ്‌കൂട്ടര്‍ വരാന്‍ പോകുകയാണ്. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.
സ്‌പോര്‍ട്ടിയര്‍ ലുക്കിലുള്ള പെര്‍ഫോമന്‍സ് ഇവികള്‍ പുറത്തിറക്കിയാണ് ഏഥര്‍ ഇന്ത്യന്‍ യൂത്തിന്റെ മനസ്സില്‍ ഇടം കണ്ടെത്തിയത്. ഏഥര്‍ 450S, ഏഥര്‍ 450X എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവില്‍ ഏഥര്‍ വിപണിയില്‍ എത്തിക്കുന്നത്. പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആയതിനാല്‍ അവയുടെ വില അല്‍പ്പം കൂടുതലാണ്. വലിപ്പം അല്‍പ്പം കുറവായതിനാല്‍ തന്നെ പ്രായോഗികതയുടെ കാര്യത്തില്‍ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസിന്റെ ഐക്യൂബും ബജാജിന്റെ ചേതക്കും ഇവയുടെ മുകളില്‍ നില്‍ക്കും.

ഈ സാഹചര്യത്തിലാണ് കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു പുത്തന്‍ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ വേണ്ടി ഏഥര്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് എഥര്‍ എനര്‍ജി സിഇഒ തരുണ്‍ മേത്തയാണ് സ്ഥിരീകരിച്ചു. കൂടപ്പിറപ്പുകളേക്കാള്‍ വലിപ്പമുണ്ടാകുന്നതിനാല്‍ വീട്ടുസാധനങ്ങളെല്ലാം എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്ന മെച്ചമുണ്ട്.
പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥറില്‍ നിന്നുള്ള വില കുറഞ്ഞ എന്‍ട്രി ലെവല്‍ ഉല്‍പ്പന്നമായിരിക്കുമെന്നും മേത്ത സ്ഥിരീകരിച്ചു. ഓല S1X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളോടായിരിക്കും ഈ സ്‌കൂട്ടര്‍ മത്സരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിനൊപ്പം നിലവിലുള്ള 450 സീരീസ് അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി സിഇഒ അറിയിച്ചു. അതിനാല്‍ അടുത്ത വര്‍ഷം പുത്തന്‍ മേക്കോവറില്‍ പുതിയ 450 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ഏഥര്‍ 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കാലഘട്ടത്തിനനുസൃതമായ ഫീച്ചര്‍ അപ്‌ഡേറ്റുകളും സ്റ്റാര്‍ട്ടപ്പ് കമ്പനി കൊണ്ടുവരും. അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ തന്നെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ അല്‍പ്പം വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. നിലവില്‍ 450S, 450X എന്നിങ്ങനെ രണ്ട് തരം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വില്‍ക്കുന്നത്. 450S ആണ് ഏഥറിന്റെ എന്‍ട്രി ലെവല്‍ മോഡല്‍.
നിലവില്‍ 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് 450S വില്‍പ്പനക്കെത്തിക്കുന്നത്. അതേസമയം 450X-ന് 1.38 ലക്ഷം രൂപയാണ് വില. 450S, 450X ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഹൈറേഞ്ച് പതിപ്പുകളും അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഹോമോലോഗേഷന്‍ രേഖകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. വരാന്‍ പോകുന്ന ഇവികളുടെ HR പതിപ്പുകള്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ഹോമോലോഗേഷന്‍ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതുകൊണ്ട് തന്നെ പുത്തന്‍ ഇവികളിലെ HR 'ഹൈ റേഞ്ച്' അല്ലെങ്കില്‍ 'ഹയര്‍ റേഞ്ച്' എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് അനുമാനിക്കാം. പുതിയ മോഡലുകള്‍ ഏഥറിന്റെ ഔട്ട്ഗോയിംഗ് ഡിസൈനിന് സമാനമായിട്ടായിരിക്കും വരിക. വലിപ്പത്തിന്റെ കാര്യത്തിലും ഏഥര്‍ 450X HR, ഏഥര്‍ 450S HR എന്നിവ സമമായിരിക്കും. ഏഥര്‍ 450X HR, ഏഥര്‍ 450S HR ഇവികളുടെ പവര്‍ട്രെയിന്‍ സവിശേഷതകളും ഏകദേശം സമമായിരിക്കും.
പെര്‍മെനന്റ് മാഗ്‌നറ്റ് സിംക്രണസ് മോട്ടോറാണ് ഇവിക്ക് തുടിപ്പ് പകരുക. ഏഥര്‍ 450S HR-ന് 3.76 kWh ബാറ്ററി പായ്ക്കും 450X HR-ന് 3.66 kWh ബാറ്ററി പായ്ക്കുമാണ് ഊര്‍ജ്ജം നല്‍കുക. ഏഥര്‍ 450X HR ഒറ്റചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ചും ഏഥര്‍ 450S HR ഫുള്‍ചാര്‍ജില്‍ 156 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് ഹോമോലോഗേഷന്‍ രേഖകള്‍ പറയുന്നത്. അധികം വൈകാതെ തന്നെ ഇവികള്‍ വിപണിയില്‍ എത്തിയേക്കും.
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നവരുടെ എണ്ണം സമീപകാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഉത്സവകാലത്ത് ഒട്ടുമിക്ക ബ്രാന്‍ഡുകളും മികച്ച ഓഫറുകള്‍ നല്‍കിയതിനാല്‍ അത് ഇനിയും കൂടാനാണ് സാധ്യത. നിലവിലെ താരതമ്യേന വില കൂടുതലുള്ള മോഡലുകള്‍ ഓഫര്‍ ചെയ്തിട്ടും വില്‍പ്പനയില്‍ മികവ് കാണിക്കാന്‍ ഏഥറിന് സാധിക്കുന്നുണ്ട്. താങ്ങാവുന്ന വിലയില്‍ ഒരു ഫാമിലി സ്‌കൂട്ടര്‍ കൂടി എത്തിയാല്‍ ഏഥര്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








