രാജ്യത്തെ എല്ലാവര്‍ക്കും ടൂവീലര്‍! ഉണ്ടാകുമോ കേന്ദ്രത്തിന്റെ വക 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'?
ഇന്ത്യയില്‍ ഇന്നും സാധാരണക്കാരന് ഏറ്റവും അനുയോജ്യമായ ഗതാഗത മാര്‍ഗം ടൂവീലറുകളാണ്. അത് പെട്രോള്‍ ടൂവീലറാണെങ്കിലും ഇലക്ട്രിക് ടൂവീലര്‍ ആണെങ്കിലും ശരി. ഇലക്ട്രിക് വാഹനത്തെ വിശ്വസിക്കാന്‍ വലിയൊരു വിഭാഗം ഇന്നും ഒരുക്കമല്ലാത്ത സാഹചര്യത്തില്‍ നല്ല മൈലേജ് കിട്ടുന്ന കമ്മ്യൂട്ടര്‍ ബൈക്കുകളാണ് ഇന്ത്യയിലെ പാവപ്പെട്ടവന്റെയും മധ്യവര്‍ഗക്കാരനും ശരണം.
ഗതാഗതക്കുരുക്കുകള്‍ നിറഞ്ഞ ഇന്ത്യയിലെ റോഡുകളില്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ അതിന് ടൂവീലറുകള്‍ തന്നെ വേണം. എന്നാല്‍ ഇന്നും ഇരുചക്രവാഹനങ്ങളില്ലാത്ത വീടുകള്‍ നമ്മുടെ ഇന്ത്യയില്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. എക്കാലത്തും പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ആദ്യ വാഹനം 100 സിസി മുതല്‍ 125 സിസി വരെ വരുന്ന എന്‍ട്രി ലെവല്‍ ടൂവീലറുകള്‍ ആയിരുന്നു.

എന്നാല്‍ വിപണി ശ്രദ്ധിക്കുന്നവര്‍ക്കറിയാം ഇന്ന് ഒരു എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങണമെങ്കില്‍ പോലും അത്യാവശ്യം ക്യാഷ് മുടക്കണം. ഈ വിഭാഗത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നികുതി വളരെ കൂടുതലായതിനാലാണ് ഇത് പോലും പലര്‍ക്കും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് എത്തിയത്. നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജിഎസ്ടി നികുതി കുത്തനെ കുറയ്ക്കാനുള്ള സാഹചര്യം വരാന്‍ പോകുന്നതായാണ് സൂചന.
രാജ്യത്തെ ഓട്ടോമൊബൈല്‍ ഡീലര്‍മാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്എഡിഎ) അധികൃതര്‍ അടുത്തിടെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരിയെ കണ്ടതോടെയാണ് പ്രതീക്ഷകള്‍ തളിരിടുന്നത്. എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവുകള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടത്. വില്‍പ്പന ഉത്തേജിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നാണ് അവര്‍ പറയുന്നത്.

100 സിസി - 125 സിസി വിഭാഗത്തിലെ എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നാണ് സംഘടന ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുഴുവന്‍ ഇരുചക്രവാഹന വില്‍പ്പനയുടെ 70 ശതമാനവും ഈ സെഗ്മെന്റിലാണെന്ന് അസോസിയേഷന്‍ ഊന്നിപ്പറഞ്ഞു. മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും ആഡംബര വസ്തുക്കളായോ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഉറപ്പുനല്‍കുന്ന സിന്‍ ഗുഡ്സ് എന്നോ വര്‍ഗീകരിക്കരുതെന്ന് മുമ്പും FADA കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മഹാമാരിക്കാലം മുതല്‍ ഈ സെഗ്മെന്റില്‍ വില്‍പ്പനയില്‍ സ്ഥിരമായി ഇടിവ് നേരിട്ട്‌കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ഉയര്‍ത്തേണ്ടത് അത്യവശ്യമാണ്. കോവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കാണുന്ന 20 ശതമാനത്തിലധികം വരുന്ന വില്‍പ്പന ഇടിവ് പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം FADA പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ എടുത്തുപറഞ്ഞു.
ഓട്ടോ ഡീലര്‍മാരുടെ ഈ ന്യായമായ ആവശ്യത്തിന് കേന്ദ്രം പച്ചക്കൊടി വീശിയാല്‍ എന്‍ട്രി ലെവല്‍ ടൂവീലറുകളുടെ വില ഒരു പരിധിവരെ കുറയും. ഇന്നും ഒരു ടൂവീലര്‍ ഇല്ലാതെ സുഹൃത്തുക്കളുടെയു മറ്റും കടംവാങ്ങുകയും സൈക്കിള്‍ ഓടിക്കുകയും ചെയ്യുന്ന പല സാധാരണക്കാരന്റെയും സ്വപ്‌നം പൂവണിയിക്കാന്‍ ഇത് കാരണമാകും. വില കൂടുതലായതിനാല്‍ ജനങ്ങള്‍ പുത്തന്‍ ബൈക്ക് വാങ്ങാന്‍ വിമുഖത കാണിക്കുന്നതായി അനുഭവപ്പെട്ടതിനാലാകും ഡീലര്‍മാര്‍ കേന്ദ്രത്തെ സമീപിച്ചത്.
വില കുറഞ്ഞാല്‍ എന്തായാലും ജനങ്ങള്‍ ഷോറൂമിലേക്ക് ഒഴുകുമെന്നാണ് അവരുടെയും പ്രതീക്ഷ. വില കൂടുമ്പോള്‍ സ്വന്തമായി വാഹനമുള്ളവര്‍ പോലും അത് അപ്‌ഗ്രേഡ് ചെയ്യാന്‍ തയാറാകില്ല. അത് പല രീതിയില്‍ ബിസിനസിനെ ബാധിക്കുന്നു. അതിനാല്‍ കേന്ദ്രം ഈ വിഷയത്തില്‍ പോസിറ്റീവായ സമീപനം സ്വീകരിക്കേണ്ടത് ഡീലര്‍മാരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
അടുത്ത വര്‍ഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്തിരി ജനപ്രിയ ഇടപെടലുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലും അനുകൂലമായ നടപടി ഉണ്ടായാല്‍ കോടിക്കണക്കിനാളുകള്‍ക്കാണ് അത് കൊണ്ട് ഉപകാരം. 2047-ഓടെ 47 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലെത്താന്‍ ഇരുചക്രവാഹന മേഖലയെ പരിപോഷിപ്പിക്കുന്നത് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയാക്കി മാറ്റാനുള്ള ആഗ്രഹം നിതിന്‍ ഗഡ്കരി പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഏകദേശം 7.5 ലക്ഷം കോടി രൂപയാണ് നിലവില്‍ ഇന്ത്യന്‍ വാഹന മേഖലയുടെ മൂല്യം. 45 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ രംഗം കോടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി ഇനത്തില്‍ വരുമാനം നല്‍കുന്നത്.


Click it and Unblock the Notifications








